ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കളിക്കുക. ഇതില്‍ ഏകദിന പരമ്പരയാണ് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് കൂടുല്‍ സ്‌പെഷ്യലെന്നു പറയാം.
കാരണം മാസങ്ങള്‍ നീണ്ട ഗ്യാപ്പിനു ശേഷം ഇതിഹാസ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ഈ പരമ്പരയിലൂടെ ദേശീയ ടീമില്‍ തിരിച്ചെത്തുകയാണ്. ഫെബ്രുവരിയില്‍ സമാപിച്ച ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് 'രോക്കോ' അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്.
ഓസീസുമായുള്ള പരമ്പരയില്‍ വലിയ റണ്‍നേട്ട നടത്തി തിരിച്ചുവരവ് ഗംഭീരമാക്കുകയാവും രോഹിത്തിന്റെയും കോലിയുടെയും ലക്ഷ്യം. ഇപ്പോഴിതാ രണ്ടു പേര്‍ക്കും ഏറെ സന്തോഷിക്കാന്‍ വക നര്‍കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇതു എന്താണെന്നു നോക്കാം.

സൂപ്പര്‍ താരമില്ല
ഇന്ത്യയുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിന്‍സ് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പരിക്കു കാരണമാണ് അദ്ദേഹം ഇന്ത്യക്കെതിരേയുള്ള പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
ഈ വര്‍ഷമവസാനത്തോടെ ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പര വരെയുള്ള മുഴുവന്‍ മല്‍സരങ്ങളും കമ്മിന്‍സിനു നഷ്ടമാവുമെന്നാണ് വിവരം.
പുറംഭാഗത്തിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ക്രിക്കറ്റില്‍ നിന്നും അദ്ദേത്തിനു ദീര്‍ഘകാലത്തേക്കു ബ്രേക്ക് എടുക്കേണ്ടതായി വന്നിരിക്കുന്നത്. ഇന്ത്യയുമായുള്ള ഏകദിന, ടി20 പരമ്പരകള്‍ മാത്രമ, ന്യൂസിലാന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരകളിലും കമ്മിന്‍സിനു കളിക്കാന്‍ കഴിയില്ല.
ഇന്ത്യക്കു സന്തോഷിക്കാം
ഏകദിന, ടി20 പരമ്പരകളില്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവം രോഹിത് ശര്‍മ., വിരാട് കോലി എന്നിവര്‍ക്കു മാത്രമല്ല, ഇന്ത്യന്‍ ടീമിനാകെ സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. കാരണം കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാനും വിക്കറ്റുകളെടുക്കാനും ശേഷിയുള്ള അസാധാരണ ബൗളറാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കമ്മിന്‍സില്ലെങ്കില്‍ അതു തീര്‍ച്ചയായും ഓസീസ് ബൗളിങ് ആക്രമണത്തിന്റെയും മൂര്‍ച്ച കുറയ്ക്കുമെന്നതില്‍ സംശയമില്ല.

രോരഹിത്തിനും കോലിക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബൗളറാണ് കമ്മിന്‍സ്. രണ്ടു പേര്‍ക്കുമെതിരേ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി 19 തവണ രോക്കോയെ പുറത്താക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
കമ്മിന്‍സില്ലാത്ത ഓസീസ് ബൗളിങ് ആക്രമണത്തിനെതിരേ രോഹിത്തും കോലിയും വലിയ സ്‌കോറുകള്‍ കുറിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബര്‍ 19നാണ് ഇന്ത്യ- ഓസീസ് ഏകദിന പരന്വരയ്ക്കു തുടക്കമാവുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 23, 25 തിയ്യതികളിലുമാണ്.
അതേസമയം, നവംബര്‍ അവസാനത്തോടെയാണ് ആഷസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് നവംബര്‍ 21 മുതല്‍ പെര്‍ത്തിലാണ്. ഈ ടെസ്റ്റില്‍ കമ്മിന്‍സിനു കളിക്കാനാവുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2025ല്‍ അദ്ദേഹം കുറച്ചു മാത്രമേ ബൗള്‍ ചെയ്തിട്ടുള്ളൂവെന്നു കാണാം.
വിവിധ ഫോര്‍മാറ്റുകളിലായി ഇതിനകം 175.1 ഓവറുകളാണ് കമ്മിന്‍സ് ഈ വര്‍ഷം ബൗള്‍ ചെയ്തത്. ഇതില്‍ 95.1 ഓവറുകള്‍ ഈ വര്‍ഷമാദ്യം സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള നാലു ടെസ്റ്റുകളിലുമാണ്.
കഴിഞ്ഞ മൂന്നു കലണ്ടര്‍ വര്‍ഷങ്ങളെടുത്താല്‍ എല്ലാ തവണയും 400നു മുകളില്‍ ഓവറുകള്‍ കമ്മിന്‍സ് എറിഞ്ഞിരുന്നു. പക്ഷെ ഇത്തവണ എട്ടു മാസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അതിന്റെ പകുതി പോലും അദ്ദേഹം ബൗള്‍ ചെയ്തിട്ടില്ല.