ഐസിസിയുടെ ഏകദിന ലോകകപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കവെ ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യയോടു ഏകദിനത്തില്‍ മുട്ടിയ കംഗാരുപ്പടയ്ക്കു അടിതെറ്റി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിലും തോറ്റ ഓസീസ് പരമ്പര കൈവിടുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 99 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
ഈ കളിയില്‍ ബാറ്റിങ് നിരയുടെയും ബൗളിങ് നിരയുടെയും പ്രകടനം ഓസീസിനെ ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. ബൗളര്‍മാരുടെ പ്രകടനം തീര്‍ത്തും പരിതാപകരമായിരുന്നു. നാണക്കേടിന്റെ വലിയൊരു ലോക റെക്കോര്‍ഡും ഈ കളിയില്‍ ഓസ്‌ട്രേലിയ തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. ഏകദിനത്തില്‍ ഒരു വര്‍ഷം രണ്ടു ബൗളര്‍മാര്‍ 100ന് മുകളില്‍ റണ്‍സ് വഴങ്ങിയ ആദ്യത്തെ ടീമായി ഓസ്‌ട്രേലിയ മാറി.

സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയായിരുന്നു 100ന് മുകളില്‍ റണ്‍സ് ദാനം ചെയ്ത ആദ്യ ബൗളര്‍. 113 റണ്‍സ് അദ്ദേഹം വിട്ടുനല്‍കിയിരുന്നു. ഇന്ത്യയുമായുള്ള രണ്ടാം ഏകദിനത്തില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ബൗളിങില്‍ സെഞ്ച്വറി അടിച്ചു. 10 ഓവറുകളായിരുന്നു താരം ബൗള്‍ ചെയ്തത്. രണ്ടു വിക്കറ്റുകള്‍ പിഴുതെങ്കിലും 10.30 ഇക്കോണമി റേറ്റില്‍ 103 റണ്‍സാണ് ഗ്രീന്‍ വാരിക്കോരി നല്‍കിയത്.
നേരത്തേ ഈ മാസം 15നു സെഞ്ചൂറിയനില്‍ നടന്ന മല്‍സരത്തിലായിരുന്നു ഓസീസിന്റെ സൂപ്പര്‍ സ്പിന്നറായ സാംപയെ സൗത്താഫ്രിക്കയുടെ ബാറ്റര്‍മാര്‍ പഞ്ഞിക്കിട്ടത്. കളിയില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 11.30 ഇക്കോണമി റേറ്റിലായിരുന്നു 113 റണ്‍സ് വഴങ്ങിയത്. തല്ലുകിട്ടുക മാത്രമല്ല ഒരു വിക്കറ്റ് പോലും സാംപയ്ക്കു ലഭിച്ചില്ലെന്നതു നാണക്കേടിന്റെ ആഴം കൂട്ടന്നു.
സൗത്താഫ്രിക്ക 164 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ഈ കളിയില്‍ ഹെന്‍ഡ്രിച്ച് ക്ലാസന്റെ തീപ്പൊരി സെഞ്ച്വറിയായിരുന്നു സാംപയടക്കമുള്ള ഓസീസ് ബൗളര്‍മാര്‍ക്കു ക്ഷീണമായത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ ക്ലാസെന്‍ വെറും 83 ബോളില്‍ 174 റണ്‍സ് വാരിക്കൂട്ടി. 13 വീതം ഫോറുകളും സിക്‌സറുകളും ഉള്‍പ്പെടെയായിരുന്ന ഇത്. ഡേവിഡ് മില്ലര്‍ (45 ബോളില്‍ 82*), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (65 ബോളില്‍ 62), ക്വിന്റണ്‍ ഡികോക്ക് (64 ബോളില്‍ 45) എന്നിവരും സൗത്താഫ്രിക്കന്‍ നിരയില്‍ മിന്നിച്ചിരുന്നു.

അതേസമയം, ഇന്ത്യയുമായുള്ള രണ്ടാം ഏകദിനത്തിലേക്കു വരികയാണങ്കില്‍ ഗ്രീനിനെക്കൂടാതെ പേസര്‍ ഷോണ്‍ ആബട്ടാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയ മറ്റൊരു ഓസ്‌ട്രേലിയന്‍ ബൗളര്‍. 10 ഓവറില്‍ 9.1 ഇക്കോണമി റേറ്റില്‍ 91 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. സ്‌പെന്‍സര്‍ ജോണ്‍സന്‍ എട്ടോവറില്‍ 7.6 ഇക്കോണമി റേറ്റില്‍ 61 റണ്‍സും വഴങ്ങി.
പക്ഷെ, സാംപയും ജോഷ് ഹേസല്‍വുഡും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഹേസല്‍വുഡ് 10 ഓവറില്‍ 6.2 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റടക്കം 62 റണ്‍സും സാംപ 10 ഓവറില്‍ 6.7 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റുള്‍പ്പെടെ 67 റണ്‍സും വിട്ടുകൊടുത്തു. മാാത്യു ഷോര്‍ട്ടായിരുന്നു കളിയില്‍ പരീക്ഷിച്ച മറ്റൊരു ബൗളര്‍. അദ്ദേഹം രണ്ടോവറില്‍ 7.5 ഇക്കോമി റേറ്റില്‍ വിട്ടുകൊടുത്തത് 15 റണ്‍സാണ്.