സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ദുരന്തത്തില്‍ കലാശിച്ചതോടെ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് രണ്ടു പേരാണ്. നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. അത്രയും ദയനീയ ബാറ്റിങ് പ്രകടനമാണ് ഇരുവരും ഈ പരമ്പരയില്‍ കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ കോലിയെയും രോഹിത്തിനെയും ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസ് ജോടികളായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ചേര്‍ന്നു നേടിയ അത്ര പോലും റണ്‍സ് രോഹിത്തും കോലിയും ചേര്‍ന്ന് സ്‌കോര്‍ ചെയ്തിട്ടില്ലെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ഇതു തന്നെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇരുവരുടെയും സ്ഥാനം ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടാനും കാരണമായിരിക്കുന്നത്.

ദയനീയം രോക്കോ
അംഗീകൃത ബാറ്റര്‍മാര്‍ പോലുമല്ലാത്ത വാലറ്റക്കാരായ പാറ്റ് കമ്മിന്‍സും മിച്ചെല്‍ സ്റ്റാര്‍ക്കും ചേര്‍ന്നെടുത്ത അത്ര പോലും റണ്‍സ് രോഹിത് ശര്‍മ- വിരാട് കോലി ജോടികള്‍ക്കു സംഭാവന ചെയ്യാനായിട്ടില്ലെന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.
14 ഇന്നിങ്‌സുകളാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ രോഹിത്തും കോലിയും ചേര്‍ന്ന് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 17 ശരാശരിയില്‍ ഇവര്‍ക്കു നേടാനായത് വെറും 221 റണ്‍സ് മാത്രം. പെര്‍ത്തില്‍ കോലി നേടിയ ഏക സെഞ്ച്വറി മാത്രമേ ഇരുവര്‍ക്കും കൂടി ആശ്വാസമായി എടുത്തു കാണിക്കാനുള്ളൂ.
എന്നാല്‍ വാലറ്റക്കാരായ കമ്മിന്‍സും സ്റ്റാര്‍ക്കും ചേര്‍ന്ന് 16 ഇന്നിങ്‌സുകളിലാണ് ഓസ്ട്രേലിയക്കു വേണ്ടി ആകെ ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 17.06 ശരാശരിയില്‍ 256 റണ്‍സും ഇരുവരും ചേര്‍ന്നെടുത്തു. ഇന്ത്യന്‍ സഖ്യത്തേക്കാള്‍ 35 റണ്‍സ് കൂടുതല്‍ ഓസീസ് പേസ് ജോടികള്‍ അടിച്ചെടുത്തതായി കാണാം
തികഞ്ഞ പരാജയം
വിരാട് കോലി ഇന്ത്യക്കായി അഞ്ചു ടെസ്റ്റുകളിലും കളിച്ചപ്പോള്‍ രോഹിത് ശര്‍മ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് പെര്‍ത്തിലെ ഒന്നാം ടെസ്റ്റ് നഷ്ടമായ അദ്ദേഹം സിഡ്‌നിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയും ചെയ്തു. അഞ്ചു ടെസ്റ്റുകളിലെ ഒമ്പതു ഇന്നിങ്‌സുകളിലായി 23.75 ശരാശരിയില്‍ 190 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 100 റണ്‍സുമായി കോലി തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടരെ ഫ്‌ളോപ്പായി മാറി. അതിനു ശേഷമുള്ള ഏഴിന്നിങ്‌സുകളില്‍ നിന്നും വെറും 85 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒരേ രീതിയിലാണ് കോലി ഭൂരിഭാഗം ഇന്നിങ്‌സുകളിലും പുറത്തായതെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഓഫ്‌സ്റ്റംപിനു പുറത്തു കൂടി പോവുന്ന ബോളുകളില്‍ അദ്ദേഹം എഡ്ജായി വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് സ്ഥിരം കാഴ്ചയായി മാറുകയായിരുന്നു.
രോഹിത്തിന്റെ കാര്യമെടുത്താല്‍ ആറാമനായും ഓപ്പണറായുമെല്ലാം ബാറ്റ് ചെയ്‌തെങ്കിലും എല്ലാം ദുരന്തത്തിലാണ് കലാശിച്ചത്. മൂന്നു ടെസ്റ്റുകളിലെ അഞ്ചിന്നിങ്‌സുകൡലായി വെറും 31 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 10 റണ്‍സുമായിരുന്നു. ഇത്ര പരിതാപകരമായ പ്രകടനം രോഹിത് ഏതെങ്കിലും പരമ്പരയില്‍ കാഴ്ചവച്ചിട്ടുണ്ടോയെന്ന കാര്യം പോലും സംശയമാണ്.
പുറത്താക്കുമോ ബിസിസിഐ
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും രോഹിത് ശര്‍മയെയും വിരാട് കോലിയെയും പുറത്താക്കുകയെന്ന കടുപ്പമേറിയ കോള്‍ ബിസിസിഐ സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവുകയും ഇവയില്‍ ഫോം വീണ്ടെടുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇരുവരും ടെസ്റ്റ് ടീമില്‍ ഇനി സ്ഥാനം അര്‍ഹിക്കുന്നുള്ളൂ.
കാരണം ജൂണില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. നിലവിലെ ഫോമില്‍ രോഹിത്തിനെയും കോലിയെയും ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാല്‍ അവിടെയും ഫ്‌ളോപ്പാവുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഈ പര്യടനത്തിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കാന്‍ രണ്ടു സൂപ്പര്‍ താരങ്ങളോടും സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടേക്കുകയും ചെയ്യും.