IND vs AUS: ഒന്നാം ടെസ്റ്റില്‍ രോഹിത്തില്ല! പകരമാര്? പദ്ധതി വെളിപ്പെടുത്തി ഗൗതം ഗംഭീര്‍
മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാക്കുള്ള മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് വരാനിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളിലെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് വരാനിരിക്കുന്ന ഓസീസ് പരമ്പരയെ കാണുന്നത്.
കഴിഞ്ഞ രണ്ട് തവണയും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുന്ന പരമ്പരയും എന്ത് വിലകൊടുത്തും ഇന്ത്യക്ക് അലമാരയിലെത്തിക്കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ന്യൂസീലന്‍ഡിനോട് നാട്ടില്‍ മൂന്ന് മത്സരങ്ങള്‍ തോറ്റ ക്ഷീണത്തിലാണ് ഇന്ത്യ വരുന്നത്. ഇക്കാരണത്താല്‍ത്തന്നെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടുകയെന്നത് വളരെ കടുപ്പമാണെന്ന് തന്നെ പറയാം.
ഒന്നാം ടെസ്റ്റ് കളിക്കാന്‍ നായകന്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇക്കാര്യം പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ ആരാവും ഓപ്പണറാവുക, ടീമിനെ ആരാവും നയിക്കുകയെന്നതും ഗംഭീര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
കെ എല്‍ രാഹുലിനെ പരിഗണിക്കുന്നു
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യ നായകനായി ജസ്പ്രീത് ബുംറയെയാവും ഇറക്കുകയെന്നുറപ്പാണ്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബുംറയാണ്. ഓപ്പണറായി അഭിമന്യു ഈശ്വരനേയും കെ എല്‍ രാഹുലിനേയും പരിഗണിക്കുന്നുണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്. 'രോഹിത് ശര്‍മ കളിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാറായിട്ടില്ല. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലല്ല പ്രശ്‌നം. എല്ലാ പരമ്പരകളും വളരെ പ്രധാനപ്പെട്ടതാണ്. മുമ്പ് കഴിഞ്ഞ കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല.
ഈ സമയത്ത് പോയി മികവ് കാട്ടുകയെന്നതിലാണ് കാര്യം. രോഹിത്തില്ലെങ്കില്‍ ഈശ്വരനേയും രാഹുലിനേയുമാണ് പരിഗണിക്കുക. മത്സരത്തിനോടനുബന്ധിച്ചാവും ആരാണ് പ്ലേയിങ് 11 വേണ്ടതെന്ന് തീരുമാനിക്കുക' ഗംഭീര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. രോഹിത് ശര്‍മക്ക് പകരം കെ എല്‍ രാഹുലിനെ ഇന്ത്യ ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കുമെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. മുന്‍ ഓപ്പണറായ രാഹുല്‍ നിലവില്‍ മധ്യനിരയിലാണ് കളിക്കുന്നത്.
അഭിമന്യു ഈശ്വരന്‍ ഓസ്‌ട്രേലിയയില്‍ അനുഭവസമ്പത്തില്ലാത്ത താരമാണ്. ഇന്ത്യ എ ടീമിനൊപ്പം ഓസീസില്‍ താരം പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ രാഹുലിനെ വീണ്ടും ഓപ്പണര്‍ റോളിലേക്ക് കൊണ്ടുവരാനാണ് കൂടുതല്‍ സാധ്യതയെന്ന് തന്നെ വിലയിരുത്താം.

കോലിയുടേയും രോഹിത്തിന്റേയും ഫോമില്‍ ആശങ്കയില്ല
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് പരമ്പര നേടാന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇവരുടെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ സീനിയര്‍ താരങ്ങളുടെ മോശം ഫോം തലവേദനയാണോ എന്നതിനോടും ഗംഭീര്‍ പ്രതികരിച്ചു. 'രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ഫോം എന്റെ പ്രശ്‌നമല്ല. ഡ്രസിങ് റൂമിലെ ആവരുടെ ആവേശവും പോരാട്ട മനോഭാവവും വളരെ വലുതാണ്.
ഇതാണ് ഞാന്‍ നോക്കുന്നത്. രോഹിത്തിന്റെ അഭാവമുണ്ടായാല്‍ ജസ്പ്രീത് ബുംറയാവും ഇന്ത്യയെ നയിക്കുക. നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്ന് വരുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ദ്രുവ് ജുറേല്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം വലിയ ഭാവിയുള്ളവരാണ്. ന്യൂസീലന്‍ഡിനോട് പരമ്പര തോറ്റതില്‍ നിന്ന് തിരിച്ചുവരാന്‍ ഞങ്ങള്‍ക്കാവും. കാരണം ഞങ്ങള്‍ പ്രൊഫഷനലായി കളിക്കുന്നവരാണ്' ഗംഭീര്‍ പറഞ്ഞു.
ഇത്തവണ ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദം
അവസാന രണ്ട് തവണയും ഇന്ത്യ കംഗാരുക്കളെ ഞെട്ടിച്ച് പരമ്പര നേടി. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണം. കഴിഞ്ഞ പര്യടനങ്ങളില്‍ ഇന്ത്യയുടെ ഹീറോയായ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അഭാവം ടീമിലുണ്ട്. പരിക്കേറ്റ മുഹമ്മദ് ഷമിയും ഇത്തവണയില്ല. ഇതെല്ലാം ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് കൂടുതല്‍ സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications