മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ സമനിലക്കായി പൊരുതുകയാണ്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. രോഹിത് ശര്‍മയും (9) വിരാട് കോലിയും (5) കെ എല്‍ രാഹുലുമെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇന്ത്യയെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്തിയത്.
208 പന്ത് നേരിട്ട് എട്ട് ഫോറടക്കം 84 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ ലെഗ് സൈഡിലെത്തിയ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ജയ്‌സ്വാളിന്റെ പുറത്താകല്‍ വലിയ വിവാദത്തിലായിരിക്കുകയാണ്. ലെഗ് സൈഡിലെത്തിയ പന്ത് ജയ്‌സ്വാളിന്റെ ബാറ്റില്‍ കൊണ്ടിട്ടില്ലെന്നാണ് റിവ്യൂവിലും അല്‍ട്രാ എഡ്ജിലും വ്യക്തമാവുന്നത്. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
തേര്‍ഡ് അംപയര്‍ കാട്ടിയത് ചതി
പാറ്റ് കമ്മിന്‍സിന്റെ ഷോര്‍ട്ട്‌ബോള്‍ ജയ്‌സ്വാളിന്റെ ബാറ്റിനും ഗ്ലൗസിനും തൊട്ടടുത്തുകൂടിയാണ് പിന്നോട്ട് പോയത്. പന്തിനെ കൃത്യമായി കൈയിലൊതുക്കാന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്കുമായി. ഇതിന് പിന്നാലെ ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ റിവ്യൂവെടുത്ത ഓസീസിന് അനുകൂലമായാണ് വിധിയെത്തിയത്. ജയ്‌സ്വാള്‍ ഔട്ടാണെന്നാണ് തേര്‍ഡ് അംപയര്‍ വിലയിരുത്തിയത്.
എന്നാല്‍ വീഡിയോയില്‍ ജയ്‌സ്വാളിന്റെ ബാറ്റിലും ഗ്ലൗസിലും പന്ത് കൃത്യമായി കൊണ്ടുവെന്ന് പറയാനാവില്ല. അല്‍ട്രാ എഡ്ജില്‍ വേരിയേഷനും കാട്ടുന്നില്ല. എന്നാല്‍ ശബ്ദത്തിന്റേയും പന്തിന്റെ ദിശ മാറ്റത്തേയും വിലയിരുത്തി അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ജയ്‌സ്വാളിനും ഇന്ത്യന്‍ താരങ്ങള്‍ക്കും വിശ്വസിക്കാനാവാത്ത തീരുമാനമായിരുന്നു ഇത്. പുറത്തേക്ക് പോകുമ്പോള്‍ അംപയറുമായി ജയ്‌സ്വാള്‍ തര്‍ക്കിച്ചാണ് മടങ്ങിയത്.

സാങ്കേതികതയിലെ പാളിച്ചയല്ല
സാങ്കേതികതയിലെ പാളിച്ചയാണ് ഇതെന്ന് പറയാനാവില്ല. തേര്‍ഡ് അംപയറുടെ പരിശോധനക്ക് ശേഷം ഇന്ത്യക്ക് പ്രതികൂലമായി തീരുമാനം വരുന്നത് ഈ പരമ്പരയില്‍ ഇതാദ്യമായല്ല. പെര്‍ത്ത് ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റ് അനുവദിച്ചതും വളരെ വിവാദമായിരുന്നു. അള്‍ഡ്രാ എഡ്ജ് കാട്ടാത്ത സാഹചര്യത്തില്‍ പോലും ശബ്ദത്തിന്റേയും സംശയത്തിന്റേയും ആനുകൂല്യത്തില്‍ ഓസ്‌ട്രേലിയക്ക് അനുകൂലമായി ഇന്ത്യയുടെ വിക്കറ്റ് അനുവദിക്കുന്നതാണ് കാണാനാവുന്നത്.
മെല്‍ബണില്‍ ജയ്‌സ്വാളിന്റെ പുറത്താകലിന് പിന്നാലെ ആകാശ് ദീപിന്റെ പുറത്താകലും ചര്‍ച്ചക്ക് വഴി തുറന്നിട്ടുണ്ട്. ആകാശിന്റെ ബാറ്റില്‍ക്കൊണ്ട് പാഡില്‍ത്തട്ടി ഉയര്‍ന്ന പന്ത് അടുത്ത് ഫീല്‍ഡ് ചെയ്ത ട്രാവിസ് ഹെഡ് കൈയിലൊതുക്കുകയായിരുന്നു. എന്നാല്‍ അല്‍ട്രാ എഡ്ജില്‍ ബാറ്റില്‍ നിന്ന് പന്ത് കടന്നുപോയതിന് ശേഷമാണ് വേരിയേഷന്‍ കാട്ടുന്നത്. എന്നിട്ടും ഓസീസിന് അനുകൂലമായി ആകാശിന്റെ വിക്കറ്റ് അനുവദിച്ചുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
ജയ്‌സ്വാള്‍ സെഞ്ച്വറി അര്‍ഹിച്ചിരുന്നു
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം കളിമറന്ന പിച്ചിലാണ് യശ്വസി ജയ്‌സ്വാള്‍ ഹീറോയായി മാറിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സെടുത്ത ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലിയുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ജയ്‌സ്വാള്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ താരം സെഞ്ച്വറി അര്‍ഹിച്ചപ്പോള്‍ ഇത്തരമൊരു വിധിയോടെ കളം വിടേണ്ടി വരികയായിരുന്നു. എന്തായാലും അംപയറുടെ തീരുമാനത്തിനെതിരേ വിമര്‍ശനം ശക്തമാണ്.
ഇന്ത്യയുടെ മെല്‍ബണിലെ ബാറ്റിങ് പ്രകടനത്തിനെതിരേയും ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുകയാണ്. ഇന്ത്യയുടെ പേരുകേട്ട താരങ്ങള്‍ക്കൊന്നും മികവ് കാട്ടാന്‍ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ജയ്‌സ്വാള്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറിയോടെ റെക്കോഡിട്ടപ്പോള്‍ മികച്ചൊരു പിന്തുണ നല്‍കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല. എന്തായാലും ഓസീസ് പരമ്പരക്ക് ശേഷം വലിയ പൊളിച്ചെഴുത്ത് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.