അഡ്‌ലെയ്ഡ്: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയോടേറ്റ ആദ്യ ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയ. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ വേഗതയേറിയ പിച്ചൊരുക്കി ഇന്ത്യയെ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ കെണിയില്‍ ഓസീസ് തന്നെ വീഴുകയായിരുന്നു. 295 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
ഇനി അടുത്ത മാസം ആറു മുതല്‍ അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലാണ് ഓസീസിന്റെ പ്രതീക്ഷ. ഇതിനു വേണ്ടി പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് കംഗാരുപ്പട. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.

ബോളണ്ടിനെ തിരിച്ചുവിളിച്ചു
റെഡ് ബോള്‍ ക്രിക്കറ്റിലെ അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ വെറ്ററന്‍ പേസര്‍ സ്‌കോട്ട് ബോളണ്ടിനെ തിരികെ വിളിച്ചാണ് പിങ്ക് ബോള്‍ ടെസ്റ്റിനായി ഓസ്‌ട്രേലിയയുടെ പടയൊരുക്കം. പിങ്ക് ബോള്‍ ടെസ്റ്റിലെ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരുള്‍പ്പെടുന്ന ഓസ്‌ട്രേലിയയുടെ പേസ് ത്രയം ഇതിനകം തന്നെ വളരെ ശക്തമാണ്. ഇവര്‍ക്കൂ കൂട്ടായാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തീര്‍ക്കാന്‍ 35 കാരനായ ബോളണ്ടിനെ കൂടി ഓസ്‌ട്രേലിയ കൊണ്ടു വന്നിരിക്കുന്നത്.
ലക്ഷ്യം രാഹുല്‍?
അ്ഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കോട്ട് ബോളണ്ടിനെ തിരികെ വിളിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാണാണ് രാഹുല്‍. വളരെ മികച്ച ഫോമിലാണ് ഓപ്പണറായി കളിച്ച അദ്ദേഹം രണ്ടിന്നിങ്‌സുകളിലും കാണപ്പെട്ടത്.
ആദ്യ ഇന്നിങ്‌സില്‍ 26 റണ്‍സെടുത്തു നില്‍ക്കവെ തേര്‍ഡ് അംപയറുടെ മോശം തീരുമാനത്തെ തുടര്‍ന്ന് രാഹുലിനു നിരാശനായി ക്രീസ് വിടേണ്ടി വന്നിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ഈ നിരാശ മായ്ച്ചു കളഞ്ഞു. 77 റണ്‍സുമായാണ് രാഹുല്‍ മിന്നിച്ചത്. ഓപ്പണിഭ് വിക്കറ്റില്‍ 201 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനായിരുന്നു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയതും ഇതു തന്നെയാണ്.

അതുകൊണ്ടു തന്നെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രാഹുലിനെ ഒതുക്കേണ്ടത് ഓസീസിന് പ്രധാനമാണ്. ഈ ലക്ഷ്യത്തോടെയാണ് ബോളണ്ടിനെ തിരികെ വിളിക്കുകയെന്ന മാസ്റ്റര്‍ പ്ലാന്‍ ഓസീസ് തയ്യാറാക്കിയത്. നേരത്തേ ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റില്‍ രാഹുലിനെ പുറത്താക്കിയത് ബോളണ്ടാണ്.
കൂടാതെ രാഹുലിന്റെ വിക്കറ്റെടുക്കുന്നത് താന്‍ ഏറെ ആസ്വദിക്കുന്നതായി ബോളണ്ട് അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ രാഹുലിനുള്ള പണി തന്നെയാണ് ഓസീസ് തയ്യാറാക്കിയതെന്നു നിസംശയം പറയാം.
ഇന്ത്യന്‍ ലൈനപ്പില്‍ മാറ്റം
ജസ്പ്രീത് ബംറയ്ക്കു കീഴില്‍ ആദ്യ ടെസ്റ്റില്‍ ഗംഭീര വിജയമാണ് കൊയ്തതെങ്കിലും പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു അതേ പ്ലെയിങ് ഇലവനെ നിലനിര്‍ത്താന്‍ സാധിക്കില്ല. രണ്ടു മാറ്റങ്ങള്‍ ടീമില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും ടീമില്‍ തിരിച്ചെത്തുമെന്നു ഉറപ്പായിരിക്കുകയാണ്.
ഇതോടെ പെര്‍ത്തില്‍ ഓപ്പണറായി കളിച്ച കെഎല്‍ രാഹുലിനു മധ്യനിരയിലേക്കു മാറേണ്ടതായി വരും. യശസ്വി ജയ്‌സ്വാളിനൊപ്പം നായകന്‍ രോഹിത്താവും ഇനി ഓപ്പണ്‍ ചെയ്യുക. ഗില്‍ മൂന്നാം നമ്പറില്‍ തിരിച്ചെത്തുമ്പോള്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ചീട്ട് കീറുകയും ചെയ്യും. രാഹുല്‍ മധ്യനിരയിലേക്കു മാറുമ്പോള്‍ സ്ഥാനം നഷ്ടമാവുക യുവതാരം ധ്രുവ് ജുറേലിനായിരിക്കും. ഈ രണ്ടു മാറ്റങ്ങള്‍ മാത്രമേ ഇന്ത്യ വരുത്താനിടയുള്ളൂ.