പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. പെര്‍ത്തിലെ ബൗളിങ് പിച്ചില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റിന് 51 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്. യശ്വസി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും ഡെക്കിന് പുറത്തായപ്പോള്‍ വിരാട് കോലിക്ക് അഞ്ച് റണ്‍സാണ് നേടാനായത്. കെ എല്‍ രാഹുല്‍ 26 റണ്‍സെടുത്താണ് മടങ്ങിയത്.
ഇന്ത്യയുടെ മുന്‍നിരയിലെ നാല് പ്രധാന താരങ്ങളും കൂടാരം കയറിയതിനാല്‍ ഇന്ത്യയുടെ നില പരുങ്ങലിലാണ്. ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടവെ കെ എല്‍ രാഹുലിന്റെ പുറത്താകല്‍ വലിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ മികച്ച പ്രകടനത്തോടെ നിലയുറപ്പിച്ച് മുന്നേറുകയായിരുന്നു. 74 പന്തില്‍ 3 ഫോറടക്കം 26 റണ്‍സാണ് രാഹുല്‍ നേടിയത്. അപ്പോഴാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായി മടങ്ങുന്നത്.
എന്നാല്‍ രാഹുലിന്റെ ബാറ്റില്‍ ടെച്ചില്ലായിരുന്നു എന്നാണ് റിപ്ലേകളില്‍ വ്യക്തമാവുന്നത്. ഇതോടെ തേര്‍ഡ് അംപയറുടെ വിചിത്ര തീരുമാനത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
രാഹുലിന്റെ ബാറ്റില്‍ പന്ത് കൊണ്ടിട്ടില്ല?
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കെ എല്‍ രാഹുലിന്റെ ബാറ്റിന് തൊട്ടടുത്തുകൂടിയാണ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയിലെത്തുന്നത്. ഇതിന് പിന്നാലെ ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഓണ്‍ഫീല്‍ഡ് അംപയര്‍ ഇത് നോട്ടാട്ടൗണെന്നാണ് തീരുമാനമെടുത്തത്. എന്നാല്‍ ഓസീസ് റിവ്യൂവെടുത്തതോടെ തീരുമാനം തേര്‍ഡ് അംപയറിലേക്കെത്തി. തേര്‍ഡ് അംപയര്‍ ഇത് ഔട്ടാണെന്നാണ് വിധിച്ചത്. രാഹുലിനും ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും വിശ്വസിക്കാനാവാത്ത വിധിയായിരുന്നു ഇത്.
തേര്‍ഡ് അംപയര്‍ പരിശോധിച്ചപ്പോള്‍ പന്ത് ബാറ്റിന് തൊട്ടടുത്തുകൂടി കടന്ന് പോകുന്നത് വ്യക്തമാണ്. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. സ്‌നിക്കോ പരിശോധനയില്‍ പന്ത് ബാറ്റില്‍ തട്ടിയതായി സ്പാര്‍ക്ക് കാട്ടുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വലിയ വിമര്‍ശനമാണ് തേര്‍ഡ് അംപയര്‍ക്കെതിരേ ഉയരുന്നത്.

സാങ്കേതിക പിഴവല്ല
രാഹുല്‍ മികച്ച ഫോമില്‍ മുന്നേറവെ ഇന്ത്യയെ തളര്‍ത്തുന്ന തരത്തിലുള്ള വിചിത്ര തീരുമാനമാണ് അംപയറുടേത്. ഇന്ത്യയെ തകര്‍ക്കാന്‍ തേര്‍ഡ് അംപയര്‍ കൂട്ടുനിന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇത്രയും വലിയൊരു മത്സരം നടക്കുമ്പോള്‍ സാങ്കേതികത ഇത്രയും ദുരന്തമാവുന്നത് അംഗീകരിക്കാനാവില്ല. മത്സരഫലത്തെ മാറ്റിമറിക്കുന്ന തീരുമാനമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്രയും വലിയ പിഴവ് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.
മുന്‍ താരങ്ങള്‍ കലിപ്പില്‍
റോബിന്‍ ഉത്തപ്പ എന്തൊരു നെറികേടാണിതെന്നും ഇത് തമാശയാണോയെന്നുമാണ് ചോദിക്കുന്നത്. മുരളി കാര്‍ത്തികും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിശ്വസിക്കാനാവാത്ത വിചിത്ര തീരുമാനമാണിതെന്നാണ് കാര്‍ത്തിക് പറയുന്നത്. മുന്നില്‍ നിന്നുള്ള ആംഗിള്‍ പരിശോധിക്കാതെയാണ് തേര്‍ഡ് അംപയര്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഓണ്‍ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചിട്ടും അംപയേഴ്‌സ് കോള്‍ പരിശോധിക്കാതെ ആവശ്യത്തിന് പരിശോധന നടത്താതെ ഇത്തരമൊരു തീരുമാനം വിചിത്രമാണെന്നും അംപയറുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നുമാണ് ആകാശ് ചോപ്ര എക്‌സിലൂടെ പ്രതികരിച്ചത്. വരുണ്‍ ആരോണും ഹര്‍ഷ ഭോഗ്ലെയുമടക്കം പ്രമുഖരെല്ലാം രാഹുലിനെ പുറത്താക്കാനുള്ള തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
തേര്‍ഡ് അംപയറിന്റെ തീരുമാനത്തിനെതിരേ വലിയ പ്രതിഷേധം ഇതിനോടകം ഉയരുന്നുണ്ട്. നിര്‍ണ്ണായകമായ വാശിയേറിയ പോരാട്ടത്തില്‍ മോശം അംപയറിങ് സന്ദര്‍ശക ടീമിനെ കൂടുതല്‍ തളര്‍ത്തുകയാണ്. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഇനി എന്താവുമെന്നത് കണ്ടറിയാം.