മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതരേയുള്ള നാലാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയ ശേഷം കൂട്ടത്തകര്‍ച്ച നേരിട്ട് പരാജയ ഭീതിയിലാണ് ടീം ഇന്ത്യ. അവരുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 474ന് മറുപടിയില്‍ അഞ്ചു വിക്കറ്റിനു 164 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ കളി മതിയാക്കിയത്. നിലവില്‍ ഓസീസ് തന്നെയാണ് ഡ്രൈവിങ് സീറ്റിലെന്നു ഉറപ്പിച്ച് പറയാം. കാരണം അഞ്ചു വിക്കറ്റ് ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 310 റണ്‍സ് ആവശ്യമാണ്.
ഒരു സമയത്തു ഓസീസിനു ശക്തമായ വെല്ലുവിളിയുയര്‍ത്തി ഇന്ത്യന്‍ ടീം അവരുടെ ടോട്ടല്‍ മറികടക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ വെറും 7 റണ്‍സിനിടെ മുന്നു വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യ തകരുകയായിരുന്നു. രണ്ടിന് 153 റണ്‍സെന്ന മികച്ച സ്‌കോറില്‍ നിന്നാണ് ടീം അഞ്ചിനു 159ലേക്കു വീണത്. യഥാര്‍ഥത്തില്‍ എവിടെയാണ് ഇന്ത്യക്കു പിഴച്ചത്? ടീമിന്റെ ബാറ്റിങ് തകര്‍ച്ചയില്‍ ആരാണ് വില്ലനെന്നു നോക്കാം.

ജയ്‌സ്വാളിന്റെ റണ്ണൗട്ട്
മല്‍സരഗതിക്കു വിപരീതമായുള്ള ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ റണ്ണൗട്ടാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ജയ്‌സ്വാള്‍- വിരാട് കോലി ജോടി മുന്നേറവെ ഓസീസ് ടീം നിസ്സഹായരായാണ് കാണപ്പെട്ടത്. രണ്ടു വിക്കറ്റിന് 153 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ സ്‌കോട്ട് ബോളണ്ടെറിഞ്ഞ 41ാം ഓവറിലെ അവസാന ബോളില്‍ കളിയാകെ മാറി.
അഞ്ചാമത്തെ ബോളില്‍ ജയ്‌സ്വാള്‍ ബൗണ്ടറി പായിച്ചിരുന്നു. അടുത്ത ബോള്‍ അദ്ദേഹം മിഡ് ഓണിലേക്കു കളിച്ച ശേഷം റിസ്‌ക്കി സിംഗിളിനായി നോണ്‍ സ്‌ട്രൈക്കറായ കോലിയെ ക്ഷണിക്കുകയായിരുന്നു. പക്ഷെ ബോളിലേക്കു തിരിഞ്ഞുനോക്കിയ കോലി അവിടെ ഫീല്‍ഡറായ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കണ്ടതോടെ സിംഗിളിനു കൂട്ടാക്കിയില്ല.
അപ്പോഴേക്കും ജയ്‌സ്വാള്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ കോലിയുടെ അടുത്തെത്തിയിരുന്നു. ഇതു കണ്ട കമ്മിന്‍സ് വിക്കറ്റ് കീപ്പറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തു. ജയ്‌സാള്‍ നിസ്സഹായനായി നോക്കി നില്‍ക്കെ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി സ്റ്റംപിങും നടത്തിയതോടെ ജയ്‌സ്വാള്‍ നിരാശനായി ക്രീസും വിട്ടു. 118 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമടക്കം 82 റണ്‍സാണ് താരം നേടിയത്.
ബോളണ്ടിന്റെ അടുത്ത ഓവറിലെ ആദ്യ ബോളില്‍ 36 റണ്‍സെടുത്ത കോലിയും വീണു. അതുവരെ ഓഫ്സ്റ്റംപിന് പുറത്ത് തയ്യാറാക്കിയ കെണിയില്‍ അകപ്പെടാതിരുന്ന അദ്ദേഹം ഒടുവില്‍ ആ അബദ്ധം കാണിക്കുകയും ചെയ്തു.
ബാറ്റില്‍ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ ക്യാരി അനായാസം പിടികൂടുകയായിരുന്നു. ഇതോടെ രണ്ടിന് 153ല്‍ നിന്നും ഇന്ത്യ നാലിന് 154ലേക്കു വീണു. പിന്നാലെ നൈറ്റ് വാച്ച് മാനായെത്തിയ ആകാശ്ദീപിനെ ബോളണ്ടിന്റെ ബൗളിങില്‍ നതാന്‍ ലയണ്‍ പിടികൂടിയതോടെ ഇന്ത്യ അഞ്ചിനു 159ലേക്കു തകരുകയുമായിരുന്നു.

റണ്ണൗട്ടില്‍ വില്ലനാര്?
ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടില്‍ യഥാര്‍ഥ വില്ലന്‍ ആരാണെന്നതാണ് ചോദ്യം. പലരും വിരാട് കോലിയെയാണ് ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ കോലിയാണോ വില്ലന്‍? അതു തീര്‍ച്ചയായും വളരെയധികം റിസ്‌ക്കുള്ള ഒരു സിംഗിള്‍ തന്നെയായിരുന്നു. കാരണം ഫീല്‍ഡറായ പാറ്റ് കമ്മിന്‍സിലേക്കാണ് ബോള്‍ നേരെ വന്നത്. ഈ കാരണത്താലാണ് ബോളിനെ നോക്കിനിന്ന കോലി സിംഗിളിനായി ഓടാതിരുന്നത്.
എന്നാല്‍ ജയ്‌സ്വാള്‍ അവിടെ സിംഗിള്‍ നേടണമെന്ന വാശിയിലായിരുന്നു. തൊട്ടുമുമ്പത്തെ ബോളില്‍ ഫോറടിച്ചതിനാല്‍ തന്നെ അത്തരമൊരു ഘട്ടത്തില്‍ ഇങ്ങനെയൊരു സിംഗിളിന്റെ ആവശ്യമില്ലായിരുന്നു. മാത്രമല്ല കോലിയും സിംഗിളിനു ഓടിയിരുന്നതെങ്കില്‍ രണ്ടിലൊരാള്‍ റണ്ണൗട്ടായേക്കുമെന്നും ഉറപ്പായിരുന്നു.
നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കാവും ഒരുപക്ഷെ കമ്മിന്‍സിന്റെ ത്രോയും വന്നേക്കുക. വിക്കറ്റുകള്‍ക്കിടയില്‍ വളരെ വേഗത്തില്‍ ഓടുന്നയാളാണ് കോലി. അദ്ദേഹം പോലും ആ സിംഗിള്‍ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കില്‍ അതു എത്ര മാത്രം റിസ്‌കാണെന്നു ബോധ്യമായതു കൊണ്ടു തന്നെയാവും. അതിനാല്‍ തന്നെ ജയ്‌സ്വാളിന്റെ എടുത്തു ചാട്ടം തന്നെയാണ് റണ്ണൗട്ടിനു പിന്നിലെന്നു പറയാം.