Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ഓപ്പണിങ് വിടണം, പുതിയ പൊസിഷന്‍ ഇതുമതി! കനേരിയ പറയുന്നു

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി വളരെ മോശം പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നത്. ന്യൂസീലന്‍ഡിനെതിരേ സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര തോറ്റതോടെ ഇന്ത്യക്കെതിരേ വിമര്‍ശനം ശക്തമാണ്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. കിവീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നതും ഇതാദ്യമായാണ്. ആദ്യത്തെ രണ്ട് മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും മങ്ങിയിരിക്കുകയാണ്.

ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ള വലിയ വെല്ലുവിളി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നേടാനാവാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനാവില്ലെന്ന് തന്നെ പറയാം. നിലവില്‍ ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ്. ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന പല താരങ്ങള്‍ക്കും നിലവില്‍ മികവിനൊത്ത് ഉയരാനാവുന്നില്ല. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് പൊസിഷന്‍ മാറണമെന്നും പുതിയ ഓപ്പണിങ് കൂട്ടുകെട്ട് വരണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നറായ ഡാനിഷ് കനേരിയ.

രോഹിത് മൂന്നാം നമ്പറിലേക്ക് മാറണം

ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ രോഹിത് ശര്‍മക്ക് കഴിയുന്നില്ല. അവസാനം കളിച്ച പല മത്സരങ്ങളിലും ഒറ്റ സംഖ്യക്കാണ് രോഹിത് പുറത്തായത്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറിലേക്ക് മാറ്റണമെന്നും ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നുമാണ് കനേരിയ നിര്‍ദേശിക്കുന്നത്. ' രോഹിത് ശര്‍മ മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കായി നിരവധി മികച്ച പ്രകടനങ്ങള്‍ നടത്താനും രോഹിത്തിനായിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ ഫോം വിലയിരുത്തുമ്പോള്‍ രോഹിത് മൂന്നാം നമ്പറിലേക്ക് മാറണമെന്നാണ് എന്റെ അഭിപ്രായം. ശുബ്മാന്‍ ഗില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി എത്തണം. ഇത് രോഹിത് ശര്‍മക്ക് തുടക്കത്തിലെ സമ്മര്‍ദ്ദം ഒഴിവാക്കി അല്‍പ്പം കൂടി സമയം നല്‍കും. രോഹിത് ന്യൂബോളില്‍ പ്രയാസപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ന്യൂബോളില്‍ നല്ല വേഗവും സ്വിങ്ങും പ്രതീക്ഷിക്കാം. ഈ സാഹചര്യത്തില്‍ ഈ മാറ്റം പരിഗണിക്കാവുന്നതാണ്' കനേരിയ പറഞ്ഞു.

rohit sharma test

നിതീഷ് കുമാറിനെ കളിപ്പിക്കണം

ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെ പരിഗണിച്ചിട്ടുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ കഴിഞ്ഞ ഐപിഎല്ലിലൂടെ മികവ് കാട്ടിയാണ് ശ്രദ്ധ നേടിയത്. ഇന്ത്യക്കായി ടി20യിലും മികച്ച പ്രകടനം നടത്തിയ നിതീഷിന് ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ സാധിക്കുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ നിതീഷ് കുമാറിനെ ഇന്ത്യ ആദ്യ മത്സരം മുതല്‍ കളിപ്പിക്കണമെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്.

' കെ എല്‍ രാഹുലിന് പകരം ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കണം. പ്രതിഭാശാലിയായ ക്രിക്കറ്റ് താരമാണവന്‍. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണവന്‍. രാഹുല്‍ വലിയ സമ്മര്‍ദ്ദത്തോടെയാണ് കളിക്കുന്നത്. അതുകൊണ്ടാണ് നിതീഷിനെ ഇന്ത്യ ഇപ്പോള്‍ പിന്തുണച്ചിരിക്കുന്നതും. ആദ്യ മത്സരം മുതല്‍ നിതീഷിന് അവസരം നല്‍കുമെന്നാണ് കരുതുന്നത്' കനേരിയ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പേസ് ഓള്‍റൗണ്ടര്‍ റോളില്‍ നിതീഷിന് അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

ഇന്ത്യക്ക് ഇത്തവണ എളുപ്പമല്ല

കഴിഞ്ഞ രണ്ട് തവണത്തെപ്പോലെ ഇത്തവണ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. സാഹചര്യം ഇന്ത്യക്ക് പ്രതികൂലമാണെന്ന് തന്നെ പറയാം. സമീപകാലത്തെ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളുടെ പ്രകടനങ്ങളെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്. കൂടാതെ ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ തന്ത്രങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരത്തിനൊത്തല്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കും. ഇത്തവണ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനും വിരളമായ സാധ്യതയാണുള്ളതെന്ന് പറയാം.

Story first published: Tuesday, October 29, 2024, 14:52 [IST]
Other articles published on Oct 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+