മൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. മത്സരം പുരോഗമിക്കുമ്പോള്‍ ഭേദപ്പെട്ട സ്‌കോര്‍ ഓസീസ് നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ (52) അര്‍ധ സെഞ്ച്വറിയോടെ മിന്നിയ മത്സരത്തില്‍ ഇന്ത്യ നിരവധി പിഴവുകളാണ് വരുത്തിയത്. ഇതില്‍ ഏറ്റവും ദുരന്തമായത് നായകനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്. കീപ്പിങ്ങില്‍ നിരവധി പിഴവുകളാണ് രാഹുല്‍ വരുത്തിയത്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനുണ്ടായിരുന്നെങ്കിലും രാഹുല്‍ ഗ്ലൗസണിയുകയായിരുന്നു.
തുടക്കം മുതല്‍ വിക്കറ്റിന് പിന്നില്‍ രാഹുല്‍ അബദ്ധം കാട്ടി. മുഹമ്മദ് ഷമിയുടെ പന്ത് കൈയിലൊതുക്കാനാവാതെ ബൈയായി 4 റണ്‍സ് വഴങ്ങി. മാര്‍നസ് ലബ്യുഷെയ്‌ന്റെ അനായാസ റണ്ണൗട്ടവസരം പാഴാക്കിയതുള്‍പ്പെടെ അബദ്ധങ്ങളുടെ പെരുമഴയാണ് രാഹുല്‍ വിക്കറ്റിന് പിന്നില്‍ നടത്തിയത്. ഇപ്പോഴിതാ ഓസീസിന്റെ മാര്‍നസ് ലബ്യുഷെയ്‌ന്റെ പുറത്താകലിന് പിന്നാലെ നിരവധി ട്രോളുകളാണ് രാഹുലിനെതിരേ ഉയരുന്നത്.
ആര്‍ അശ്വിന്റെ പന്തില്‍ രാഹുലിന്റെ സ്റ്റംപിങ്ങിലാണ് ലബ്യുഷെയ്ന്‍ പുറത്തായത്. 49 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 39 റണ്‍സ് നേടിയ ലബ്യുഷെയ്‌നെ നിര്‍ണ്ണായക സമയത്താണ് അശ്വിന്‍ പുറത്താക്കിയത്. ഇതിലെ കൗതുകകരമായ കാര്യം രാഹുലിന്റെ അബദ്ധത്തിലാണ് ലബ്യുഷെയ്‌ന്റെ വിക്കറ്റ് നേടിയതെന്നതാണ്. അശ്വിന്റെ പന്ത് കൃത്യമായി കൈയിലൊതുക്കാന്‍ രാഹുലിന് സാധിച്ചില്ല. രാഹുലിന്റെ കൈയില്‍ തട്ടി അബദ്ധത്തില്‍ പന്ത് സ്റ്റംപിലേക്ക് വീഴുകയായിരുന്നു.
നേരിയ വ്യത്യാസത്തിലായിരുന്നു ലബ്യുഷെയ്ന്‍ ക്രീസിന് പുറത്തുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ രാഹുലിന് പറ്റിയ അബദ്ധം ഇന്ത്യക്ക് ഗുണമായി മാറുകയായിരുന്നു. ലബ്യുഷെയ്‌ന്റെ വിക്കറ്റിന്റെ വീഡിയോ പ്രചരിച്ചതോടെ രാഹുലിനെ പരിഹസിക്കുകയാണ് ആരാധകര്‍. ഒരു പന്ത് പോലും പിടിക്കാനറിയാത്ത രാഹുലിനെ ഇന്ത്യ ലോകകപ്പില്‍ കീപ്പറാക്കരുതെന്നും ക്യാപ്റ്റന്‍ തന്നെ ടീമിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

ലബ്യുഷെയ്‌നെ തുടക്കത്തിലേ മടക്കാനുള്ള അവസരമാണ് രാഹുല്‍ കാരണം നഷ്ടമായത്. സൂര്യകുമാര്‍ യാദവ് രാഹുലിന് ത്രോ ചെയ്ത് നല്‍കിയപ്പോള്‍ ലബ്യുഷെയ്ന്‍ പിച്ചിന്റെ മധ്യഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. പന്ത് കൈയിലെടുത്ത് സ്റ്റംപില്‍ മുട്ടിക്കുക മാത്രമായിരുന്നു രാഹുലിന്റെ ജോലി. എന്നാല്‍ സൂര്യയുടെ മികച്ച ത്രോ പിടിക്കാന്‍ പോലും രാഹുലിനായില്ല. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഉള്ളപ്പോള്‍ രാഹുല്‍ സാഹസപ്പെട്ട് കീപ്പറാവേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
അശ്വിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവിന് ശേഷമുള്ള ആദ്യ വിക്കറ്റാണിത്. ആറ് വര്‍ഷവും എട്ട് മാസവും പുറത്തിരുന്ന ശേഷം അശ്വിന്‍ കളിക്കുന്ന ആദ്യത്തെ ഏകദിനമാണിത്. വാഷിങ്ടണ്‍ സുന്ദറെപ്പോലൊരു യുവ വലം കൈയന്‍ ഓള്‍റൗണ്ടറുണ്ടെങ്കിലും ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ അശ്വിന് അപ്രതീക്ഷിത തിരിച്ചുവരവിന് അവസരം നല്‍കുകയായിരുന്നു. തിരിച്ചുവരവില്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അശ്വിന് സാധിച്ചില്ല.
10 ഓവര്‍ പന്തെറിഞ്ഞ് 47 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അശ്വിന് വീഴ്ത്താനായത്. ലോകകപ്പ് ടീമിലേക്ക് അശ്വിനെ പരിഗണിക്കാന്‍ തക്കതായ പ്രകടനം കാഴ്ചവെക്കാന്‍ സീനിയര്‍ താരമായ അശ്വിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ മാസം 28ാം തീയ്യതി വരെയാണ് ലോകകപ്പ് ടീമില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ടീം മാറ്റത്തില്‍ നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. അതുകൊണ്ട് തന്നെ ഓസീസ് പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. നിലവില്‍ സംതുലിതമായ താരനിര ഇന്ത്യക്കുണ്ട്. എന്നാല്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം മോശം ഫീല്‍ഡിങ്ങാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയെ ഏറ്റവും കുഴപ്പിക്കുന്നത് മോശം ഫീല്‍ഡിങ് പ്രകടനമാണ്.
ഓസീസിനെതിരേ ശ്രേയസ് അയ്യര്‍ ഡേവിഡ് വാര്‍ണറുടെ ക്യാച്ച് വിട്ടു. ഫീല്‍ഡിങ്ങിലെ പിഴവുകള്‍ നികത്തി മുന്നോട്ട് പോകാനാവാത്ത പക്ഷം ഇന്ത്യ ലോകകപ്പില്‍ പ്രയാസപ്പെടുമെന്നുറപ്പ്.