ഓസ്‌ട്രേലിയക്കെതിരേ ഈ മാസം 19ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഇന്ത്യയിറങ്ങുക. ശ്രേയസ് അയ്യരെ പുതിയ വൈസ് ക്യാപ്റ്റനായും നിയമിച്ചിരിക്കുകയാണ്.
മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണുള്‍പ്പെടെ ചില കളിക്കാര്‍ക്കു ഏകദിന ടീമിന്റെ ഭാഗമാവാന്‍ സാധിച്ചില്ല. പരമ്പരയില്‍ തഴയപ്പെട്ട നിര്‍ഭാഗ്യവാന്‍മാരില്‍ ഒരാളാണ് സഞ്ജുവെങ്കില്‍ ചിലര്‍ക്കു പരിക്കു കാരണവും ടീമിലെ സ്ഥാനം നഷ്ടമായിട്ടുണ്ട്.
ഏകദിന സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയവരെ മാത്രം ഉള്‍പ്പെടുത്തി ഒരു കിടിലന്‍ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ഇലവനില്‍ ആരെല്ലം?
ഇന്ത്യന്‍ ഏകദിന ഇലവനു വേണ്ടി ഓപ്പണിങ് റോളിലെത്തുക ടി20യിലെ നമ്പര്‍ വണ്‍ താരവും വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശര്‍മയും വലംകൈയന്‍ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദുമായിരിക്കും. ഏഷ്യാ കപ്പില്‍ ഏഴു കളിയില്‍ നിന്നും 300 പ്ലസ് റണ്‍സോടെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് അദ്ദേഹം.
ഏഷ്യാ കപ്പിലെ മാജിക്കല്‍ പ്രകടനം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിലേക്കും അഭിഷേകിനു വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തെ സെലക്ടര്‍മാര്‍ ഏകദിന ടീമിലെടുത്തില്ല. പകരം ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാളിനു നറുക്കുവീഴുകയായിരുന്നു. എങ്കിലും അധികം വൈകാതെ തന്നെ ഏകദിനത്തിലും ഇന്ത്യന്‍ കുപ്പായത്തില്‍ അഭിഷേകിനെ ടീമില്‍ പ്രതീക്ഷിക്കാം.
റുതുരാജാവട്ടെ മികച്ച ബാറ്റിങ് ടെക്‌നിക്കുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ്. ടി20യിലും ഏകദിനത്തിലും ഇതിനകം ഇന്ത്യക്കായി കളിച്ചു കഴിഞ്ഞെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
മൂന്നാം നമ്പറില്‍ ഇന്ത്യക്കായി കളിക്കുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്. അഭിഷേകിനെ പോലെ തന്നെ ഏഷ്യാ കപ്പില്‍ മിന്നിച്ച മറ്റൊരു താരമാണ് തിലക്. ഓസീസ് പര്യടനത്തില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചേക്കുമെന്നു കരുതിയെങ്കിലും സെലക്ടര്‍മാര്‍ അവഗണിക്കുകയായിരുന്നു. തിലക് കഴിഞ്ഞാല്‍ നാലാം നമ്പറില്‍ കളിക്കുക മറ്റൊരു യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്.
ബാറ്റിങിലും ബൗളിങിലും മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന മാച്ച് വിന്നറാണ് അദ്ദേഹം. പക്ഷെ പരാഗിനെയും ഓസീസ് പര്യടനത്തിനുള്ള ടീമിലേക്കു അജിത്് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല. പരാഗിന ശേഷം അഞ്ചാം നമ്പറില്‍ മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണാണ്. ഈ ടീമിന്റെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനും അദ്ദേഹം തന്നെ.

2023ല്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും അതിനു ശേഷം സഞ്ജുവിനു ഒരു അവസരം പോലും നല്‍കിയില്ലെന്നാണ് വിചിത്രമായ കാര്യം.
സഞ്ജു കഴിഞ്ഞാല്‍ ആഴും സ്ഥാനങ്ങളില്‍ രണ്ടു കിടിലന്‍ ഓള്‍റൗണ്ടര്‍മാരാണ്. ആറാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ട്. പരിക്കു കാരണമാണ് ഓസീസ് പര്യടനത്തില്‍ അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്.
മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാവട്ടെ ടീമില്‍ നിന്നും തഴയപ്പെടുകയുമായിരുന്നു. എട്ടാമനായി ടീമിലുണ്ടാവുക സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിയും.
ഇലവനിലെ ഏക സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. ഫാസ്റ്റ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ്. ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയപ്പോള്‍ ഷമിയെ പരിഗണിച്ചതുമില്ല.
ടീമിലില്ലാത്തവരുടെ ഇന്ത്യന്‍ 11
അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.