ഓസ്‌ട്രേലിയയുമായുള്ള ഒന്നാം ഏകദിനത്തിലൂടെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലും റുതുരാജ് ഗെയ്ക്വാദും. ആദ്യമായി ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെ ഒരു അവിശ്വസനീയ മുഹൂര്‍ത്തം കൂടി കാണികള്‍ക്കു സമ്മാനിച്ചു. ക്രിക്കറ്റില്‍ രണ്ടും മൂന്നുമെല്ലാം റണ്‍സ് ബാറ്റര്‍മാര്‍ ഓടി പൂര്‍ത്തിയാക്കുന്നത് നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്.
എന്നാല്‍ ഈ കളിയില്‍ ഗില്‍- റുതുരാജ് സഖ്യം ബൗണ്ടറിയടിക്കാതെ തന്നെ നാലു റണ്‍സ് ഓടിയെടുത്താണ് എല്ലാവരെയും അമ്പരപ്പിച്ചത്. റണ്‍ ചേസില്‍ ഇന്ത്യയുടെ ഒമ്പതാം ഓവറിലെ ആദ്യ ബോളിലായിരുന്നു സംഭവം. കാമറൂണ്‍ ഗ്രീനായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. മിഡില്‍ സ്റ്റംപ് ലക്ഷ്യമിട്ട് ഒരു ലെങ്ത് ബോളായിരുന്നു ഗ്രീന്‍ പരീക്ഷിച്ചത്. സ്‌ട്രൈക്ക് നേരിട്ടത് ഗില്ലുമായിരുന്നു. മികച്ച രീതിയില്‍ ഗില്‍ അതു മിഡ് ഓഫിലേക്കു പായിച്ചു.

ഈ ഏരിയയില്‍ അപ്പോള്‍ ഫീല്‍ഡര്‍മാരില്ലായിരുന്നു. ഏറെ ദൂരെ നിന്നും ഓടിയെത്തിയ ഓസീസ് സ്പിന്നര്‍ ആദം സാംപ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ നിന്നും ഈ ബോള്‍ ഒരു കൈ കൊണ്ട് രക്ഷപ്പെടുത്തിയെങ്കിലും ഇതിനിടെ അതിവേഗം ഗില്ലും റുതുരാജും നാലു റണ്‍സ് ഓടി പൂര്‍ത്തിയാക്കിയിരുന്നു.
പക്ഷെ ബോള്‍ ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിരുന്നോയെന്നു ഫീല്‍ഡ് അംപയര്‍മാര്‍ക്കു സംശയം തോന്നിയതോടെ അവര്‍ തേര്‍ഡ് അംപയര്‍ക്കു തീരുമാനം വിട്ടു. റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അംപയര്‍ ബോള്‍ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടില്ലെന്നു കണ്ടെത്തുകയും അതു ബൗണ്ടറിയല്ലെന്നു വിധിക്കുകയും ചെയ്തു.
പക്ഷെ അംപയറുടെ തീരുമാനം ഓസ്‌ട്രേലിയക്കു ഒട്ടും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതായിരുന്നില്ല. കാരണം ബൗണ്ടറി അടിക്കാതെ തന്നെ ഗില്ലും റുതുരാജും മിന്നല്‍ വേഗത്തില്‍ നാലു റണ്‍സ് ഓടിയെടുത്തിരുന്നു. സാംപയുടെ മികച്ചൊരു ഫീല്‍ഡിങ് ശ്രമവും ഇതോടെ വിഫലമായി,
ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം നേരത്തേ ഇരുവരും ചില മല്‍സരങ്ങളില്‍ ഓപ്പണ്‍ ചെയ്യുകയും മികച്ച കൂട്ടുകെട്ടുകളുണ്ടാക്കുകയും ചെയതിട്ടുണ്ട്.
മാത്രമല്ല ഓപ്പണറായപ്പോഴാണ് ഇഷാന്‍ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളും കളിച്ചിട്ടുള്ളത്. എന്നാല്‍ താരത്തെ അഞ്ചാം നമ്പറില്‍ തന്നെ ഈ കളിയിലും നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇഷാനു പകരം റുതുരാജിനെ ഓപ്പണിങിലേക്കു കൊണ്ടു വരികയും ചെയ്തു.
277 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ജയത്തിനു മികച്ച അടിത്തറയിട്ടത് ഗില്‍-റുതുരാജ് സഖ്യമായിരുന്നു. 142 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 21.4 ഓവറുകളിലായിരുന്നു ഇത്. ഗില്‍ തുടക്കം മുതല്‍ മികച്ച ഷോട്ടുകളിലൂടെ അതിവേഗം സ്‌കോര്‍ ചെയ്തപ്പോള്‍ പതിയെ തുടങ്ങിയ റുതുരാജ് പിന്നീട് ടോപ്പ് ഗിയറിലേക്കു കയറുകയായിരുന്നു.

തകര്‍പ്പന്‍ ഷോട്ടുകള്‍ പായിച്ച് ഇരുവരും ഓസീസ് ബൗളിങ് നിരയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇതിനിടെ രണ്ടു പേരും ഫിഫ്റ്റികളും പൂര്‍ത്തിയാക്കിയിരുന്നു. സെഞ്ച്വറികളുമായി ഈ സഖ്യം ഇന്ത്യയെ ഏകപക്ഷീയ വിജയത്തിലേക്കു നയിക്കുമെന്നിരിക്കെയാണ് റുതുരാജിനെ പുറത്താക്കി സാംപ ഇന്ത്യയുടെ കുതിപ്പിനു കടിഞ്ഞാണിട്ടത്.
സ്വീപ്പ് ഷോട്ടിനു ശ്രമിച്ച റുതുരാജിനെ സാംപ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 77 ബോളില്‍ 10 ഫോറുകളടക്കം 71 റണ്‍സാണ് താരം നേടിയത്. വൈകാതെ തന്നെ ഗില്‍ 74 റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു. ഈ വിക്കറ്റും സാംപയ്ക്കായിരുന്നു. 63 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടക്കം 74 റണ്‍സെടുത്ത ഗില്ലിനെ സാംപ ബൗള്‍ഡാക്കി.