മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരസമ്പന്നമാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ആക്രമണോത്സകതയോടെ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഒന്നാം ടെസ്റ്റ് തോറ്റതോടെ വലിയ നാണക്കേടാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്. 36 വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുന്നത്. ഈ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാണ്.
കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ജയിച്ച ഇന്ത്യക്ക് ഇത്തവണത്തേത് അഭിമാന പോരാട്ടമാണ്. തിരിച്ചടിക്കാന്‍ ഓസ്‌ട്രേലിയയും കാത്തിരിക്കവെ ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമാവുമെന്നുറപ്പാണ്. ഇത്തവണ തീപാറും പോരാട്ടം തന്നെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇന്ത്യയെ ഒരു വലിയ പ്രശ്‌നം അലട്ടുകയാണ്. പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ് ഇന്ത്യക്ക് വലിയ തലവേദനയായി മാറിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ മടക്കിക്കൊണ്ടുവരാന്‍ ഗൗതം ഗംഭീര്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നം ചൂണ്ടിക്കാട്ടി ടെസ്റ്റ് കളിക്കാനില്ലെന്ന നിലപാടിലാണ് ഹാര്‍ദിക്. ഇതോടെ ഇന്ത്യ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ ഇന്ത്യ രണ്ട് പേസ് ഓള്‍റൗണ്ടര്‍മാരുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ്.

ശാര്‍ദ്ദുല്‍ ഠാക്കൂറിന് മുന്‍തൂക്കം
ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന സീനിയര്‍ പേസ് ഓള്‍റൗണ്ടര്‍മാരിലൊരാള്‍ ശാര്‍ദ്ദുല്‍ ഠാക്കൂറാണ്. ഇതിനോടകം ഓസ്‌ട്രേലിയയില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള താരമാണ് ശാര്‍ദ്ദുല്‍ ഠാക്കൂര്‍. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെട്ട് ഏറെ നാളുകളായി ശാര്‍ദ്ദുല്‍ പുറത്താണുള്ളത്. എന്നാല്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ 33കാരനായ ശാര്‍ദ്ദുലിന് സാധിച്ചിട്ടുണ്ട്.
വിശ്വസ്തനെന്ന് വിളിക്കാനാവില്ലെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ പല തവണ ടീമിന്റെ രക്ഷകനാവാന്‍ ശാര്‍ദ്ദുലിനായിട്ടുണ്ട്. ഗാബ ടെസ്റ്റിലടക്കം തിളങ്ങിയ ശാര്‍ദ്ദുലിനെ ആരാധകര്‍ ലോര്‍ഡ് ശാര്‍ദ്ദുലെന്ന് വിളിക്കുന്നത് ഇത്തരത്തില്‍ പ്രതീക്ഷിക്കാത്ത സമയത്ത് രക്ഷകനാവുന്നതിനാലാണ്. എന്തായാലും മറ്റ് വഴികളില്ലാത്തതിനാല്‍ ശാര്‍ദ്ദുലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. താരത്തിന്റെ പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ വിലയിരുത്തുകയാണ്.

നിതീഷ് കുമാറിന്റെ പ്രകടനം വിലയിരുത്തും
ഇന്ത്യയുടെ യുവ പേസ് ഓള്‍റൗണ്ടറാണ് നിതീഷ് കുമാര്‍ റെഡ്ഡി. ക്ലാസിക് ബാറ്റിങ്ങിലൂടെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഇതുവരെ അദ്ദേഹം അരങ്ങേറിയിട്ടില്ല. ഇന്ത്യ ടെസ്റ്റിലേക്ക് നിതീഷിനെ പരിഗണിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിതീഷ് കുമാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താരത്തിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. അതുകൊണ്ടാണ് ഇന്ത്യ എ ടീമിലേക്ക് നിതീഷിനെ പരിഗണിച്ചത്. ഇന്ത്യ എ ടീമിനൊപ്പം തിളങ്ങാനായാല്‍ സര്‍പ്രൈസായി നിതീഷിനെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കാണാനായേക്കും. ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ച അനുഭവസമ്പത്ത് നിതീഷിനില്ല. എന്നാല്‍ ഇന്ത്യന്‍ യുവതാരത്തിന് അത്ഭുതം കാട്ടാനാവുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ നിതീഷിനെ പരിഗണിക്കാനും സാധ്യത കൂടുതലാണ്.
ഓസ്‌ട്രേലിയക്കൊപ്പം സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍
ഓസ്‌ട്രേലിയ ഇത്തവണ ശക്തമായ താരനിരയോടെയാണ് എത്തുന്നത്. മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഓസീസ് ടീമിലുണ്ട്. കാമറൂണ്‍ ഗ്രീന്‍ പരിക്കിനെത്തുടര്‍ന്ന് പരമ്പരക്കുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പകരം മിച്ചല്‍ മാര്‍ഷ് ഓസീസ് ടീമിലുണ്ടാവും.
മാര്‍ക്കസ് സ്‌റ്റോയിണിസിനെപ്പോലെ മികച്ച ഓള്‍റൗണ്ടര്‍മാര്‍ പുറത്ത് നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ ആവശ്യമുണ്ട്. ഹാര്‍ദിക് കളിച്ചിരുന്നെങ്കില്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവുമായിരുന്നു. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്ന് പറയാം. എന്തായാലും ഓള്‍റൗണ്ടര്‍മാര്‍ക്ക് പരമ്പരയില്‍ നിര്‍ണ്ണായക റോളുണ്ടെന്ന് നിസംശയം പറയാം.