സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയുടെ തീരുമാനം പാളി. ഒന്നാമിന്നിങ്‌സില്‍ വെറും 185 റണ്‍സിന് ഇന്ത്യ കൂടാരം കയറുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഒരു വിക്കറ്റിനു ഒമ്പതു റണ്‍സെന്ന നിലയാണ് ഓസീസ് ആദ്യദിനത്തിലെ കളി അവസാനിപ്പിച്ചത്.
രണ്ടു റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ ആദ്യദിനത്തിലെ അവസാന ബോളില്‍ ബുംറ മടക്കുകയായിരുന്നു. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ കംഗാരപ്പടയ്ക്കു ഇനി 176 റണ്‍സാണ് വേണ്ടത്. പെര്‍ത്തിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലേതു പോലെ ഇനി ബൗളിങ് നിര ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കില്‍ മാത്രമേ ഈ മല്‍സരത്തില്‍ ഇന്ത്യക്കു സാധ്യതകളുള്ളൂ.

നിരാശപ്പെടുത്തി ബാറ്റിങ്
ബാറ്റിങ് ലൈനപ്പ് വീണ്ടും നിരാശപ്പെടുത്തിയതാണ് ഇന്ത്യയെ സിഡ്‌നിയിലും ചതിച്ചത്. കാലാവസ്ഥയും പിച്ചുമെല്ലാം അത്ര അനുകൂലമല്ലാതിരുന്നിട്ടും ടോസിനു ശേഷം ബാറ്റിങാണ് ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ തിരഞ്ഞെടുത്തത്. പക്ഷെ ബാറ്റിങ് അതീവ ദുഷ്‌കരമായിരുന്ന പിച്ചില്‍ ഓസീസ് പേസാക്രമണത്തിനു മുന്നില്‍ ഇന്ത്യ വിറച്ചു.
ഒരാള്‍ക്കു പോലും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി കുറിക്കാനായില്ല. തന്റെ സ്ഥിരം അഗ്രസീവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഡിഫന്‍സീവ് ബാറ്റിങ് കാഴ്ചവച്ച റിഷഭ് പന്താണ് 40 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്. 98 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. രവീന്ദ്ര ജഡേജ (26), ക്യാപ്റ്റന്‍ ബുംറ (22), ശുഭ്മന്‍ ഗില്‍ (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍.
യശസ്വി ജയ്‌സ്വാള്‍ (10), കെഎല്‍ രാഹുല്‍ (4), വിരാട് കോലി (17), നിതീഷ് റെഡ്ഡി (0), വാഷിങ്ടണ്‍ സുന്ദര്‍ (14), പ്രസിദ്ധ് കൃഷ്ണ (3,), മുഹമ്മദ് സിറാജ് (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസ്‌ട്രേലിയക്കായി സ്‌കോട്ട് ബോണ്ട് നാലു വിക്കറ്റുകളെടുത്തപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ടും നതാന്‍ ലയണ്‍ ഒരു വിക്കറ്റുമെടുത്തു.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 17 റണ്‍സെടുക്കുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഗില്‍-കോലി ജോടി 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഇരുവരു മടങ്ങിയതോടെ ഇന്ത്യ നാലിന് 72ലേക്കും വീണു. അഞ്ചാം വിക്കറ്റില്‍ റിഷഭ്-ജഡേജ ജോടി 48 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ ഈ സഖ്യം പിരിഞ്ഞതോടെ ഇന്ത്യ വീണ്ടും തകരുകയായിരുന്നു. വാലറ്റത്ത് ബുംറയുടെ പ്രകടനമാണ് ഇന്ത്യ 180 കടത്തിയത്.
മാറ്റങ്ങളുമായി ഇന്ത്യ
മെല്‍ബണിലെ നാലാം ടെസ്റ്റില്‍ തോറ്റ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നായകന്‍ രോഹിത്തിനു പകരം ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ആകാശ്ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-2നു പിന്നിലായതിനാല്‍ സിഡ്‌നിയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം സ്വപ്‌നം കാണുന്നില്ല. ഈ ടെസ്റ്റില്‍ ജയിച്ച് പരമ്പര 2-2നു അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിലവിലെ വിജയികളെന്ന നിലയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു നിലനിര്‍ത്താന്‍ സാധിക്കും. അതു മാത്രമല്ല ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലില്‍ സാധ്യത നിലനിര്‍ത്താനും ഇന്ത്യക്കു ജയിച്ചേ തീരൂ.
മികച്ച തുടക്കമായിരുന്നു ഈ ഓസീസ് പര്യടനത്തില്‍ ഇന്ത്യക്കു ലഭിച്ചത്. പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ബുംറയ്ക്കു കീഴിലിറങ്ങിയ ഇന്ത്യ 295 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആഘോഷിച്ചത്. രോഹിത്തിന്റെ അഭാവമാണ് ബുംറയെ നായകസ്ഥാനത്തു എത്തിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റിനു മുമ്പ് രോഹിത് ടീമില്‍ മടങ്ങിയെത്തിയതോടെ നായകസ്ഥാനവും ഏറ്റെടുക്കുകയായിരുന്നു.
അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രോഹിത് നയിച്ച ഇന്ത്യയെ കംഗാരുപ്പട പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. എന്നാല്‍ ഭൂരിഭാഗവും മഴയെടുത്ത ബ്രിസ്ബണിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. മെല്‍ബണിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 184 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഓസീസ് ആഘോഷിച്ചത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ- സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്രൂ വെബ്സ്റ്റര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട്.