പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ മഴനിയമ പ്രകാരം ഏഴു വിക്കറ്റിന്റെ കനത്ത പരജയമാണ് ശുഭ്മന്‍ ഗില്ലിനും നേരിട്ടത്. ഈ മല്‍സരത്തില്‍ ഇന്ത്യ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
ബാറ്റിങിലും ബൗളിങിലുമെല്ലാം ഓസീസിന്റെ സമ്പൂര്‍ണ ആധിപത്യമാണ് ണ്ടത്. പാറ്റ് കമ്മിന്‍സടക്കം പല മുന്‍നിര താരങ്ങളുമില്ലാതിരുന്നിട്ടും ഓസീസിനു മേല്‍ ഇന്ത്യക്കു വിജയം കൊയ്യാനായില്ലെന്നതു നിരാശാജനകമാണ്. ഈ പരാജയം തീര്‍ച്ചയായും ഇന്ത്യയുടെ കണ്ണു തുറപ്പിക്കുന്നത്.

മുന്‍ പരമ്പരകളിലേതു പോലെ അത്ര എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന് പ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് കംഗാരുപ്പട നല്‍കിയിരിക്കുന്നത്. യാതൊരു ക്ലൂയുമില്ലാത്ത ക്യാപ്റ്റനായാണ് ഗില്‍ ഈ കളിയില്‍ കാണപ്പെട്ടത്. ഒപ്പം കോച്ച് ഗൗതം ഗംഭീറിന്റെ ചില മണ്ടന്‍ തീരുമാനങ്ങളും ടീമിനു തിരിച്ചടിയായി. കളിയില്‍ ഇന്ത്യയുടെ പരാജയ കാരണങ്ങളറിയാം.
അര്‍ഹിച്ച തോല്‍വി, ഈ കാരണങ്ങള്‍
ഇന്ത്യന്‍ ടീം സെലക്ഷനില്‍ തന്നെ ഇന്ത്യ വലിയ മണ്ടത്തം കാണിച്ചിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ തഴഞ്ഞിരുന്നു.
ഏഷ്യാ കപ്പ്, അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര എന്നിവയിലും വമ്പന്‍ വിക്കറ്റ് വേട്ട നടത്തിയിട്ടും ഓസീസിനെതിരേ അദ്ദേഹത്തെ കോച്ച് ഗംതം ഗംഭീര്‍ ബെഞ്ചില്‍ ഇരുത്തുകയായിരുന്നു,
ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലും ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. പകരം സ്പിന്‍ ബൗളങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍. വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലാണ് കോച്ച് വിശ്വാസമര്‍പ്പിച്ചത്. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനു വേണ്ടിയായിരുന്നു ഗംഭീറിന്റെ ഈ നീക്കം.
ടീം സെലക്ഷനില്‍ ഗംഭീര്‍ കാണിച്ച രണ്ടാമത്തെ അബദ്ധം ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയില്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിച്ചതാണ്. ദേശീയ ടീമിനു വേണ്ടി ഇതു വരെ കാര്യമായി ഒന്നും ചെയ്യാതിരുന്നിട്ടും അദ്ദേഹത്തിനു കോച്ച് വീണ്ടുമൊരു ചാന്‍സ് നല്‍കുകയായിരുന്നു.

പതിവുപോലെ ഹര്‍ഷിത് ഈ കളിയിലും യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല. നാലോവറില്‍ 6.8 ഇക്കോണമി റേറ്റില്‍ 27 റണ്‍സാണ് താരം വാരിക്കോരി നല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ബാറ്റിങിലാവട്ടെ നേടിയത് ഒരു റ്ണ്‍സ് മാത്രം.
ഗംഭീര്‍ ഈ മല്‍സരത്തില്‍ കാണിച്ച മറ്റൊരു വലിയ മണ്ടത്തരം നിതീഷ് കുമാര്‍ റെഡ്ഡയിയേക്കാള്‍ നേരത്തേ വാഷിങ്ടണ്‍ സുന്ദറിനെ ക്രീസിലേക്കു അയച്ചതാണ്. എട്ടാ നമ്പറിലാണ് നിതീഷ് ബാറ്റ് ചെയ്യാനെത്തിയത്. 11 ബോളില്‍ രണ്ടു സിക്‌സറടക്കം പുറത്താവാതെ 19 റണ്‍സും നേടി.
വാഷിങ്ടണിനെ അപേക്ഷിച്ച് കുറേക്കൂടി അഗ്രസീവായ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന ബാറ്ററുമാണ് അദ്ദേഹം. വാഷിങ്ടണ്‍ 10 ബോളില്‍ 10 റണ്‍സ് മാത്രമാണ് നേടിയത്. അദ്ദേഹത്തിനു പകരം നിതീഷ് ക്രീസിലേക്കു വന്നിരുന്നെങ്കില്‍ കുറക്കൂടി മികച്ച ടോട്ടല്‍ നേടാന്‍ ഇന്ത്യക്കു സാധിച്ചേനെ.