ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ ഓസീസിനു മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക്. ഇതിഹാസ ബാറ്ററായ വിരാട് കോലിയെയാണ് ഓസ്‌ട്രേലിയ ഏറ്റവുമധികം ഭയക്കേണ്ടതെന്നും അദ്ദേഹം തിളങ്ങിയെങ്കില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.
22 മുതല്‍ പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു ജയത്തോടെ തന്നെ തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഹാട്രിക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് ഇന്ത്യന്‍ ടീം സ്വപ്‌നം കാണുന്നത്. അതോടൊപ്പം പരമ്പരയില്‍ 4-0നു ജയിക്കാനും ഇന്ത്യ ശ്രമിക്കുമെന്നുറപ്പാണ്. എങ്കില്‍ മാത്രമേ ഡബ്ല്യുടിസി ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ.

കോലിയെ സൂക്ഷിക്കണം
ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയാണ് നിലവില്‍ ഏറ്റവുമധികം അപകടകാരിയെന്നും അദ്ദേഹത്തെ നിശബ്ധനാക്കി നിര്‍ത്താനായാല്‍ ഓസ്‌ട്രേലിയക്കു മികച്ച സാധ്യതയാണുള്ളതെന്നും മൈക്കല്‍ ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. റെവ് സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയയില്‍ ഒരുപാട് നേട്ടങ്ങള്‍ കൊയ്തിട്ടുള്ള താരമാണ് വിരാട് കോലി. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഇവിടെ കളിച്ച 13 ടെസ്റ്റുകളില്‍ അദ്ദേഹം ആറു സെഞ്ച്വറികള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. കോലിയില്‍ ഇപ്പോഴും ഗെയിം ബാക്കിയുണ്ട്. റണ്‍ദാഹത്തോടെയായിരിക്കും അദ്ദേഹം ഇവിടെയെത്തിയത്.
സാഹചര്യങ്ങള്‍ തനിക്കു യോജിച്ചതാണെന്നു കോലിക്കു അറിയുകയും ചെയ്യാം. ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ജയിക്കുകയോ, നന്നായി പെര്‍ഫോം ചെയ്യുകയോ വേണമെങ്കില്‍ അദ്ദേഹം പരമാവധി റണ്‍ റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നു തനിക്കുറപ്പുണ്ടെന്നും ക്ലാര്‍ക്ക് വിശദമാക്കി.
ഒരു ഓസ്‌ട്രേലിയക്കാരനെന്ന നിലയില്‍ വിരാട് കോലിയെ ഓസ്‌ട്രേലിയന്‍ നിശബ്ധനാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആദ്യത്തെ ഗെയിമില്‍ അദ്ദേഹം സ്‌കോര്‍ ചെയ്താല്‍ പരമ്പരയില്‍ മുഴുവന്‍ റണ്‍സ് കണ്ടെത്തുകയും ചെയ്യും. പോരാടാന്‍ ഇഷ്ടപ്പെടുന്നയാളാണ് കോലി. അദ്ദേഹത്തിനുള്ള ചുറ്റുമുള്ള ആ ബില്‍ഡപ്പ് തന്നെ നോക്കൂ. ഇവയെല്ലാം കോലിയെ കൂടുതല്‍ ആവേശം കൊള്ളിക്കുമെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.
സ്ലെഡ്ജ് ചെയ്യരുത്
വിരാട് കോലിയെ സ്ലെഡ്ജ് ചെയ്യുകയെന്നയൊരു മണ്ടത്തരം ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗത്തു നിന്നുമുണ്ടാവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നു മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ടീം ഇത്തരമൊരു അബദ്ധം വിരാട് കോലിക്കെതിരേ ഈ പരമ്പരയില്‍ കാണിക്കില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത്. പക്ഷെ വിരാട് ആഗ്രഹിക്കുന്നത് ഓസീസ് ടീം തന്നെ സ്ലെഡ്ജ് ചെയ്യണമെന്നായിരിക്കും. അവരുമായി പോരടിക്കാനായിരിക്കും അദ്ദേഹം ഇഷ്ടപ്പെടുന്നത്.

ഓസീസ് താരങ്ങള്‍ സ്ലെഡ്ജ് ചെയ്താല്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരിക്കും വിരാട്. ഓസ്‌ട്രേലിയന്‍ ടീം അങ്ങനെയൊരു അവസരം അദ്ദേഹത്തിനു നല്‍കാന്‍ പാടില്ല. ഓസ്‌ട്രേലിയക്കാര്‍ക്കു ഇതു അറിയുമെന്നും എനിക്കുറപ്പുണ്ട്.
ഇവിടെ ഇതുവരെ നടത്തിയിട്ടുള്ള പ്രകടനനങ്ങളും നേട്ടങ്ങളുമെല്ലാം വിരാടിനെ ഓസ്‌ട്രേലിയയിലുള്ളവര്‍ക്കു പ്രിയങ്കരനാക്കി മാറ്റിയിട്ടുണ്ട്. അദ്ദേഹം ഇവിടെ വീണ്ടും ബാറ്റ് ചെയ്യുന്നതു കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യക്കു ഈ പരമ്പയില്‍ മികച്ച പ്രകടനം നടത്തണമെങ്കില്‍ വിരാട് കോലി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടത് പ്രധാനമാണെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
കോലിയുടെ ഫോം
വിരാടി കോലി അത്ര മികച്ച ഫോമിലല്ല ഇത്തവത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുള്ളത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേയുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടപ്പോള്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായിരുന്നു. ആറിന്നിങ്‌സുകള്‍ ബാറ്റ് ചെയ്തിട്ടും കോലിയുടെ ആകെ സമ്പാദ്യം മൂന്നക്കം കടന്നില്ല. ഒരേയൊരു ഫിഫ്റ്റിയാണ് പരമ്പരയില്‍ അദ്ദേഹം കുറിച്ചത്.
ഓസ്‌ട്രേലിയയില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലിയുടെ റെക്കോര്‍ഡ് ഉജ്ജ്വലമാണ്. ഇവിടെ ഇതിനകം കളിച്ച 13 ടെസ്റ്റുകളില്‍ 54.08 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 1352 റണ്‍സാണ്. ആറു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.