മുംബൈ: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടത് വലിയ വിവാദമായിരുന്നു. 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജു പുറത്തിരിക്കുമ്പോള്‍ 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവ് ടീമിലിടം നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീം തിരഞ്ഞെടുപ്പിനെതിരേ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി ഫ്‌ളോപ്പായിട്ടും വലിയ പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കുന്നു.
മറുവശത്ത് സഞ്ജുവിന് അര്‍ഹിച്ച അവസരം പോലും ലഭിക്കുന്നില്ല. സഞ്ജുവിന്റെ പ്രതിഭ നന്നായി അറിയാവുന്ന രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനുണ്ടായിട്ടും താരത്തിന് അവസരം ലഭിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇപ്പോഴിതാ സഞ്ജുവിനെ മറികടന്ന് എന്തുകൊണ്ടാണ് സൂര്യകുമാറിന് ഇന്ത്യ അവസരം നല്‍കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദ്രാവിഡ്.
'സൂര്യകുമാര്‍ യാദവിന് ടീമിലെ സ്ഥാനത്തെയോര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം അവന്‍ ഇപ്പോള്‍ത്തന്നെ ലോകകപ്പ് ടീമിലുണ്ട്. അവനെ ടീം മാനേജ്‌മെന്റ് പൂര്‍ണ്ണമായും പിന്തുണക്കും. അവന്റെ കഴിവും പ്രതിഭയും തിരിച്ചറിയുന്നതിനാലാണ് ടീം മാനേജ്‌മെന്റ് അവന് എല്ലാ പിന്തുണയും നല്‍കുന്നത്. ടി20യിലെ അവന്റെ പ്രകടനം നോക്കുക. ആറാം നമ്പറില്‍ അവന് സൃഷ്ടിക്കാന്‍ സാധിക്കുന്ന ഇംപാക്ട് വലുതാണെന്ന് ഞങ്ങള്‍ക്കറിയാം. മത്സരത്തെ പെട്ടെന്ന് മാറ്റിമറിക്കാന്‍ സൂര്യക്കാവും.
അവന്റെ പ്രകടനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ഓസീസ് പരമ്പരയില്‍ അവന് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന വിശ്വാസമുണ്ട്. ഈ പരമ്പര ഏകദിന ബാറ്റ്‌സ്മാനെന്ന നിലയിലെ അവന്റെ വളര്‍ച്ചക്ക് സഹായിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു'- ദ്രാവിഡ് പറഞ്ഞു. സൂര്യയുടെ പ്രഹര ശേഷി വളരെ മികച്ചതാണ്. എന്നാല്‍ ഏകദിനത്തില്‍ കളിച്ച് മികവ്കാട്ടാന്‍ സാധിക്കുന്ന പക്വത സൂര്യക്കില്ല. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരം സൂര്യക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് നല്‍കിയത്.

എന്നാല്‍ തുടര്‍ച്ചയായി സ്വീപ് ഷോട്ട് മാത്രം കളിച്ച സൂര്യ വിക്കറ്റ് തുലക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കാണ് സൂര്യ നേരിട്ടത്. സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ശേഷിയുള്ളവനാണ്. എന്നാല്‍ ഏകദിനത്തില്‍ വലിയ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ക്ഷമയോടെ ബാറ്റുചെയ്യേണ്ടതായുണ്ട്. എന്നാല്‍ സൂര്യക്കതിന് സാധിക്കുന്നില്ലെന്നത് ഇതുവരെയുള്ള പ്രകടനങ്ങളില്‍ നിന്ന് വ്യക്തം.
27 ഏകദിനത്തില്‍ നിന്ന് 24.4 ശരാശരിയില്‍ 537 റണ്‍സാണ് സൂര്യക്ക് ആകെ നേടാനായത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അതേ സമയം സഞ്ജു സാംസണ്‍ 13 മത്സരത്തില്‍ നിന്ന് 390 റണ്‍സാണ് നേടിയത്. അതും 55.7 ശരാശരിയില്‍. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ അര്‍ധ സെഞ്ച്വറിയടക്കം നേടി സഞ്ജു മികവ് തെളിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം തഴയപ്പെട്ടുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. സഞ്ജു ഐപിഎല്‍ കരിയര്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ദ്രാവിഡിന് അറിയാം.
ഇന്ത്യയുടെ എ ടീം പരിശീലകനായി ദ്രാവിഡ് പ്രവര്‍ത്തിക്കുമ്പോള്‍ സഞ്ജു ടീമിലുണ്ടായിരുന്നു. സഞ്ജുവിന്റെ കരിയറിലെ പ്രധാന പല പ്രകടനങ്ങളും ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലായിരുന്നുവെന്ന് പറയാം. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജു നേടിയ 86 റണ്‍സ് പ്രകടനം തന്നെ അദ്ദേഹത്തിന്റെ മികവ് വ്യക്തമാക്കുന്നതാണ്. ഏകദിനത്തില്‍ വലിയ കരിയര്‍ സഞ്ജു അര്‍ഹിക്കുന്നു.
ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ നിന്നും തഴഞ്ഞതിന് പിന്നാലെ ഓസീസ് പരമ്പരയില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതാണ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയത്. റുതുരാജ് ഗെയ്ക് വാദിനും തിലക് വര്‍മക്കുമടക്കം ഇടം ലഭിച്ചപ്പോള്‍ സഞ്ജു മാത്രം പുറത്ത്. മലയാളി താരത്തിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക വളരെ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. ഓസീസ് പരമ്പരയില്‍ സൂര്യ ഫ്‌ളോപ്പായാലും ലോകകപ്പ് ടീമില്‍ തുടരാനാണ് സാധ്യത. സഞ്ജുവിനെ റിസര്‍വ് താരമായി പരിഗണിക്കുമോയെന്നത് കണ്ടറിയാം.