Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഭിമാനമായി വാലറ്റം, ഇന്ത്യയെ രക്ഷിച്ച് ബുംറയും ആകാശും; കൈയടിച്ച് ആരാധകര്‍

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണില്‍ നിന്ന് രക്ഷപെട്ട് ഇന്ത്യ. ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 445 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഫോളോ ഓണ്‍ ഭീഷണിയിലേക്ക് ഇന്ത്യ വീണു. 213 റണ്‍സിന് 9 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ നിലം പതിച്ചതോടെ ഫോളോ ഓണ്‍ നേരിടാനുള്ള സാധ്യത ഉയര്‍ന്നു.

എന്നാല്‍ അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുംറയും ആകാശ് ദീപും ചേര്‍ന്ന് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ആകാശ് ദീപ് 27 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ജസ്പ്രീത് ബുംറ 10 റണ്‍സോടെ ക്രീസില്‍ തുടരുകയാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ ഫ്‌ളോപ്പായതിന് ശേഷവും വാലില്‍ കുത്തി ഉയര്‍ന്ന ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ആകാശ് ദീപിന്റേയും ബുംറയുടേയും പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍.

ആകാശാണ് ഹീറോ

അവസാനക്കാരനായി ആകാശ് ദീപിനെ ഇറക്കിയത് എല്ലാവരും ചോദ്യമുയര്‍ത്തിയിരുന്നു. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ആകാശിനെ 11ാമനായി ഇറക്കിയത് എന്തിനാണെന്നതിനുള്ള ഉത്തരം ഇപ്പോള്‍ എല്ലാവര്‍ക്കും ലഭിച്ചിരിക്കുകയാണ്. ആകാശിന്റെ നിര്‍ണ്ണായക ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്. 246 റണ്‍സായിരുന്നു ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത്.

ഒരുവശത്ത് ജസ്പ്രീത് ബുംറ ആത്മവിശ്വാസം നല്‍കിയപ്പോള്‍ ആകാശ് ദീപ്റണ്‍സുയര്‍ത്തി. 31 പന്ത് നേരിട്ട് രണ്ട് ഫോറും ഒരു സിക്‌സും പറത്താന്‍ ആകാശിനായി. മികച്ച ഷോട്ടുകള്‍ ഉള്‍പ്പെടെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ആകാശിന് സാധിച്ചതാണ് ഇന്ത്യക്ക് തിരിച്ചുവരവിനുള്ള വഴി തുറന്നത്. നാലാം ദിനം
കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 9 വിക്കറ്റിന് 252 റണ്‍സെന്ന നിലയിലാണ്. ഇനിയും ഓസീസിനെക്കാള്‍ 193 റണ്‍സിന് പിന്നിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ തിരിച്ചുവരവിനുള്ള അവസരം ഇനിയും ഇന്ത്യക്ക് മുന്നിലുണ്ട്.

akash deep

ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍

പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ആകാശ് ദീപിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് ബൗണ്ടറി പോയതോടെയാണ് ഇന്ത്യ ഫോളോഓണ്‍ ഭീഷണി ഒഴിവാക്കിയത്. ഈ സമയം ഇന്ത്യയുടെ സഹതാരങ്ങളും പരിശീലകരും വലിയ ആഘോഷമാക്കുന്നതാണ് കണ്ടത്. ഗൗതം ഗംഭീറും വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ആര്‍പ്പു വിളിച്ചാണ് ഇന്ത്യയുടെ രക്ഷപെടലിനെ ആഘോഷിച്ചത്. ഇന്ത്യ വിജയം കണ്ടതുപോലെയുള്ള ആഘോഷമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്.

ഇന്ത്യയെ സംബന്ധിച്ച് മൂന്നാം ടെസ്റ്റ് വളരെ നിര്‍ണ്ണായകമാണ്. പരമ്പര കൈവിടാതിരിക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനും ഇന്ത്യക്ക് സമനിലയെങ്കിലും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ഫോളോ ഓണ്‍ ഒഴിവായത് ഇന്ത്യക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മഴയും വെളിച്ചക്കുറവും വില്ലനാവുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സമനില പ്രതീക്ഷ നല്‍കുന്നതാണ് നിലവിലെ രക്ഷപെടെലെന്ന് തന്നെ പറയാം.

സീനിയേഴ്‌സ് കണ്ട് പഠിക്കണം

ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാതെ പതറുകയാണ്. ഈ സാഹചര്യത്തിലാണ് ആകാശിന്റെ ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്. ഫോളോഓണ്‍ പിന്നിട്ട ശേഷം പാറ്റ് കമ്മിന്‍സിനെ ആകാശ് സിക്‌സര്‍ പറത്തിയത് ഇന്ത്യയുടെ തിരിച്ചുവരവിന്റെ സൂചനയായാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ്.

അഞ്ചാം ദിനവും ഇന്ത്യയുടെ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യക്ക് ജയം കടുപ്പമാണെങ്കിലും സമനിലക്കുള്ള സാധ്യത ഇപ്പോള്‍ സജീവമാണ്. കെ എല്‍ രാഹുല്‍ (84) രവീന്ദ്ര ജഡേജ (77) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്തായാലും ഇപ്പോള്‍ ഇന്ത്യയുടെ സമനില പ്രതീക്ഷ സജീവമായിരിക്കുകയാണ്.

Story first published: Tuesday, December 17, 2024, 13:59 [IST]
Other articles published on Dec 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+