ആറു മാസത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷം ടീം ഇന്ത്യ വീണ്ടുമൊരു ഏകദിന പരമ്പര കളിക്കാനൊരുങ്ങുകയാണ്. മാര്‍ച്ചില്‍െ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയക്കെതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഞായറാഴ്ച പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ആദ്യ അങ്കത്തില്‍ ഇന്ത്യയിറങ്ങുക. ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം പരമ്പരയില്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ടായി മാറും. മൂന്നു മല്‍സരങ്ങളുടെ ഈ പരമ്പരയില്‍ ആരാവും ഏറ്റവുമധികം റണ്‍സടിക്കുക? ഇതിനു സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും മധ്യനിരയിലെ മിന്നും താരവുമായ ശ്രേയസ് അയ്യരാണ് ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സടിക്കാന്‍ സാധ്യതയുള്ള ഒരാള്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ദേശീയ ടീമിലേക്കു അദ്ദേഹം മടങ്ങിയെത്തുന്ന പരമ്പര കൂടിയാണിത്. ഈ വര്‍ഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീര ഫോമിലാണ് ശ്രേയസ്.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 48.60 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 243 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്.
ഇതിനു ശേഷം ഐപിഎല്ലില്‍ പുതിയ ടീമായ പഞ്ചാബ് കിങ്‌സിനൊപ്പം ചേര്‍ന്ന അദ്ദേഹംഅവിടെയും റണ്‍വേട്ട നടത്തി. 17 മല്‍സരങ്ങളില്‍ നിന്നും 50.33 ശരാശരിയില്‍ ശ്രേയസ് വാരിക്കൂട്ടിയത് 604 റണ്‍സാണ്. ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
കൂടാതെ ഓസ്‌ട്രേലിയ എയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായും ശ്രേയസ് മിന്നിച്ചു. മൂന്നു കളിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 180 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. അതിനു ശേഷമാണ് ഇപ്പോള്‍ ശ്രേയസ് ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്.
മിച്ചെല്‍ മാര്‍ഷ്
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ മിച്ചെല്‍ മാര്‍ഷാണ് ടോപ്‌സ്‌കോററായേക്കാവുന്ന രണ്ടാമത്തെയാള്‍. പരിക്കു കാരണം പാറ്റ് കമ്മിന്‍സുള്‍പ്പെടെ പലരും ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരായ പരമ്പര ജയിക്കുക മാര്‍ഷിന് കടുപ്പം തന്നെയായിരിക്കും.
സൗത്താഫ്രിക്കയുമായി അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ മൂന്നു കളിയില്‍ 68.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 206 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. ഈ മാസമാദ്യം ഓസീസ് ടീം ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇതിലും ടോപ്‌സ്‌കോറര്‍ മാര്‍ഷാണ്. 191 സ്‌ട്രൈക്ക് റേറ്റില്‍ 197 റണ്‍സ് അദ്ദേഹം നേടി.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പവും മാര്‍ഷ് റണ്‍മഴ പെയ്യിച്ചു. 13 കളിയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 627 റണ്‍സാണ്. ഒരു സെഞ്ച്വറിയു ആറു ഫിഫ്റ്റികളുമുള്‍പ്പെടും. മാര്‍ഷിന്റെ കരിയര്‍ ബെസ്റ്റ് സീസണും കൂടിയായിരുന്നു ഇത്തവണത്തേത്.

ശുഭ്മന്‍ ഗില്‍
ഇന്ത്യയുടെ പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലാണ് ഏകദിന പരമ്പരയില്‍ ടോപ്‌സ്‌കോററായേക്കാവുന്ന മൂന്നാമത്തെ താരം. ഈ വര്‍ഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ഇംഗ്ലണ്ട് പര്യടനത്തില്‍ വമ്പന്‍ റണ്‍വേട്ടയാണ് അദ്ദേഹം നടത്തിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നാലു സെഞ്ച്വറികളടക്കം 754 റണ്‍സ് ഗില്‍ വാരിക്കൂട്ടി.
ഇതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുളള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ഗില്‍ മോശമാക്കിയില്ല. മൂന്നിങ്‌സുകളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുടമടക്കം 192 റണ്‍സ് അദ്ദേഹം നേടി. ഇനി ഏകദിന പരമ്പരയിലും ക്യാപ്റ്റനായ ശേഷമുള്ള ഫോം ആവര്‍ത്തിക്കാനായിരിക്കും ഗില്ലിന്റെ ശ്രമം.
ഈ വര്‍ഷം ഏകദിനത്തില്‍ അദ്ദേഹം കളിച്ചത് എട്ടു മല്‍സങ്ങളാണ്. ഇതില്‍ നിന്നും 63.85 ശരാശരിയില്‍ 447 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കാനും ഗില്ലിനു കഴിഞ്ഞു.