സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം സിഡ്‌നിയില്‍ നടക്കാന്‍ പോവുകയാണ്. നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 2-1ന് ഓസ്‌ട്രേലിയയാണ് മുന്നില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹം ഏറെക്കുറെ അവസാനിച്ച ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ അഞ്ചാം മത്സരത്തില്‍ ജയം അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പരമ്പര ട്രോഫിയും ഇന്ത്യക്ക് നഷ്ടമാവും.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുള്ള പിച്ചുകളിലൊന്നാണ് സിഡ്‌നിയിലേത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. സിഡ്‌നിയില്‍ ജയിക്കാന്‍ ഇന്ത്യക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സീനിയേഴ്സ് ഫോം കണ്ടെത്തണം
ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മെല്‍ബണിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം. രോഹിത് ശര്‍മ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ 3, 9 എന്നിങ്ങനെയാണ് രോഹിത്തിന് നേടാനായത്. വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാനാവാതെ പോയി. ആദ്യ ഇന്നിങ്സില്‍ 36 റണ്‍സ് നേടിയ വിരാട് കോലി രണ്ടാം ഇന്നിങ്സില്‍ അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. കെ എല്‍ രാഹുലിനും മെല്‍ബണില്‍ തിളങ്ങാനായില്ല.
ആദ്യ ഇന്നിങ്സില്‍ 24 റണ്‍സെടുത്ത രാഹുലിന് രണ്ടാം ഇന്നിങ്സില്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താവേണ്ടി വന്നു. റിഷഭ് പന്തിനെ ഇന്ത്യ ഓസ്ട്രേലിയയിലെ ഹീറോയായാണ് കാണുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറിയ റിഷഭ് ഇത്തവണ ദുരന്തമായി മാറി. ഇതാണ് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണ്ണായകമായത്. ഇന്ത്യയുടെ സീനിയേഴ്സ് കളി മറന്നതാണ് നാണക്കേടിലേക്ക് ഇന്ത്യയെ എത്തിച്ചത്.

രോഹിത്തിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി മാറ്റണം
ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ആദ്യ ഇന്നിങ്സില്‍ അല്‍പ്പം നിരാശപ്പെടുത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ടാം ഇന്നിങ്സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഓസീസിനെ 234 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ 200ന് മുമ്പ് ഓസീസിനെ കൂടാരം കയറ്റാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായിരുന്നു. ഇതിന് സാധിക്കാതെ പോയതിന് കാരണം നായകന്‍ രോഹിത് ശര്‍മയുടെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണ്. ഒമ്പത് വിക്കറ്റിന് 173 എന്ന നിലയില്‍ നിന്നാണ് ഓസീസ് 234 റണ്‍സിലേക്കെത്തിയത്.
നതാന്‍ ലയണും സ്‌കോട്ട് ബോളണ്ടും നടത്തിയ അവസാന വിക്കറ്റിലെ കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണ്ണായകമായി. ഓസീസിന്റെ വാലറ്റക്കാരനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതില്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് പിഴവ് സംഭവിച്ചു. രോഹിത്തിന്റെ മോശം ഫോമിനൊപ്പം ക്യാപ്റ്റന്‍സിയിലെ പിഴവും ഇന്ത്യയെ പിന്നോട്ടടിച്ചു. രോഹിത്തിന്റെ ക്യാപ്റ്റന്‍സി മെച്ചപ്പെടാതെ ഇന്ത്യക്ക് രക്ഷയില്ല.
മികച്ച പദ്ധതികള്‍ വേണം
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചുള്ള പ്രധാന പ്രശ്നം മികച്ച പദ്ധതികളുടെ അഭാവമാണ്. കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനോ അത് നടപ്പിലാക്കാനോ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന് സാധിച്ചിട്ടില്ല. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പുറത്താവുന്നത് തുടര്‍ച്ചയായി ഒരേ രീതിയിലാണെന്ന് പറയാം. വിരാട് കോലി തുടര്‍ച്ചയായി ഓഫ് സൈഡ് കെണിയില്‍ വീണിട്ടും തിരുത്തലുണ്ടാവുന്നില്ല.
ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ ആത്മവിശ്വാസമില്ലാത്ത തരത്തിലാണ്. യുവതാരങ്ങളുടെ മികച്ച പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ആകെയുള്ള പ്രകടനം സംതൃപ്തി നല്‍കുന്നതല്ല. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്തിലേക്ക് ബിസിസി ഐയും ടീം മാനേജ്മെന്റും പോയേക്കും. ഇത് വന്നാല്‍ മാത്രമേ പഴയ കരുത്ത് ഇന്ത്യക്ക് നേടിയെടുക്കാനും വിജയത്തിലേക്കെത്താനും സാധിക്കൂ.