IND vs SA: ഇന്ത്യക്കു 32 അംഗ ടീം, എല്ലാ ഫോര്‍മാറ്റും കളിക്കുക വെറും 3 പേര്‍! 2 സര്‍പ്രൈസ് താരങ്ങള്‍
സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു വീതം ഏകദിനങ്ങളും ടി20കളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഈ മാസം 10 മുതല്‍ ടി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക. മൂന്നു വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ഈ പരമ്പരകളില്‍ ഇന്ത്യയെ നയിക്കുക. ടെസ്റ്റ് ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ ഏകദിനത്തില്‍ കെഎല്‍ രാഹുലും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍മാര്‍.
മൂന്നു സ്‌ക്വാഡുകളിലുമായി 32 പേരെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ ഇവരില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത് വെറും മൂന്നു പേര്‍ക്കു മാത്രമാണെന്നു കാണാം. അടുത്ത അഞ്ച്- ആറ് വര്‍ഷത്തേക്കു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഇവരിലാണെന്നു ഇതിലൂടെ ഉറപ്പിച്ചു പറയുകയും ചെയ്യാം.

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, മുന്‍നിര ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്, ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാര്‍ എന്നിവരാണ് സൗത്താഫ്രിക്കന്‍ പര്യനത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിലിടം ലഭിച്ചിരിക്കുന്ന ഭാഗ്യവാന്‍മാര്‍.
പരിക്കു ഭേദമായി മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയ ശേഷം ഉജ്ജ്വല ഫോമിലാണ് ശ്രേയസ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ഇറങ്ങി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. 521 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാമനായി ഇറങ്ങിയ ഒരു താരം 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും ഇതാദ്യമായിട്ടാണ്.
നേരത്തേ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കു സ്ഥിരം തലവേദനയായിട്ടുള്ള നാലാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ ഉറപ്പിക്കുന്നതായിരുന്നു ടൂര്‍ണമന്റില്‍ ശ്രേയസിന്റെ പ്രകടനം. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരകളില്‍ അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നു ഉറപ്പായിരിക്കുകയാണ്. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയുടെ ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറായിരിക്കും ശ്രേയസിനു ലഭിച്ചേക്കുക.

റുതുരാജാവാട്ടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പമുള്ള പ്രകടനം ഇപ്പോള്‍ ഇന്ത്യന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ നടന്ന മൂന്നാം ടി20യില്‍ ഓപ്പണറായി ഇറങ്ങി അദ്ദേഹം ഇടിവെട്ട് സെഞ്ച്വറി കുറിച്ചിരുന്നു. ടി20യില്‍ ഓസീസിനെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്.
ഈ സെഞ്ച്വറി കൂടാതെ ഒരു ഫിഫ്റ്റിയും പരമ്പരയില്‍ റുതുരാജ് കണ്ടെത്തിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20, ഏകദിനം എന്നീ ടൂമുകളുടെ ഭാഗമായ അദ്ദേഹത്തിനു ടെസ്റ്റില്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ അഭാവത്തില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. പുജാരയ്ക്കു പകരം മൂന്നാം നമ്പറിലാവും റുതുരാജ് കളിക്കുക. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഈ പരമ്പരയില്‍ സംഭവിച്ചേക്കുക.
പേസര്‍ മുകേഷാവട്ടെ ഇപ്പോള്‍ ഓസ്‌ട്രേലിയയുമായി നടക്കുന്ന ടി20 പരമ്പരയില്‍ ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത് ഏറെ കൈയടി നേടിക്കഴിഞ്ഞു. പരമ്പരയില്‍ ഇരുടീമുകളുടെയും ബൗളര്‍മാരെയെടുത്താല്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ളതു മുകേഷിനു തന്നെയാണ്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരന്വരയിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications