പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഈ മാസം 22 മുതല്‍ പെര്‍ത്തില്‍ തുടങ്ങാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാലു ദിവസം കൊണ്ട് തകര്‍ന്നടിയുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെന്‍ഡന്‍ ജൂലിയന്‍. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ ഇടംകൈയന്‍ പേസര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 1992-93 കാലത്തായി ഓസീസിനായി ഏഴു ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ജൂലിയന്‍.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇതിനകം ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. പെര്‍ത്തില്‍ ജയിച്ച് നന്നായി തന്നെ തുടങ്ങാനമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. എന്നാല്‍ ഒരുപാട് ആങ്കകള്‍ ടീമിനെ വലയ്ക്കുകയും ചെയ്യുന്നുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നായകന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല. മാത്രമല്ല ചില സീനിയര്‍ താരങ്ങളുടെ മോശം ഫോമും ഇന്ത്യക്കു തിരിച്ചടിയാണ്.

പെര്‍ത്തില്‍ ജയമുറപ്പ്
ഇന്ത്യന്‍ ടീം അത്ര മികച്ച ഫോമിലല്ല ഇപ്പോഴുള്ളതെങ്കിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കു ശക്തമായ വെല്ലുവിളി തന്നെ സൃഷ്ടിക്കുമെന്നു ഉറപ്പാണെന്നു ബ്രെന്‍ഡന്‍ ജൂലിയന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജയിക്കാമെന്നു ഇന്ത്യക്കു പ്രതീക്ഷ വേണ്ടെന്നും ഓസ്‌ട്രേലിയക്കു മല്‍സരത്തില്‍ വിജയുറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ നാലു ദിവസം കൊണ്ടു തന്നെ ഓസ്‌ട്രേലിയ ഇന്ത്യയുടെ കഥ കഴിക്കും. ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. മുന്‍നിര മുതല്‍ തന്നെ ഇന്ത്യക്കു പ്രശ്‌നങ്ങളാണ്. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കുന്നില്ല. അദ്ദേഹം നേരിട്ടു തന്നെ ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടു തന്നെ ജസ്പ്രീത് ബുംറയായിരിക്കും ടീമിനെ നയിക്കുന്നത്. ഓപ്പണിങ് ബൗളര്‍ കൂടിയാണ് അദ്ദേഹം. അതോടൊപ്പം ടീമിനെ നയിക്കുക കൂടി ചെയ്യുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടാവും. ബുംറ തീര്‍ച്ചയായും അതിശയിപ്പിക്കുന്ന ബൗളറാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല.
പക്ഷെ പെട്ടെന്നു നിങ്ങള്‍ ബൗളിങില്‍ ഓപ്പണ്‍ ചെയ്യുന്നതോടൊപ്പം ടീമിനെ നയിക്കുക കൂടി ചെയ്യുമ്പോള്‍ അതു നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതായിരിക്കുമെന്നും ഫോക്‌സ് ക്രിക്കറ്റിന്റെ (Fox Cricket) ഷോയില്‍ സംസാരിക്കവെ ജൂലിയന്‍ നിരീക്ഷിച്ചു.

കോലി മോശം ഫോമില്‍
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ മോശം ഫോമും ഇന്ത്യക്കു തിരിച്ചടിയാവുന്ന കാര്യമാണെന്നു ബ്രെന്‍ഡന്‍ ജൂലിയന്‍ പറയുന്നു. ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി പുറത്തായ രീതി തീര്‍ത്തും അവിശ്വസനീയം തന്നെയായിരുന്നു. കോലി ഇപ്പോള്‍ ഏറ്റവും മികച്ച ഫോമിലല്ല കാണപ്പെടുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് ഗൗതം ഗംഭീറുമായും ചേര്‍ന്നു പോവാന്‍ അദ്ദേഹത്തിനു കഴിയാത്തതു പോലെ കാണപ്പെടുന്നു.
കോലിക്കു തീര്‍ച്ചയായും ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശേഷിയുണ്ട്. പക്ഷെ പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിച്ചുകയറിയാല്‍ പിന്നെ ഇന്ത്യക്കു കാര്യങ്ങള്‍ അതീവ ദുഷ്‌കരം തന്നെയായിരിക്കുമെന്നും ജൂലിയന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ 0-3നു തൂത്തുവാരപ്പെട്ട അവസാന ടെസ്റ്റ് പരമ്പരയില്‍ ആറിന്നിങ്‌സുകളിലായി ആകെ നേടിയ സ്കോര്‍ മൂന്നക്കം പോലും കടക്കാന്‍ കോലിക്കായിരുന്നില്ല. ഒരേയൊരു ഫിഫ്റ്റി നേടിയതൊഴിച്ചാല്‍ ശേഷിച്ച അഞ്ചിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി.
കോലി vs ലയണ്‍
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിക്കു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക വെറ്ററര്‍ സ്പിന്നര്‍ നതാന്‍ ലയണായിരിക്കുമെന്നാണ് ബ്രെന്‍ഡന്‍ ജൂലിയന്‍ പറയുന്നത്. ന്യൂസിലാന്‍ഡിനെതിരേ സ്പിന്നര്‍മാര്‍ക്കെതിരേയാണ് വിരാട് കോലി പുറത്തായിക്കൊണ്ടിരുന്നത്. ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിന്റെ പ്രധാന എതിരാളി നതാന്‍ ലയണായിരിക്കും.
പക്ഷെ പെര്‍ത്തിലെ സാഹചര്യങ്ങള്‍ കോലി ആസ്വദിച്ചേക്കും. പെര്‍ത്തിലെ പിച്ച് വേഗതയും ബൗണ്‍സുമുള്ളതായിരിക്കും. പാറ്റ് കമ്മിനന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കെതിരേയെല്ലാം അദ്ദേഹം കളിക്കുകയും ചെയ്തിട്ടുള്ളതാണ്. നന്നായി തുടങ്ങാന്‍ കോലിക്കു സാധിച്ചാല്‍ ഇതു അദ്ദേഹത്തിനു മികച്ചൊരു ടെസ്റ്റ് പരമ്പര ആയിരിക്കുമെന്നും ജൂലിയന്‍ വിലയിരുത്തി.