മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിക്കാന്‍ പോവുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കുന്ന ടെസ്റ്റ് പോരില്‍ പിന്നീട് ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഇന്ത്യയോട് മത്സരിക്കാനെത്തും. ഇതില്‍ ഇന്ത്യയുടെ അഭിമാന പരമ്പര വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു.
ഇത്തവണയും ജയിച്ച് ഹാട്രിക് പരമ്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനെ തടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യാനാണ് ആതിഥേയരായ ഓസീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമമടക്കം നല്‍കി പദ്ധതി മെനയുകയാണ് കംഗാരുക്കള്‍. ഇപ്പോഴിതാ ഇന്ത്യ ഓസീസിനെ ഞെട്ടിക്കുന്ന വമ്പന്‍ നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇടവേളക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഹാര്‍ദിക് റെഡ് ബോള്‍ പരിശീലനം നടത്തുന്നു
2018 സെപ്തംബറിലാണ് അവസാനമായി ഹാര്‍ദിക് ടെസ്റ്റ് കളിച്ചത്. പുറം വേദനയും തുടര്‍ന്നുണ്ടായ ചികിത്സകള്‍ക്കും ശേഷം ഹാര്‍ദിക് ടെസ്റ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായെത്തിയതോടെ ഹാര്‍ദിക് ടെസ്റ്റ് കളിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുകയായിരുന്നു. നിലവില്‍ ഇന്ത്യക്ക് ടെസ്റ്റ് കളിക്കാന്‍ സാധിക്കുന്ന മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായി.
അതുകൊണ്ടുതന്നെ ഹാര്‍ദിക് ടെസ്റ്റ് കളിക്കണമെന്നാണ് ഗംഭീറിന്റെ നിലപാട്. ഇത് ശരിവെക്കുന്ന തരത്തില്‍ ഹാര്‍ദിക് ടെസ്റ്റ് കളിക്കാന്‍ റെഡ് ബോളില്‍ പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ഹാര്‍ദിക് തന്നെ റെഡ് ബോളില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഹാര്‍ദിക്കിന് ടെസ്റ്റ് കളിക്കാന്‍ വലിയ താല്‍പര്യമില്ലെങ്കിലും ഗംഭീറിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു.

ഹാര്‍ദിക് വന്നാല്‍ ഇന്ത്യക്ക് കരുത്താവും
ഹാര്‍ദിക് ടെസ്റ്റിലേക്ക് മടങ്ങിവരുന്നത് ഇന്ത്യക്ക് എല്ലാ തരത്തിലും ഗുണം ചെയ്യും. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് വിദേശത്ത് കളിച്ച് മികവ് കാട്ടിയിട്ടുള്ള ബാറ്റ്‌സ്മാനും ബൗളറുമാണ്. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടാന്‍ നടത്താന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. ഹാര്‍ദിക്കുണ്ടെങ്കില്‍ മധ്യനിരയിലെ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് കൂടുതല്‍ ശക്തമാവും. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് കൂടുതല്‍ മികച്ച ബാറ്റിങ് കരുത്ത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക് ടീമിലേക്ക് വരുന്നത് ഗുണകരമാണ്.
ഓസീസ് പിച്ച് പേസിന് അനുകൂലമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ഹാര്‍ദിക്കും ബൗളിങ് നിരയില്‍ അണിനിരക്കുന്നത് ഇന്ത്യക്ക് വലിയ ബലം നല്‍കും. ഇന്ത്യക്ക് നിലവില്‍ വിശ്വസിക്കാന്‍ കൊള്ളുന്ന മികച്ചൊരു പേസ് ഓള്‍റൗണ്ടറില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക് വരുന്നത് ഇന്ത്യക്ക് വലിയ കരുത്താവും. അവസാന രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യക്ക് ഇത്തവണ കപ്പടിക്കാന്‍ ഹാര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറുടെ സേവനം അത്യാവശ്യമാണ്.
കിവീസ് പരമ്പരയില്‍ കളിച്ചേക്കും
ഹാര്‍ദിക് പാണ്ഡ്യയെ ബംഗ്ലാദേശ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതിന് ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലൂടെയാവും ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരവ് നടത്തുകയെന്നാണ് വിവരം. ഓസീസ് പരമ്പരക്ക് മുമ്പ് ടെസ്റ്റില്‍ ഹാര്‍ദിക്കിന് താളം കണ്ടെത്തേണ്ടതായുണ്ട്. ഓസീസ് പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് പര്യടനവും ഇന്ത്യയെ കാത്തിരിക്കുന്നു.
രഞ്ജി ട്രോഫിയിലും ഹാര്‍ദിക് പാണ്ഡ്യ കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്തായാലും ഗംഭീറിന്റെ നിര്‍ബന്ധത്തിന് ഹാര്‍ദിക് വഴങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ഹാര്‍ദിക്കിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.