അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയുടെ രണ്ടാംനിര ടീമിനെതിരേ പോലും ജയിക്കാന്‍ കഴിയാതെ നാണംകെട്ടിരിക്കുകയാണ് ടീം ഇന്ത്യ. ഏറെ നിര്‍ണായകമായ രണ്ടാമങ്കത്തില്‍ രണ്ടു വിക്കറ്റിന്റെ പരാജയമാണ് ശുഭ്മന്‍ ഗില്ലിനും സംഘത്തിനും നേരിട്ടത്. ഇന്ത്യ നല്‍കിയ 265 റണ്‍സിന്റെ വിജയക്ഷ്യം എട്ടു വിക്കറ്റിനു ഓസീസ് മറികടക്കുകയയിരുന്നു.
ഈ തോല്‍വിയോടെ മൂന്നു മല്‍സങ്ങളുടെ പരമ്പരയും ഇന്ത്യക്കു നഷ്ടമായി. പെര്‍ത്തിലെ ആദ്യ കളിയില്‍ ബാറ്റിങാണ് ഇന്ത്യയെ ചതിച്ചതെങ്കില്‍ ഇത്തവണ ഫീല്‍ഡിങും ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സിയുമാണ് ടീമിനു ക്ഷീണമായത്. അഡ്‌ലെയ്ഡില്‍ ഇന്ത്യക്കേറ്റ പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് പരിശോധിക്കാം.

ഇന്ത്യ തോറ്റതെങ്ങനെ?
അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ പരാജയത്തിന്റെ ആദ്യത്തെ കാരണം സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെ ഒരിക്കല്‍ക്കൂടി പുറത്തിരുത്തിയതാണ്. തുടരെ രണ്ടാമത്തെ കളിയിലും സ്‌പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
മറുഭാഗത്ത് ഓസ്‌ട്രേലിയക്കായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആദം സാംപ നാലു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചായെന്നു മനസ്സിലാവുമ്പോഴാണ് ഇന്ത്യ കാണിച്ച മണ്ടത്തരം വ്യക്തമാവുക. വിക്കറ്റുകളെടുക്കാന്‍ സാംപയേക്കാള്‍ മിടുക്കുണ്ടായിട്ടും കുല്‍ദീപിനെ ഇന്ത്യ ബെഞ്ചിലിരുത്തുകയായിരുന്നു.
അതിനു ശേഷം ഓസ്‌ടേലിയയുടെ റണ്‍ചേസിലും ഗില്‍ ചില മണ്ടത്തങ്ങള്‍ കാണിച്ചു. ആറു ബൗളര്‍മാരെയാണ് ഈ കളിയില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇവരില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞതാവട്ടെ വാഷിങ്ടണ്‍ സുന്ദറുമാണ്. എന്നിട്ടും അദ്ദേഹത്തെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ഗില്‍ അനുവദിച്ചില്ല.
ഏഴോവര്‍ മാത്രമാണ് വാഷിക്കു ലഭിച്ചത്. 5.3 ഇക്കോണമി റേറ്റില്‍ 37 റണ്‍സിനു രണ്ടു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 12ാം ഓവറിലാണ് വാഷിങ്ടണിനു ആദ്യമായി ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.
പക്ഷെ ഈ ഓവറിനു ശേഷം വാഷിയെ ഗില്‍ പിന്‍വലിക്കുകയാണ് ചെയ്തത്. പിന്നീട് 27ാം ഓവറിലാണ് രണ്ടാം സ്‌പെല്ലിനായി വാഷിയെ ക്യാപ്റ്റന്‍ വിളിച്ചത്. ഓവറിലെ അവസാന ബോളില്‍ അലെക്‌സ് കാരിയെ അദ്ദേഹം ബൗള്‍ഡാക്കുകയും ചെയ്തു.

കുറേക്കൂടി നേരത്തേ വാഷിയെ ഗില്‍ പരീക്ഷിച്ചിരുന്നെങ്കില്‍ ഓസീസ് ഇന്നിങ്‌സിനു മൂക്കുകയറിടാന്‍ ഇന്ത്യക്കു കഴിഞ്ഞേനെ. പക്ഷെ തല്ലുകൊള്ളിയായ നിതീഷ് കുമാര്‍ റെഡ്ഡിക്കു മൂന്നു ഓവറുകള്‍ ഇതിനിടെ ഗില്‍ നല്‍കുകയും ചെയ്തു.
എട്ട് ഇക്കോണി റേറ്റില്‍ 24 റണ്‍സാണ് താരം വാരിക്കോരി നല്‍കിയത്. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. നിതീഷിന്റെ ഓവറുകള്‍ ഓസീസിനെ കളിയില്‍ പിടിമുറുക്കാനും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തു.
ഗില്‍ കാണിച്ച മറ്റൊരു വലിയ അബദ്ധം വമ്പനടിക്കാരനായ മിച്ചെല്‍ ഓവന്‍ ക്രീസിലെത്തിയപ്പോള്‍ തന്റെ സ്‌ട്രൈക്ക് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരിലൊരാളെ കൊണ്ടുവരാന്‍ ശ്രമിക്കാതിരുന്നതാണ്. പകരം നേരിടാന്‍ കൂടുതല്‍ എളുപ്പമുള്ള ഹര്‍ഷിത് റാണയെയും അക്ഷര്‍ പട്ടേലിനെയുമാണ് ഗില്‍ പന്തെറിയിച്ചത്.
ക്യാപറ്റ്ന്‍സിയില്‍ ഗില്ലിന്റെ മണ്ടത്തരങ്ങള്‍ക്കൊപ്പം ഫീല്‍ഡിങില്‍ വരുത്തിയ പിഴവുകളും ഇന്ത്യന്‍ തോല്‍വിക്കു വഴിയൊരുക്കി. റണ്‍ചേസില്‍ 74 റണ്‍സോടെ ഓസീസിന്റെ ടോപ്‌സ്‌കോററായി മാറിയ മാത്യു ഷോര്‍ട്ടിനു രണ്ടു തവണയാണ് ഇന്ത്യ ആയുസ് നീട്ടികൊടുത്തത്.
33ലും 55ലും നില്‍ക്കവെ അദ്ദേഹത്തിന്റെ രണ്ടു സിംപിള്‍ ക്യാച്ചുകള്‍ അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും താഴെയിടുകയായിരുന്നു, ഈ ക്യാച്ചുകള്‍ ഇവര്‍ എടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ ഓസീസിനെ കീഴടക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.