മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസര്‍മാരിലൊരാളാണ് മുഹമ്മദ് ഷമി. അനായാസം പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ഷമി 2019ലെ ഏകദിന ലോകകപ്പിലടക്കം ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയവനാണ്. ഇന്ത്യക്കൊപ്പം വിദേശ പര്യടനങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ഷമിക്ക് സാധിച്ചിട്ടുണ്ട്. വിരാട് കോലിക്ക് കീഴിലും രോഹിത് ശര്‍മക്ക് കീഴിലും വിശ്വസ്തനായ ബൗളറായി ഷമി ടീമിലുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി താരം പരിക്കിന്റെ പിടിയിലാണ്.
കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയടക്കം ഷമിക്ക് നടത്തേണ്ടി വന്നു. പതിയെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമം നടത്തുന്ന ഷമി ന്യൂസീലന്‍ഡ് പരമ്പരയിലൂടെ തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ ഷമിയുടെ കാലിന് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഷമി തിരിച്ചുവരാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യക്കൊപ്പം നിര്‍ണ്ണായക പ്രകടനത്തോടെ ഷമിയുണ്ടായിരുന്നു. ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് ഷമി ശ്രമിക്കുന്നുണ്ടെങ്കിലും ഷമി ടീമില്‍ വേണ്ടെന്ന് നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും രോഹിത്തിന് നേരെ ഉയരുകയാണ്.
രോഹിത് പറഞ്ഞത് ഫിറ്റ്‌നസ് വിലയിരുത്തി
ഓസ്‌ട്രേലിയയിലെ പിച്ചില്‍ ഷമിയെപ്പോലൊരു അനുഭവസമ്പന്നനായ പേസറുടെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയാകുന്ന ഒന്നാണ്. എന്നാല്‍ മികച്ച ഫിറ്റ്‌നസില്ലാതെ ഷമിയെ കളിപ്പിച്ചിട്ട് കാര്യമില്ലെന്നും ഷമിയെ പൂര്‍ണ്ണ ഫിറ്റോടെയാണ് ടീമിന് ആവശ്യമെന്നുമാണ് രോഹിത് ഉദ്ദേശിച്ചത്. എന്നാല്‍ രോഹിത്തിന്റെ വാക്കുകളെ വളച്ചൊടിച്ച് വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ നായകന് നേരെ ഇപ്പോള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. രോഹിത് നന്ദിയില്ലാത്തവനാണെന്നും ഷമിയുടെ മുന്‍ പ്രകടനങ്ങള്‍ മറന്നുവെന്നുമാണ് വിമര്‍ശനം.
എന്നാല്‍ രോഹിത് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് പറയാം. 'സത്യസന്ധമായി പറയട്ടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷമിയെ ടീമിലേക്ക് വിളിക്കാന്‍ സാധിക്കില്ല. അവന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കയുണ്ട്. അവന്റെ കാല്‍മുട്ടിന് ഈ ഇടെ നീര് വന്നു. ഇത് പൊതുവേ സംഭവിക്കുന്നതല്ല' എന്നാണ് രോഹിത് പറഞ്ഞത്. ഷമിക്ക് രണ്ടാമതും പരിക്കേറ്റത് അദ്ദേഹത്തിന്റെ കരിയറിനെ പിന്നോട്ടടിക്കുന്ന കാര്യമാണെന്ന് നിസംശയം പറയാം.

അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് ഷമി
മുഹമ്മദ് ഷമി ഓസ്‌ട്രേലിയന്‍ പര്യടനത്തിനുണ്ടാവില്ലെന്നും പരിക്ക് ഗുരുതരമാണെന്നും ഉള്‍പ്പെടെ പല റിപ്പോര്‍ട്ടുകളും ഷമിക്കെതിരേ ഉയരുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളി ഷമി തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് ഷമി എക്‌സിലൂടെ പ്രതികരിച്ചത്. ബിസിസി ഐക്ക് കീഴില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമം ഇപ്പോള്‍ നടത്തുന്നുണ്ട്. മറ്റ് തെറ്റായ വാര്‍ത്തകളൊന്നും വിശ്വസിക്കരുതെന്നാണ് ഷമി പറയുന്നത്.
ഓസീസ് പര്യടനം കളിക്കാനാവുമോ ഇല്ലെയോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നതെന്നുമാണ് ഷമി വ്യക്തമാക്കുന്നത്. എന്നാല്‍ ഷമി ഓസീസ് പര്യടനത്തിനുണ്ടാവില്ലെന്നാണ് ഇതിനോടകം പല പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെല്ലാം വ്യക്തത വരുത്തി ഷമി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഷമിക്ക് നിര്‍ണ്ണായക റോള്‍
ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് ഷമിക്ക് നിര്‍ണ്ണായക റോളുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി കൂട്ടുകെട്ട് ഇന്ത്യയുടെ പേസ് നിരയിലുണ്ടെങ്കില്‍ ഏത് എതിരാളികളും വിറക്കുമെന്ന കാര്യം ഉറപ്പാണ്. ഷമിക്ക് പരിക്കേറ്റെങ്കിലും തിരിച്ചുവരുമ്പോള്‍ പഴയ വേഗവും സ്വിങ്ങും നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യക്കൊപ്പം ഷമിയുടെ അഭാവമുണ്ടായാല്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഓസീസ് ബാറ്റിങ് നിരക്ക് ഷമിയുടെ അഭാവം മുതല്‍ക്കൂട്ടാവുമെന്ന് പറയാം.