മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയാണ്. ഓസ്‌ട്രേലിയയുടെ 474 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ നിതീഷ് കുമാറിന്റേയും വാഷിങ്ടണ്‍ സുന്ദറിന്റേയും പോരാട്ട വീര്യത്തില്‍ തിരിച്ചടിക്കുകയാണ്. ഓസീസ് ബൗളര്‍മാരുടേയും ടീമിന്റേയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് നിതീഷ് കുമാര്‍ കാഴ്ചവെച്ചത്. എട്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടോടെയാണ് ഇവര്‍ മിന്നിച്ചത്.
മെല്‍ബണിലൂടെ കന്നി ടെസ്റ്റ് അര്‍ധ സെഞ്ച്വറിയും നേടിയ നിതീഷ് പുഷ്പ സ്റ്റൈലില്‍ ആഘോഷിച്ചത് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരമ്പരയില്‍ പല തവണ 30 കടന്നെങ്കിലും അര്‍ധ സെഞ്ച്വറി നേടാന്‍ നിതീഷിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അര്‍ഹിച്ച ഫിഫ്റ്റി കടക്കാന്‍ നിതീഷിനായി. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ പുതിയ ഹീറോയായി നിതീഷ് മാറുന്നതാണ് കാണാനാവുന്നത്. ഇപ്പോഴിതാ നിതീഷിനെ ഇന്ത്യ നേരത്തെ ബാറ്റ് ചെയ്യിക്കണമെന്ന അഭിപ്രായം ശക്തമാവുകയാണ്.
കോലിക്ക് പകരം നാലാം നമ്പറില്‍ കളിക്കണം
നിതീഷ് കുമാറിനെ നേരത്തെ കളിപ്പിക്കണമെന്നാണ് കൂടുതല്‍ ആളുകളും ആവശ്യപ്പെടുന്നത്. എന്നാല്‍ എവിടെയാണ് നിതീഷിനെ കളിപ്പിക്കേണ്ടതെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആരാധകര്‍ ആവശ്യപ്പെടുന്നത് വിരാട് കോലി കളിക്കുന്ന നാലാം നമ്പറിലേക്ക് നിതീഷിനെ പരിഗണിക്കണമെന്നാണ്. വിരാട് കോലി മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ കോലിക്ക് വിശ്രമം നല്‍കാവുന്നതാണ്. ഈ പൊസിഷനിലേക്ക് നിതീഷ് വന്നാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം ആത്മവിശ്വാസത്തോടെ കളിക്കാനും നിതീഷിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കും. ഇത് ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും ഗുണകരമായി മാറും. അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ നിതീഷിനെ ടോപ് ഓഡറിലേക്ക് മാറ്റാന്‍ ഇന്ത്യ ധൈര്യം കാട്ടണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടാന്‍ നിതീഷിന് സാധിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

നിതീഷിന് വലിയ ഭാവി
ഇന്ത്യന്‍ ടീമിന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിതീഷ് കുമാറിനെപ്പോലൊരു താരത്തെ ലഭിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം മറ്റൊരു പേസ് ഓള്‍റൗണ്ടറാരെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ചോദ്യമയമായിരുന്നു. വെങ്കടേഷ് അയ്യര്‍, ശിവം ദുബെ തുടങ്ങി പലരേയും ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ ഐപിഎല്ലിലൂടെ പ്രതിഭ തെളിയിച്ച നിതീഷ് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ്.
വലയ ഭാവി നിതീഷിന് ഉണ്ടെന്ന് തന്നെ പറയാം. എന്നാല്‍ നിതീഷിനെ ടോപ് ഓഡറിലേക്ക് മാറ്റാന്‍ ഇന്ത്യ ധൈര്യം കാട്ടിയേക്കില്ല. നിലവില്‍ ഇന്ത്യയുടെ മധ്യനിരയില്‍ നിതീഷിനെപ്പോലൊരു താരത്തെ ആവശ്യമാണ്. ടീം തകരുന്ന സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ നിതീഷിന് സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ നിതീഷിനെ മധ്യനിരയില്‍ തുടരാന്‍ അനുവദിക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ നിതീഷിന് സാധിക്കും.
ടോപ് ഓഡര്‍ താരങ്ങള്‍ കണ്ട് പഠിക്കണം
ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് മാതൃകയാവുന്ന ബാറ്റിങ് പ്രകടനമാണ് നിതീഷ് കാഴ്ചവെക്കുന്നത്. വിരാട് കോലി, ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ഓസീസില്‍ നിരാശപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കന്നി ഓസീസ് പരമ്പര കളിക്കുന്ന നിതീഷ് ഇന്ത്യക്ക് കരുത്താവുന്നത്. ഈ പരമ്പരക്ക് ശേഷം രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഇന്ത്യ ശക്തമായ തീരുമാനമെടുത്തേക്കും. രോഹിത് നായകസ്ഥാനമൊഴിയാനാണ് സാധ്യത കൂടുതല്‍.
തന്റെ കഴിവില്‍ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ നിതീഷിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഓസ്‌ട്രേലിയക്കെതിരേ എട്ടാം വിക്കറ്റില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും നിതീഷ് സ്വന്തം പേരിലാക്കി. ഈ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച കണ്ടെത്തലാണ് നിതീഷെന്ന് നിസംശയം പറയാം.