പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നാളെ (ഞായര്‍) പെര്‍ത്തില്‍ നടക്കാനിരിക്കെ ഇന്ത്യയെ ഏറ്റവും ഭയപ്പെടുത്തുന്നത് വെടിക്കെട്ട് ഓപ്പണറും ഇടംകൈയനുമായ ട്രാവിസ് ഹെഡാണ്. ഇന്ത്യക്കെതിരേ എപ്പോള്‍ കളിച്ചാലും കസറുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് അദ്ദേഹം. ഫോര്‍മാറ്റ് ഏതായാലും എതിരാളികള്‍ ഇന്ത്യയാണെങ്കില്‍ ഹെഡ് ആളാകെ മാറും.
2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും ഡബ്ല്യുടിസി കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലുമെല്ലാം ഇതു നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇനി ഏകദിന പരമ്പരയിലും ഇന്ത്യയുടെ ഉറക്കം കെടുത്തുക ഹെഡായിരിക്കും. എന്നാല്‍ ഏതൊരു ക്രിക്കറ്ററെയും പോലെ അദ്ദേഹത്തിനും വീക്ക്‌നെസുകളുമുണ്ട്. അതു എന്താണെന്നു നോക്കാം.

ഹെഡിനെ വീഴ്ത്താന്‍ ഈ തന്ത്രം
ഓസ്‌ട്രേലിയയെ കൊമ്പുകുത്തിച്ച് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കണമെങ്കില്‍ ട്രാവിസ് ഹെഡിനെ ഇന്ത്യ തുടക്കത്തില്‍ തന്നെ പുറത്താക്കേണ്ടത് പ്രധാനമാണ്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ മടക്കുകയെന്നത് ഏറെ ദുഷ്‌കരമായിക്കും.
പ്രധാനമായും രണ്ടു വീക്ക്‌നെസുകളാണ് ട്രാവിസ് ഹെഡിനുള്ളത്. ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്്റ്റന്‍ ശുഭ്മന്‍ ഗില്‍ മുതലാക്കാന്‍ ശ്രമിക്കേണ്ടതും അതു തന്നെയാണ്. ഷോര്‍ട്ട് പിച്ച് ബോളുകളാണ് അദ്ദേഹത്തിന്റെ ഒരു പ്രധാന വീക്ക്‌നെസ്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഹെഡിനു ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കാന്‍ ന്യൂബോള്‍ പേസ് ജോടികളായ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും ശ്രമിക്കണം.
പിച്ചും സാഹചര്യവുമെല്ലാം പേസ് ബൗളിങിനു അനുകൂലമായതിനാല്‍ തന്നെ രണ്ടു പേര്‍ക്കും ഇതു വളരെ എളുപ്പമായിരിക്കും. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പലപ്പോഴും പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ഹെഡ് വിക്കറ്റ് നഷ്ടമാക്കിയിട്ടുണ്ട്. ഇതു ഇന്ത്യക്കു സന്തോഷിക്കാനും വക നല്‍കുന്നു.
ഓസീസ് ഓപ്പണറുടെ മറ്റൊരു പ്രധാന ദൗര്‍ബല്യം പിച്ച് ചെയ്ത ശേഷം അകത്തേക്കു വരാറുള്ള ഇന്‍സ്വിങറുകളാണ്. ഇത്തരം ബോളുകള്‍ കളിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും വിഷമിക്കാറുണ്ടെന്നു കാണാം. പല തവണ ഇന്‍സ്വിങറുകളില്‍ ഹെഡ് ബൗള്‍ഡാവുകയോ, വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയോ ചെയ്തിട്ടുമുണ്ട്.
ഇന്ത്യന്‍ പേസര്‍മാരില്‍ ബോള്‍ സ്വിങ് ചെയ്യിക്കാന്‍ മിടുക്കനാണ് അര്‍ഷ്ദീപ്. ബോള്‍ അകത്തേക്കും പുറത്തേക്കു ഒരുപോലെ സ്വിങ് ചെയ്യിക്കാനും അദ്ദേഹത്തിനു സാധിക്കും. അതിനാല്‍ ഹെഡിന്റെ ഈ വീക്ക്‌നെസ് മുതലാക്കാന്‍ ഏറ്റവും യോജിച്ചയാളും അര്‍ഷ്ദീപ് തന്നെയാണ്. പവര്‍പ്ലേയില്‍ തന്നെ ഷോര്‍ട്ട് ബോളുകളും ഇന്‍സ്വിങറുകളുമെറിഞ്ഞ് ഹെഡിനു കെണിയൊരുക്കിയാല്‍ ഇന്ത്യക്കു വിക്കറ്റുറപ്പാണ്.
എന്നാല്‍ ഈ തന്ത്രങ്ങളെ അദ്ദേഹം അതിജീവിച്ചാല്‍ ഇന്ത്യക്കു മുന്നിലുള്ള അടുത്ത വഴി സ്പിന്നര്‍മാരെ നേരത്തേ കൊണ്ടുവരികയെന്നതാണ്. കാരണം സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും അറ്റാക്കിങ് ഷോട്ടുകള്‍ കളിച്ച് ഹെഡ് വിക്കറ്റ് നഷ്ടമാക്കിയിട്ടുണ്ട്. അതിനാല്‍ കുല്‍ദീപ് യാദവിനെയും അക്ഷര്‍ പട്ടേലിനെയും കൊണ്ടു വന്ന് അദ്ദേഹത്തിനു പൂട്ടിടാനും ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.

ഹെഡിന്റെ റെക്കോര്‍ഡ്
ഏകദിനത്തില്‍ ഇന്ത്യക്കെതിരേ 10 മല്‍സരങ്ങളിലാണ് ട്രാവിസ് ഹെഡ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ ആദ്യം ബാറ്റ് ചെയ്യുന്നതിനേക്കാള്‍ രണ്ടാമത് ബാറ്റെടുക്കുമ്പോഴാണ് അദ്ദേഹം കൂടുതല്‍ അപകടകാരിയായിട്ടുള്ളത്.
10 ഇന്നിങ്‌സുകളില്‍ നിന്നും 42.66 ശരാശരിയില്‍ 103.2 സ്‌ട്രൈക്ക് റേറ്റില്‍ 384 റണ്‍സാണ് ഹെഡ് സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 137 റണ്‍സുമാണ്. 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഇത്.
ആറിന്നിങ്‌സുകളിലാണ് ഹെഡ് ആദ്യം ബാറ്റ് ചെയ്തിട്ടുള്ളത്. 25.33 ശരാശരിയില്‍ 85.8 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സും നേടി. ഒരു ഫിഫ്റ്റി പോലും ഇതിലില്ല. ഉയര്‍ന്ന സ്‌കോര്‍ 42 റണ്‍സുമാണ്. പക്ഷെ റണ്‍ചേസിലാണെങ്കില്‍ അദ്ദേഹത്തെ ഇന്ത്യ ശരിക്കും പേടിക്കണം. നാലിന്നിങിസുകളില്‍ നിന്നും 118.9 സ്‌ട്രൈക്ക് റേറ്റില്‍ 77.33 എന്ന കിടിലന്‍ ശരാശരിയില്‍ 232 റണ്‍സ് ഹെഡ് വാരിക്കൂട്ടി.