അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 10 വിക്കറ്റിനാണ് ഇന്ത്യയെ ആതിഥേയര്‍ നാണംകെടുത്തിയത്. പെര്‍ത്തില്‍ ചരിത്ര ജയം നേടി ആഘോഷിച്ച ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് കംഗാരുക്കള്‍ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജസ്പ്രീത് ബുംറക്ക് കീഴിലായിരുന്നു കളിച്ചതും വിജയം നേടിയതും. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്.
ആദ്യ മത്സരത്തിലെ ഇന്ത്യയുടെ വിജയ കൂട്ടുകെട്ടിനെ അനാവശ്യമായി പൊളിച്ച് ടീം തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് പറയാം. ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന പ്രകടനമാണിത്. ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്കും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മക്കെതിരേയാണ് കൂടുതല്‍ വിമര്‍ശനം ഉയരുന്നത്. നായകനെന്ന നിലയില്‍ രോഹിത്തിന് സംഭവിച്ച പിഴവാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നാണ് പ്രമുഖരടക്കം വിമര്‍ശിക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യയെ തോല്‍പ്പിച്ചത് രോഹിത് ശര്‍മയാണെന്നും ക്യാപ്റ്റന്‍സി വളരെ മോശമായിരുന്നുവെന്നും പ്രതികരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.
ബുംറയെ വേണ്ടപോലെ ഉപയോഗിച്ചില്ല
രോഹിത് ശര്‍മ ജസ്പ്രീത് ബുംറയെ വേണ്ടപോലെ ഉപയോഗിച്ചില്ലെന്നും ട്രാവിസ് ഹെഡിനെതിരേ ഷോര്‍ട്ട് ബോള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നുമാണ് ആകാശ് ചോപ്ര പ്രധാനമായും ചോദിക്കുന്നത്. 'എന്തുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ട്രാവിസ് ഹെഡിനെതിരേ ബൗണ്‍സര്‍ എറിയാതിരുന്നത്. ഹെഡിന്റെ തലക്ക് ബൗണ്‍സര്‍ എറിയണമായിരുന്നു. നമ്മള്‍ അത് ചെയ്യാത്തതിനാല്‍ അനായാസം അവര്‍ റണ്‍സുയര്‍ത്തി. നേരത്തെ ഹെഡിനെ ഇതേ തന്ത്രം ഉപയോഗിച്ച് ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് ചെയ്യുന്നില്ല.
ബുംറയെക്കൊണ്ട് നാല് ഓവര്‍ എറിയിച്ചപ്പോള്‍ ഒരു വിക്കറ്റ് നേടി. എന്നാല്‍ പിന്നീട് ഓവര്‍ നല്‍കുന്നത് വലിയ ഇടവേളക്ക് ശേഷമാണ്. ആ സെക്ഷനില്‍ പിന്നെ ബുംറ പന്തെറിഞ്ഞിട്ടില്ല. ഇതെന്ത് ക്യാപ്റ്റന്‍സിയാണ്. രോഹിത്തിന് നായകനെന്ന നിലയിലെ കഴിവുകള്‍ കൈമോശം വന്നിരിക്കുന്നു. പ്രതിരോധ ക്യാപ്റ്റന്‍സിയെങ്കിലും കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിക്കണമായിരുന്നു' യുട്യൂബ് ചാനലില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

രോഹിത് ശര്‍മ സമ്മര്‍ദ്ദത്തില്‍
ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ വലിയ സമ്മര്‍ദ്ദത്തിലാണ് ഉള്ളതെന്ന് നിസംശയം പറയാം. ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ വൈറ്റ് വാഷ് നേരിട്ടത് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് വലിയ നാണക്കേടായി മാറി. ഇതോടൊപ്പം രോഹിത്തിന്റെ ബാറ്റിങ് പ്രകടനവും മോശമാണ്. മോശം ഫോം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ രോഹിത് സമ്മര്‍ദ്ദത്തോടെയാണ് ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജസ്പ്രീത് ബുംറക്ക് കീഴില്‍ ജയിച്ചത് രോഹിത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്' ആകാശ് പറഞ്ഞു.
മൂന്നാം മത്സരത്തിലും രോഹിത് ശര്‍മ നായകനായി തുടരുകയും ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും രോഹിത് പുറത്തിരിക്കാനാണ് സാധ്യത. ഓപ്പണര്‍ റോളില്‍ നിന്ന് മധ്യനിരയിലേക്കെത്തിയ രോഹിത്തിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. യുവ പ്രതിഭകള്‍ അവസരം കാത്തിരിക്കവെ രോഹിത് ടീമില്‍ കടിച്ചുതൂങ്ങുന്നത് ശരിയായ കാര്യമല്ല. ഈ സാഹചര്യത്തില്‍ രോഹിത് സ്വമേധയാ മാറുന്നതാണ് ടീമിനും അദ്ദേഹത്തിനും നല്ലതെന്ന് പറയാം.
രോഹിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കും
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ തോറ്റാല്‍ രോഹിത് ശര്‍മ നായകസ്ഥാനത്ത് നിന്ന് മാറിക്കൊടുക്കേണ്ടി വരുമെന്നുറപ്പാണ്. ന്യൂസീലന്‍ഡിനെതിരായ തോല്‍വി തന്നെ രോഹിത്തിന്റെ കസേരക്ക് ഇളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ തോറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നഷ്ടമായാല്‍ രോഹിത്തിനെ ഇന്ത്യ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നുറപ്പാണ്. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനെ സംബന്ധിച്ചും അത് വലിയ തിരിച്ചടിയായി മാറും.