മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് നാളെ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യക്കും ഓസീസിനും ഒരുപോലെ നിര്‍ണ്ണായകമാണ് പരമ്പര. മൂന്ന് മത്സരങ്ങള്‍ ശേഷിക്കുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയില്‍ തുല്യത പങ്കിടുകയാണ്. അതുകൊണ്ടുതന്നെ നാലാം മത്സരത്തിന്റെ ഫലം വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യക്ക് നാലാം മത്സരം ജയിക്കാനായാല്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ജയിക്കാനാണ് രോഹിത്തും സംഘവും ശ്രമിക്കുന്നത്.
അതേ സമയം നേരത്തെ തന്നെ പ്ലേയിങ് 11 പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ നെഞ്ച് വിരിച്ചുനില്‍ക്കുകയാണെന്ന് പറയാം. അതുകൊണ്ടുതന്നെ ജയം നേടുക ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമാണെന്നതാണ് വസ്തുത. ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യക്ക് സമനില നേടാനായിട്ടുണ്ടെങ്കിലും ടീമിന്റെ ആകെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യ പ്രതീക്ഷ കാട്ടിട്ടില്ല. ഇപ്പോഴിതാ മെല്‍ബണ്‍ ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യക്ക് പ്ലേയിങ് 11ല്‍ എവിടെയാണ് മാറ്റം വേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.
രോഹിത് ശര്‍മ ഓപ്പണറാവണം
രോഹിത് ശര്‍മ ഓപ്പണര്‍ റോളിലേക്ക് തിരിച്ചെത്തണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. മധ്യനിരയില്‍ രോഹിത് ശര്‍മക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. മികച്ച റെക്കോഡുകള്‍ രോഹിത്തിന് അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. ഈ സാഹചര്യത്തില്‍ മധ്യനിരയില്‍ തുടര്‍ന്നാല്‍ അധികം വൈകാതെ രോഹിത്തിന് വിരമിക്കല്‍ പ്രഖ്യപിക്കേണ്ടതായി വരും. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചുവരവ് നടത്തണമെന്നാണ് ആകാശ് പറയുന്നത്.
കെ എല്‍ രാഹുലിന് മധ്യനിരയിലും തിളങ്ങാന്‍ സാധിക്കും. നേരത്തെ മധ്യനിരയില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള താരമാണ് രാഹുല്‍. ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണര്‍ റോളിലേക്ക് രാഹുല്‍ എത്തുകയായിരുന്നു. പിന്നീട് രോഹിത് തിരിച്ചുവന്നപ്പോഴും രണ്ട് മത്സരങ്ങളില്‍ക്കൂടി ഓപ്പണര്‍ റോളില്‍ തുടരാന്‍ രാഹുലിന് അവസരം ലഭിക്കുകയായിരുന്നു. രോഹിത് മെല്‍ബണില്‍ ഓപ്പണര്‍ റോളിലേക്കെത്തുമ്പോള്‍ രാഹുല്‍ മധ്യനിരയിലേക്ക് പോകേണ്ടതായി വരും.

നിതീഷ് കുമാര്‍ ബൗളിങ്ങില്‍ നിലവാരം കാട്ടുന്നില്ല
നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനവും ആകാശ് ചോദ്യം ചെയ്യുകയാണ്. ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്താന്‍ നിതീഷ് കുമാറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ബൗളറെന്ന നിലയില്‍ ടീമിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ നിതീഷിന് സാധിക്കുന്നില്ലെന്നാണ് ആകാശ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ മെല്‍ബണില്‍ നിതീഷ് കുമാറിന് പകരം ഇന്ത്യ വാഷിങ്ടണ്‍ സുന്ദറെ പരിഗണിക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
വാഷിങ്ടണ്‍ സുന്ദര്‍ പെര്‍ത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും തഴയപ്പെട്ടു. നാലാം മത്സരത്തില്‍ സുന്ദര്‍ തിരിച്ചുവരണമെന്നാണ് ആകാശ് വിലയിരുത്തുന്നത്. സുന്ദര്‍ പ്ലേയിങ് 11ലേക്കെത്തുമെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ സുന്ദറിനേയും ജഡേജയേയും പ്ലേയിങ് 11ല്‍ പ്രതീക്ഷിക്കാം. ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ മെല്‍ബണ്‍ ടെസ്റ്റിന് പരിഗണിക്കുമെന്നാണ് സൂചനകള്‍.
ഇന്ത്യക്ക് നാലാം പേസര്‍ വേണം
ഇന്ത്യ ഒരു പേസറെക്കൂടി പ്ലേയിങ് 11ല്‍ കൊണ്ടുവരണമെന്നാണ് ആകാശ് പറയുന്നത്. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്ന് തന്നെ പറയാം. ഇന്ത്യക്ക് ബൗളിങ്ങിനെക്കാള്‍ ആശങ്ക സൃഷ്ടിക്കുന്നത് ബാറ്റിങ് നിരയുടെ പ്രകടനമാണ്. ഒരു പേസറെക്കൂടി പരിഗണിച്ചാല്‍ ടീമിന്റെ ബാറ്റിങ് കരുത്തിനെ അത് കാര്യമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ നാലാം പേസറെ പരിഗണിച്ചേക്കില്ല. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജും ആകാശ് ദീപും തുടരാനാണ് സാധ്യത. അവസരം കാത്ത് പ്രസിദ്ധ് കൃഷ്ണ പുറത്തുണ്ടെങ്കിലും വിളിയെത്തിയേക്കില്ല.