കാന്‍ബെറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം മഴയെടുത്തു. കളിയില്‍ ഇന്ത്യ ആധിപത്യം സ്ഥാപിക്കവെയാണ് വില്ലനായി മഴയെത്തുന്നത്. ഇതോടെ മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ അടുത്ത കളി വെള്ളിയാഴ്ച മെല്‍ബണിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റിനു 97 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോളാണ് കളിയില്‍ രണ്ടാമതും മഴയെത്തുന്നത്. നേരത്തേ ആദ്യ ഒരു തവണ മഴ കാരണം കളി നിര്‍ത്തി വയ്‌ക്കേണ്ടി വന്നപ്പോള്‍ മല്‍സരം 18 ഓവര്‍ വീതമായും വെട്ടിക്കുറിച്ചിരുന്നു. കളി പുനരാരംഭിച്ച ശേഷം ഇന്ത്യ പിടിമുറുക്കവെയാണ് വീണ്ടും മഴയെത്തുന്നത്. പിന്നീട് കളി പുനരാരംഭിക്കാനുമായില്ല.

39 റണ്‍സുമായി നായകന്‍ സൂര്യകുമാര്‍ യാദവും 37 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു കളി തടസ്സപ്പെടുമ്പോള്‍ ക്രീസില്‍. അപരാജിതമായ രണ്ടാം വിക്കറ്റില്‍ ഈ ജോടി 35 ബോളില്‍ 65 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ക്കുകയും ചെയ്തിരുന്നു. 14 ബോളില്‍ 19 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് പുറത്തായത്.
മോശം ഫോമിലൂടെ പോയിക്കൊണ്ടിരുന്ന ക്യാപ്റ്റന്‍ സൂര്യ ഫോമിലേക്കു മടങ്ങിയെത്തിയത് ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നു. 24 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കമാണ് അദ്ദേഹം 39ലെത്തിയത്. ഗില്‍ 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടിച്ചു.
ഒരിക്കല്‍ കൂടി ടോസ് ഭാഗ്യം ഇന്ത്യയില്‍ നിന്നും അകന്നു പോയപ്പോള്‍ ഓസീസ് നായകന്‍ മിച്ചെല്‍ മാര്‍ഷ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വീതം സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും സ്പിന്നര്‍മാരുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്.

കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ഒരുമിച്ച് പ്ലെയിങ് ഇലവനിലെത്തിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. പേസ് നിരയിലുണ്ടായിരുന്നത് ജസ്പ്രീത് ബുംറയും ഹര്‍ഷിത് റാണയുമായിരുന്നു. ശിവം ദുബെയും അക്ഷര്‍ പട്ടേലുമായിരുന്നു ഓള്‍റൗണ്ടര്‍മാര്‍.
നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ 1-2ന്റെ പരാജയം സമ്മതിച്ചിരുന്നു. ഇതിനു പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ടി20യില്‍ ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഏകദിനങ്ങളിലും തോറ്റ ഇന്ത്യ അവസാന കളിയില്‍ ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയത്തോടെ മാനം കാക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ.
ഓസ്‌ട്രേലിയ- മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു ക്യുനെമാന്‍, ജോഷ് ഹേസല്‍വുഡ്.