Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അക്തര്‍ 161.3 കിമി, സിറാജ് 181.6!! ശരിക്കും റെക്കോര്‍ഡ് തകര്‍ന്നോ? ഇതാണ് സത്യം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഒരു ബോളിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയാവുന്നത്. അവിശ്വസനീയ വേഗതയാണ് ഇതിനു കാരണം. പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുടെ ലോക റെക്കോര്‍ഡിനെപ്പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു ഇത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബോളെന്ന അക്തറിന്റെ റെക്കോര്‍ഡ് സിറാജ് തകര്‍ത്തെന്ന തരത്തില്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ചൂടുപിടിച്ചു. യഥാര്‍ഥത്തില്‍ എന്താണ് ഇതിന്റെ സത്യം? ഇതേക്കുറിച്ചു പരിശോധിക്കാം.

MOHAMMED SIRAJ

സംഭവിച്ചതെന്ത്?

അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു സംഭവം. മുഹമ്മദ് സിറാജ് എറിഞ്ഞ 25ാമത്തെ ഓവറിലായിരുന്നു ഇത്. 27 റണ്‍സുമായി നതാന്‍ മക്‌സ്വീനിയും 17 റണ്‍സോടെ മാര്‍നസ് ലബ്യുഷെയ്‌നുമായുമായിരുന്നു അപ്പോള്‍ ക്രീസില്‍. 25ാമത്തെ ഓവറിലെ അവസാനത്തെ ബോള്‍ കഴിഞ്ഞപ്പോഴാണ് ഇതിന്റെ വേഗത 181.6 കിമിയാണെന്നു ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചത്.

ഇതോടെയാണ് ഷുഐബ് അക്തര്‍ നേരത്തേ സ്ഥാപിച്ചിട്ടുള്ള 161.3 കിമിയെന്ന ലോക റെക്കോര്‍ഡ് സിറാജ് തകര്‍ത്തോയെന്നു സംശയങ്ങളുയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നതോടെ വളരെ പെട്ടെന്നു ഇതു വൈറലാവുകയും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ മാറുകയും ചെയ്യുകയായിരുന്നു.

2003ലായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിശേഷിപ്പിക്കപ്പെടുന്ന അക്തര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ചരിത്രത്തില്‍ ഇടം പിടിച്ചത്. സൗത്താഫ്രിക്കയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ അദ്ഭുത ബോള്‍. പക്ഷെ ഈ പന്തില്‍ അക്തര്‍ക്കു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

ശരിക്കും റെക്കോര്‍ഡുണ്ടോ?

ഷുഐബ് അക്തറുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത് മുഹമ്മദ് സിറാജ് പുതിയ കിങായി മാറിയോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇതിനുള്ള ഉത്തരം നോയെന്നു തന്നെയാണ്. യഥാര്‍ഥത്തില്‍ സിറാജിന്റെ ബോളിന്റെ വേഗത 181.6 കിമി ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ബ്രോഡ്കാസ്റ്റര്‍മാരുടെ ഭാഗത്തു നിന്നും സംഭവിച്ച സാങ്കേതിക പിഴവ് കൊണ്ടാണ് ബോളിന്റെ വേഗത അത്രയും കാണിച്ചത്.

MOHAMMED SIRAJ

അതേസമയം, നിരാശാജനകമായ ബൗളിങാണ് സിറാജ് ഈ ടെസ്റ്റില്‍ കാഴ്ചവയ്ക്കുന്നത്. ആദ്യ ദിനം വിക്കറ്റുകളൊന്നും ലഭിക്കാതിരുന്ന അദ്ദേഹത്തിനു രണ്ടാംദിനം ആദ്യ സെഷനിലും വിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഇതിനകം വീണ ഓസ്‌ട്രേലിയയുടെ മൂന്നു വിക്കറ്റുകളും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ്.

ഓസ്‌ട്രേലിയക്കു മേല്‍ക്കൈ

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ ആധിപത്യം നേടിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 180 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം 54 ഓവറുകള്‍ കഴിയുമ്പോള്‍ ഓസീസ് മൂന്നു വിക്കറ്റിനു 168 റണ്‍സെന്ന ശക്തമായ നിലയിലാണ്.

ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 12 റണ്‍സ് മാത്രം മതി. ഫിഫ്റ്റിയോടെ മാര്‍നസ് ലബ്യുഷെയ്‌നും (64) ട്രാവിസ് ഹെഡുമാണ് (32) ക്രീസിലുള്ളത്. ഉസ്മന്‍ ഖവാജ (13), നതാന്‍ മക്‌സ്വീനി (39), സ്റ്റീവ് സ്മിത്ത് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി കുറിക്കാനായില്ല. 42 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററാത്. കെഎല്‍ രാഹുല്‍ 37ഉം ശുഭ്മന്‍ ഗില്‍ 31ഉം റണ്‍സുമെടുത്തു. ആറു വിക്കറ്റുകള്‍ പിഴുത മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

Story first published: Saturday, December 7, 2024, 11:30 [IST]
Other articles published on Dec 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+