പെര്‍ത്ത്: ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനായുള്ള ശുഭ്മന്‍ ഗില്ലിന്റെ തുടക്കം കനത്ത തോല്‍വിയില്‍ കലാശിച്ചു. ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയ കളിയില്‍ മഴനിയമപ്രകാരം ഏഴു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. മഴ കാരണം 26 ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയെ ഓസീസ് ഒമ്പതു വിക്കറ്റിനു 136 റണ്‍സിലൊതുക്കി.
മറുപടിയില്‍ ഓസീസിന്റെ ലക്ഷ്യം 26 ഓവറില്‍ 131 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മിച്ചെല്‍ മാര്‍ഷ് (46*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 21.1 ഓവറില്‍ ഓസീസ് അനായാസം ലക്ഷ്യത്തിലെത്തി.

സ്റ്റാര്‍ക്കിനെ കൂടാതെ 37 റണ്‍സെടുത്ത ജോഷ് ഫിലിപ്പെ (37), മാറ്റ് റെന്‍ഷോ (21*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തി. അടുത്ത മല്‍സരം വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ നടക്കും.
രക്ഷകനായി രാഹുല്‍
ഓസ്ട്രലിയന്‍ പേസാക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ മുന്‍നിര വിറച്ചപ്പോള്‍ ടീമിനെ രക്ഷിക്കാന്‍ ഒരിക്കല്‍ക്കൂടി കെഎല്‍ രാഹുലിന്റെ സഹായം ഇന്ത്യക്കു വേണ്ടി വന്നു. സ്ഥിരം പൊസിഷനായ അഞ്ചിനു പകരം ആറാമനായി ക്രീസിലെത്തിയ അദ്ദേഹം 38 റണ്‍സോടെ ടമനിന്റെ ടോപ്‌സ്‌കോററായി മാറി. 31 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
31 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 38 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെയായിരുന്നു ഇത്. ഇന്ത്യന്‍ നിരയില്‍ മറ്റാരും തന്നെ 20 റണ്‍സ് പോലുമെത്തിയില്ല. 11 ബോളില്‍ രണ്ടു സിക്‌സറക്കം പുറത്താവാതെ 19 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെ മികച്ച ഫിനിങാണ് ഇന്ത്യയെ 136 വരെയെത്തിച്ചത്.
മഴയെ തുടര്‍ന്ന് പല തവണ കളി നിര്‍ത്തി വയ്ക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനു ഒരിക്കല്‍പ്പോലും താളം വീണ്ടെടുക്കാനായില്ല. പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് ഓസീസ് ഫാസ്റ്റ്് ബൗളര്‍മാര്‍ ഇന്ത്യയെ ശരിക്കും ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു. നീണ്ട ബ്രേ്ക്കിനു ശേഷം മടങ്ങിയെത്തിയ രോഹിത് ശര്‍മയെ (8) നാലം ഓവറില്‍ തന്നെ നഷ്ടമായി.
വിരാട് കോലി എട്ടു ബോള്‍ നേരിട്ട് ഡെക്കായി ക്രീസ് വിട്ടപ്പോള്‍ നായകന്‍ ശുഭ്മന്‍ ഗില്‍ വളരെ പോസിറ്റീവായി തുടങ്ങിയ ശേഷം 10 റണ്‍സിനു വിക്കറ്റ് കൈവിട്ടു. ക്രീസില്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട ശ്രേയസ് അയ്യരും (11) മടങ്ങിയതോടെ 14 ഓവറില്‍ ഇന്ത്യ നാലിനു 45 റണ്‍സ് മാത്രം.

ടീം 100 പോലും കടക്കുമോയെന്നു സംശയിച്ച സമയം. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രാഹുല്‍- അക്ഷര്‍ ജോടി 39 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തരികെ കൊണ്ടുവന്നു.
എന്നാല്‍ അക്ഷറിനെ പുറത്താക്കി ഓസീസ് വീണ്ടും ഇന്ത്യക്കു ബ്രേക്കിട്ടു (84/5)
ഇതിനിടെ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് 26 ഓവറാക്കി വെട്ടിക്കുറച്ചിരുന്നു. അക്ഷറിന്റെ പുറത്താവലിനു ശേഷം വാഷിങ്ടണ്‍ സുന്ദര്‍ (10), രാഹുല്‍, ഹര്‍ഷിത് റാണ (1) എന്നിവരെ അടുത്തടുത്ത് ഇന്ത്യക്കു നഷ്ടമായി. എന്നാല്‍ നിതീഷ് മികച്ച ഫിനിങിലൂടെ ടീം ടോട്ടല്‍ 136ല്‍ എത്തിക്കുകയായിരുന്നു. ഓസീസിനായി ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ ഓവന്‍, മാത്യു ക്യുനെമാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു.
ടോസിനു ശേഷം ഓസീസ് നായകന്‍ മിച്ചെല്‍ മാര്‍ഷ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ പകരം മൂന്നു ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തി ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കി. നിതീഷ് കുമാര്‍ റെഡ്ഡി ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറുകയും ചെയ്തു.
പ്ലെയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് റെന്‍ഷാ, മാറ്റ് ഷോര്‍ട്ട്, മിച്ച് ഓവന്‍, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണോളി, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, മാത്യു കുന്യെമാന്‍, ജോഷ് ഹേസല്‍വുഡ്.