Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തല്ലിത്തകര്‍ത്ത് റിഷഭ്, ഇന്ത്യ ഭേദപ്പെട്ട നിലയില്‍; സുന്ദറും ജഡേജയും ക്രീസില്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ഇന്നിങ്‌സില്‍ നേടിയ നാല് റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 141 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 145 റണ്‍സിന്റെ ലീഡാണുള്ളത്. വാഷിങ്ടണ്‍ സുന്ദറും (6) രവീന്ദ്ര ജഡേജയുമാണ് (8) ക്രീസില്‍. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സെടുത്തപ്പോള്‍ ഓസീസ് 181 റണ്‍സിനാണ് ഒന്നാം ഇന്നിങ്‌സില്‍ പുറത്തായത്.

നന്നായി തുടങ്ങി ഇന്ത്യ

നാല് റണ്‍സ് ലീഡ് നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തില്‍ കാണാമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ നാല് ബൗണ്ടറികളാണ് യശ്വസി ജയ്‌സ്വാള്‍ പായിച്ചത്. കെ എല്‍ രാഹുലും അല്‍പ്പം കൂടി ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. കൂട്ടുകെട്ട് 42 റണ്‍സില്‍ നില്‍ക്കവെ രാഹുലിനെ (13) സ്‌കോട്ട് ബോളണ്ട് ക്ലീന്‍ബൗള്‍ഡ് ചെയ്തു. മികച്ച ഷോട്ടുകളോടെ മുന്നേറിയ യശ്വസി ജയ്‌സ്വാളും വൈകാതെ വീണു.

22 റണ്‍സെടുത്ത ജയ്‌സ്വാളിനേയും ബോളണ്ട് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. വിരാട് കോലി വീണ്ടും നിരാശപ്പെടുത്തി. 12 പന്ത് നേരിട്ട് ആറ് റണ്‍സെടുത്ത കോലിയേയും ബോളണ്ടാണ് പുറത്താക്കിയത്. വീണ്ടും ഓഫ് സൈഡ് കെണിയില്‍ കോലി വീണുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇതോടെ 59ന് 3 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. ശുബ്മാന്‍ ഗില്‍ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. 13 റണ്‍സെടുത്ത ഗില്ലിനെ വെബസ്റ്റര്‍ പുറത്താക്കി. പിന്നീടാണ് റിഷഭ് പന്തിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ടത്. നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ പായിക്കാന്‍ റിഷഭിനായി.

29 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് 33 പന്തില്‍ 61 റണ്‍സെടുത്താണ് പുറത്തായത്. ആറ് ഫോറും നാല് സിക്‌സും പറത്തിയ റിഷഭിനെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. നിതീഷ് കുമാര്‍ റെഡ്ഡിക്കും (4) തിളങ്ങാനായില്ല. നാല് റണ്‍സെടുത്ത യുവതാരത്തെ ബോളണ്ടാണ് പുറത്താക്കിയത്.

എറിഞ്ഞൊതുക്കി ഇന്ത്യ

ഒരു വിക്കറ്റിന് 9 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എറിഞ്ഞൊതുക്കി. നായകന്‍ ജസ്പ്രീത് ബുംറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നിതീഷ് കുമാര്‍ റെഡ്ഡിയും കട്ടക്ക് കൂടെ നിന്നു. മാര്‍നസ് ലബ്യുഷെയ്‌നെ (2) പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഓസീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. അധികം വൈകാതെ അപകടകാരിയായ സാം കോണ്‍സ്റ്റസിനെ (23) മുഹമ്മദ് സിറാജ് പുറത്താക്കി.

ഓഫ് സൈഡ് പന്തില്‍ എഡ്ജായ കോണ്‍സ്റ്റാസ് സ്ലിപ്പില്‍ യശ്വസി ജയ്‌സ്വാളിന്റെ കൈയിലൊതുങ്ങി. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ട്രാവിസ് ഹെഡ് ബൗണ്ടറിയോടെയാണ് തുടങ്ങിയത്. എന്നാല്‍ നാല് റണ്‍സെടുത്ത ഹെഡിനെ ഇതേ ഓവറില്‍ പുറത്താക്കി സിറാജ് കരുത്തുകാട്ടി. ഒരുവശത്ത് സ്റ്റീവ് സ്മിത്ത് പിടിച്ചുനിന്നു. അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്‌സ്റ്ററിനോടൊപ്പം നിന്ന് ഓസീസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സ്മിത്ത് ശ്രമിച്ചു. 33 റണ്‍സുമായി സ്മിത്ത് നിലയുറപ്പിച്ച് വരവെ പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ രക്ഷകനായി.

virat kohli

അവസരത്തിനൊത്തുയര്‍ന്ന് ബൗളര്‍മാര്‍

സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് സ്മിത്തിന്റെ മടക്കം. അലക്‌സ് ക്യാരി 21 റണ്‍സെടുത്തു. പ്രസിദ്ധ് കൃഷ്ണ ക്യാരിയെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. വെബസ്റ്റര്‍ കന്നി ടെസ്റ്റ് ഫിഫ്റ്റി നേടി. 57 റണ്‍സ് നേടിയ വെബസ്റ്ററിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. ഓസീസിന്റെ വാലറ്റത്തെ വലിയ സ്‌കോറിലേക്കുയരാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. പാറ്റ് കമ്മിന്‍സിനെയും (10) മിച്ചല്‍ സ്റ്റാര്‍ക്കിനേയും (1) നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി.

നതാന്‍ ലിയണ്‍ (7) പുറത്താവാതെ നിന്നപ്പോള്‍ സ്‌കോട്ട് ബോളണ്ടിനെ (9) ക്ലീന്‍ബൗള്‍ഡാക്കി മുഹമ്മദ് സിറാജ് ഓസീസ് ചെറുത്തിനില്‍പ്പിന് അവസാനമിട്ടു. ഇതോടെ 181 റണ്‍സില്‍ ഓസീസ് ഒതുങ്ങുകയും ഇന്ത്യ നാല് റണ്‍സ് ലീഡ് നേടിയെടുക്കുകയും ചെയ്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടു. ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്‌

ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. യശ്വസി ജയ്സ്വാളാണ് (10) ആദ്യം മടങ്ങിയത്. കെ എല്‍ രാഹുലും (4) നിരാശപ്പെടുത്തി. രോഹിത് ശര്‍മക്ക് പകരമെത്തിയ ശുബ്മാന്‍ ഗില്ലിന് വലിയ സ്‌കോറിലേക്കുയരാനായില്ല. 20 റണ്‍സിലാണ് ഗില്‍ പുറത്തായത്. വിരാട് കോലി (17) വീണ്ടും ഓഫ്സൈഡ് കെണിയില്‍ പെട്ടു.

റിഷഭ് പന്ത് മാത്രമാണ് അല്‍പ്പം ചെറുത്തുനിന്നത്. 40 റണ്‍സെടുത്താണ് റിഷഭ് മടങ്ങിയത്. രവീന്ദ്ര ജഡേജ 26 റണ്‍സാണ് നേടിയത്. നിതീഷ് കുമാര്‍ റെഡ്ഡി (0) ഗോള്‍ഡന്‍ ഡെക്കായി. വാഷിങ്ടണ്‍ സുന്ദര്‍ക്കും (14) വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. പ്രസിദ്ധ് കൃഷ്ണ 3 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നായകന്‍ ജസ്പ്രീത് ബുംറ 22 റണ്‍സാണ് നേടിയത്. മുഹമ്മദ് സിറാജ് 3 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓസീസിനായി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും നതാന്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി.

Story first published: Saturday, January 4, 2025, 5:11 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+