മുംബൈ: കേരള ക്രിക്കറ്റിന്റെ അഭിമാനവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമാണ് സഞ്ജു സാംസണ്‍. വലിയ ആരാധക പിന്തുണയുള്ള താരമാണെങ്കിലും സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടാനായിട്ടില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ഒതുക്കപ്പെട്ട സഞ്ജുവിനെ പിന്നീട് ഈ സ്ഥാനത്ത് നിന്നും തഴഞ്ഞു. ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും തഴയപ്പെട്ട സഞ്ജുവിന് ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ പോലും ഇടം നേടാനായില്ല.
സഞ്ജുവിന്റെ ഏകദിന ശരാശരി 55ന് മുകളിലാണ്. 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവിന് ഏകദിന ലോകകപ്പിലടക്കം സീറ്റ് ലഭിക്കുകയും ചെയ്തു. സഞ്ജുവിനെ ഒതുക്കാന്‍ വ്യാപകമായ ശ്രമം ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരേ പല വിമര്‍ശനങ്ങളും പല പ്രമുഖരും ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജു ഏഷ്യന്‍ ഗെയിംസിലെങ്കിലും ഇടം അര്‍ഹിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
'സഞ്ജു സാംസണ്‍ ടീമില്‍ ഇടം അര്‍ഹിക്കുന്ന താരമാണ്. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. ടി20യില്‍ സഞ്ജുവിന് സ്ഥിരതയില്ലെന്നത് വസ്തുതയാണ്. എന്നാല്‍ ഏകദിനത്തിലെ അവന്റെ പ്രകടനങ്ങള്‍ മികച്ചതാണ്. പ്ലേയിങ് 11 അവന്‍ ഇല്ലാതിരിക്കുന്നതിന് പല ന്യായീകരണങ്ങളും പറയാം. എന്നാല്‍ എന്തുകൊണ്ടാണ് ടീമില്‍ പോലും ഇടമില്ലാത്തത്.
സ്ഥിരമായി അവസരം ലഭിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ സഞ്ജു സാംസണിന്റെ കാര്യത്തില്‍ അത് ലഭിച്ചിട്ടില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായിരുന്ന സഞ്ജുവിനെ ഓസീസ് പരമ്പരയ്ക്ക് പരിഗണിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസിലെങ്കിലും അവനെ അയക്കാമായിരുന്നു. നന്നായി കളിച്ചിട്ടും പിന്തുണ ലഭിക്കാത്തത് ഏതൊരു താരത്തെയും തളര്‍ത്തുന്നതാണ്'- ഉത്തപ്പ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

12 ഏകദിനം കളിച്ച് 55.71 ശരാശരിയില്‍ 390 റണ്‍സാണ് സഞ്ജു നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. നിലവില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി സഞ്ജുവിന് മുന്നിലുണ്ട്. റിഷഭ് പന്ത് ഈ വര്‍ഷം അവസാനത്തോടെ തിരിച്ചുവരും. ഇതോടെ സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സ്വപ്‌നം കൂടുതല്‍ പ്രതിസന്ധിയിലാവും. സഞ്ജുവിനെ ടീം മാനേജ്‌മെന്റ് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയടക്കം മധ്യനിരയില്‍ ബാറ്റുചെയ്ത് മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിട്ടുണ്ട്. സ്പിന്നിര്‍മാരെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ പിന്തുണക്കുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ദേശീയ ടീമില്‍ സ്ഥിരമായി ഇടം നേടാന്‍ സാധിക്കാതെ പോവുകയും ചെയ്യുന്നു.
ആര്‍ അശ്വിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിനെ ഉത്തപ്പ അഭിനന്ദിച്ചു. 'ഏകദിന ടീമിലേക്ക് തിരിച്ചുവരുമെന്ന് വ്യക്തമായതോടെ അശ്വിന്‍ പ്രാദേശികമായ ഏകദിന മത്സരം കളിക്കുകയാണ് ചെയ്തത്. അധികമാരും ചെയ്യാത്ത കാര്യമാണിത്. അവന്റെ ഈ മുന്നൊരുക്കത്തിന് വലിയ ശ്രദ്ധ ലഭിച്ചു. അശ്വിനെപ്പോലെയുള്ള താരങ്ങള്‍ക്ക് ഏത് സാഹചര്യത്തിലും തിളങ്ങാനാവും. കെ എല്‍ രാഹുലിനെ ഇന്ത്യ നായകനാക്കിയത് വലിയ കാര്യമാണ്.
എന്നാല്‍ നായകനെന്ന നിലയിലെ അവന്റെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ പ്രതിഭ രാഹുലിനുണ്ട്. എന്നാല്‍ നായകനാവുമ്പോള്‍ അത് അവന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നു. ഐപിഎല്ലിലടക്കം നമ്മള്‍ ഇത് കണ്ടതാണ്. ഏഷ്യാ കപ്പില്‍ അവന്റെ മികച്ച പ്രകടനമാണ് കണ്ടത്. ബാറ്റിങ്ങും കീപ്പിങ്ങുമെല്ലാം മികച്ചതായിരുന്നു. ഓസീസ് പരമ്പരയിലും ഇത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്'- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.