ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ബൗളര്‍മാരുടെ മാജിക്കല്‍ പ്രകടനം തുടരുകയാണ്. ടീമിനെ സംബന്ധിച്ച് ബൗളിങ് നിര കൃത്യമായ സമയത്തു തന്നെ തന്നെ മികവിലേക്കുയര്‍ന്നത് ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമുയര്‍ത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ ഏകദിനത്തില്‍ ഫൈറുമായി പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.
ഇതോടെ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രവും കുറച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഇതാദ്യമായിട്ടാണ് ഏകദിനത്തില്‍ ഇന്ത്യയുടെ മൂന്നു ബൗളര്‍മാര്‍ ഒരേ മാസം അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിരിക്കുന്നത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ രണ്ടു പേര്‍ക്കു ഫൈറുകളുണ്ടായിരുന്നു. ഒരാള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നെങ്കില്‍ മറ്റൊരാള്‍ പേസര്‍ മുഹമ്മദ് സിറാജുമായിരുന്നു.

കുല്‍ദീപാണ് ഈ മാസം ഫൈഫര്‍ വേട്ടയ്ക്കു തിരികൊളുത്തിയത്. ചിരവൈരികളായ പാകിസ്താനെതിരേ കൊളംബോയില്‍ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലായിരുന്നു സ്പിന്നറുടെ അഞ്ചു വിക്കറ്റ് നേട്ടം. ഇന്ത്യ 228 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം കൊയ്ത മല്‍സരത്തില്‍ എട്ടോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപ് അഞ്ചു പേരെ പുറത്താക്കിയത്. ഫഖര്‍ സമാന്‍, ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവരായിരുന്നു കുല്‍ദീപിന്റെ ഇരകള്‍.
അതിനു ശേഷം ഏഷ്യാ കപ്പിന്റെ ഫൈനലില്‍ സിറാജിന്റെ ഊഴമായിരുന്നു. തീപ്പൊരി ബൗളിങിലൂടെ അദ്ദേഹം ആതിഥേയരും കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരുമായ ശ്രീലങ്കയെ നാണംകെടുത്തി. ആറു വിക്കറ്റുകളാണ് കളിയില്‍ സിറാജ് കൊയ്തത്.
ഏഴോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 21 റണ്‍സിനു അദ്ദേഹം ആറു പേരെ പുറത്താക്കുകയായിരുന്നു. ഒരോവറിലെ നാലു വിക്കറ്റ് നേട്ടമടക്കമായിരുന്നു ഇത്. ലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിനു ഓള്‍ഔട്ടായ കളിയില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയവും സ്വന്തമാക്കിയിരുന്നു.
അതേസമയം, ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 51 റണ്‍സിനാണ് ഷമി കരിയറിലെ രണ്ടാമത്തെ ഫൈഫര്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണ് ഈ മല്‍സരത്തിലേത്. മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു ഷോര്‍ട്ട്, ഷോണ്‍ ആബട്ട് എന്നിവരെയാണ് ഷമി പുറത്താക്കിയത്.

ഇതോടെ ചില നാഴികക്കല്ലുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ഒരു ഏകദിനത്തില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായി ഷമി മാറിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച ഇന്ത്യയുടെ മൂന്നാമത്തെ മാത്രം ഫാസ്റ്റ് ബൗളറാണ് അദ്ദേഹം.
നേരത്തേ 1983ല്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവ്, മറ്റൊരു മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ മാത്രമേ നേരത്തേ ഈ നേട്ടത്തിന് അവകാശികളായിട്ടുള്ളൂ. ഇതു മാത്രമല്ല ഏകദിനത്തില്‍ ഓസ്‌ട്രേിയക്കെതിരേ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത രണ്ടാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി.
നേരത്തേ രണ്ടാമതുണ്ടായിരുന്ന അജിത് അഗാര്‍ക്കറിനെ അദ്ദേഹം മറികടക്കുകയായിരുന്നു. 37 വിക്കറ്റുകളാണ് ഇപ്പോള്‍ ഷമിയുടെ സമ്പാദ്യം. അഗാര്‍ക്കര്‍ നേടിയത് 36 വിക്കറ്റുകളുമാണ്. കപില്‍ ദേവാണ് ഈ ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. 45 വിക്കറ്റുകളാണ് അദ്ദേഹം ഓസീസിനെതിരേ നേടിയിരിക്കുന്നത്.