ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി പുരോഗമിക്കവെ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുകയാണ്. ബാറ്റിങ് നിരയില്‍ കെ എല്‍ രാഹുലിന്റേയും ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയുടേയും പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം ഫ്‌ളോപ്പാണ്. പെര്‍ത്തില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യക്ക് അഡ്‌ലെയില്‍ 10 വിക്കറ്റിന്റെ തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഗാബയില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനം നിരാശപ്പെടുത്തുമ്പോള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ രോഹിത് ശര്‍മക്കുമെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ഇന്ത്യയുടെ പരിശീലക സംഘത്തില്‍ വലിയ മാറ്റത്തിനായുള്ള മുറവിളി ശക്തമാവുകയാണ്. ഇന്ത്യയുടെ മോശം പ്രകടനത്തില്‍ ബിസിസി ഐക്കും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് ശേഷം ടെസ്റ്റ് പരിശീലകരുടെ സ്ഥാനത്ത് പൊളിച്ചെഴുത്ത് ഉണ്ടായേക്കും. ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
മുഖ്യ പരിശീലകനായി ഗാംഗുലി
രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും വളര്‍ത്തിയ ഇന്ത്യയുടെ ടെസ്റ്റ് ടീം ഗൗതം ഗംഭീറിന് കീഴില്‍ നിരാശപ്പെടുത്തുകയാണ്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഓസ്‌ട്രേലിയയിലും പതറുന്ന സാഹചര്യത്തില്‍ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ഗംഭീറിനെ മാറ്റാന്‍ സാധ്യത കൂടുതലായിരിക്കുകയാണ്. മുഖ്യ പരിശീലകനായി ഇന്ത്യ സൗരവ് ഗാംഗുലിയെ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലി ഇതിനോടകം ഐപിഎല്ലില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞിടെ ഇന്ത്യയുടെ പരിശീലകനാവാനുള്ള താല്‍പര്യം ഗാംഗുലി തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഗാംഗുലിയെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയെ മികച്ച നിലയിലേക്ക് കൊണ്ടുവരാന്‍ കഴിവുള്ളയാളാണ് ഗാംഗുലി. നായകനായി ഇന്ത്യയെ ഉയര്‍ത്തി ഗാംഗുലിക്ക് പരിശീലകനെന്ന നിലയിലും ഇന്ത്യക്ക് കരുത്ത് പകരാന്‍ സാധിക്കുമെന്ന് കരുതാം.

സച്ചിന്‍ ബാറ്റിങ് കോച്ച്
ഇന്ത്യയുടെ ഇതിഹാസ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ ഭാഗമായി എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വിരമിച്ച ശേഷം പരിശീലക റോളിലേക്ക് സച്ചിന്‍ ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ ബിസിസി ഐ അഭ്യര്‍ത്ഥിച്ചാല്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി സച്ചിനെ കൊണ്ടുവരാന്‍ സാധിക്കും.
സച്ചിനെപ്പോലെ കളിച്ച മൈതാനങ്ങളിലെല്ലാം അത്ഭുതം സൃഷ്ടിച്ച ബാറ്റ്‌സ്മാനെ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ഇന്ത്യ സച്ചിനെ ബാറ്റിങ് പരിശീലക റോളിലേക്ക് കൊണ്ടുവരേണ്ടതാണ്. ഇന്ത്യക്കിത് ഗുണകരമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ലക്ഷ്മണ്‍ ഉപദേഷ്ടാവ്
നിലവില്‍ ഇന്ത്യയുടെ ക്രിക്കറ്റ് അക്കാദമി തലവനാണ് വിവിഎസ് ലക്ഷ്മണ്‍. ടെസ്റ്റില്‍ അവിസ്മരണീയമായ റെക്കോഡുകള്‍ നേടിയെടുക്കാന്‍ ലക്ഷ്മണിന് സാധിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിന് ശേഷം ലക്ഷ്മണെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ ലക്ഷ്മണെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരേണ്ട സമയമായെന്ന് പറയാം. മികച്ച സാങ്കേതികതയുള്ള ബാറ്റ്‌സ്മാനായിരുന്നു ലക്ഷ്മണ്‍. ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്മണ് സാധിച്ചേക്കും.
ബൗളിങ് നിരയിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോമും നിരാശപ്പെടുത്തുന്നതാണ്. ബുംറക്ക് മികച്ച പിന്തുണ നല്‍കാന്‍ പല താരങ്ങള്‍ക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ബൗളിങ് പരിശീലകനായി ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍ എന്നിവരിലൊരാളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ടീമിന് ഗുണകരമായി മാറിയേക്കും. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്താത്ത പക്ഷം വരുന്ന പരമ്പരകളിലും വലിയ നാണക്കേട് ടീം നേരിടേണ്ടി വരുമെന്ന് നിസംശയം പറയാം.