ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 99 റണ്‍സിനാണ് ഇന്ത്യ കംഗാരുക്കളെ ചുരുട്ടിക്കൂട്ടിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 5 വിക്കറ്റിന് 399 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 28.2 ഓവറില്‍ 217 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. മഴയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു.
ഇന്ത്യക്കായി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് പങ്കിട്ടപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ശ്രേയസ് അയ്യര്‍ (105), ശുബ്മാന്‍ ഗില്‍ (105) എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു.
ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ചത് വലിയ മണ്ടത്തരമായിപ്പോയെന്ന് സ്റ്റീവ് സ്മിത്തിന് തോന്നിപ്പിക്കുന്ന ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി റുതുരാജ് ഗെയ്ക് വാദ് ഇന്ത്യയുടെ സന്ദേശം വ്യക്തമാക്കി. 12 പന്തില്‍ 8 റണ്‍സെടുത്ത റുതുരാജിനെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടോടെ ഇന്ത്യക്ക് അടിത്തറ പാകി.
200 റണ്‍സ് കൂട്ടുകെട്ടിലേക്കെത്തിയ ശേഷം ശ്രേയസ് അയ്യര്‍ പുറത്തായി. ഇതോടെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. 90 പന്ത് നേരിട്ട് 105 റണ്‍സാണ് ശ്രേയസ് നേടിയത്. ഇതില്‍ 11 ഫോറും 3 സിക്‌സും ഉള്‍പ്പെടും. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവന്ന ശ്രേയസിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണ് ഇന്‍ഡോറില്‍ പിറന്നത്. സീന്‍ അബോട്ടിനെ സിക്‌സര്‍ പറത്താനുള്ള ശ്രേയസിന്റെ ശ്രമം മാത്യു ഷോര്‍ട്ടിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു.
ശ്രേയസ് മടങ്ങുമ്പോള്‍ 30.5 ഓവറില്‍ 2 വിക്കറ്റിന് 216 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അധികം വൈകാതെ ശുബ്മാന്‍ ഗില്ലും പുറത്തായി. 97 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 104 റണ്‍സാണ് ഗില്‍ നേടിയത്. 6 ഫോറും 4 സിക്‌സുമാണ് ഗില്ലിന്റെ സമ്പാദ്യം. താരത്തിന്റെ ആറാം ഏകദിന സെഞ്ച്വറിയാണ്. ഏകദിനത്തില്‍ വേഗത്തില്‍ 6 സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ഗില്‍ സ്വന്തമാക്കി.

കൂടാതെ 35 ഏകദിന ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ഹാഷിം അംലയുടെ റെക്കോഡ് തിരുത്താനും ഗില്ലിന് സാധിച്ചു. പിന്നാലെയെത്തിയവരെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. ഇഷാന്‍ കിഷന്‍ 18 പന്തില്‍ 31 റണ്‍സുമായി മടങ്ങി. 2 വീതം സിക്‌സും ഫോറും പറത്തിയ ഇഷാനെ ആദം സാംബ അലക്‌സ് ക്യാരിയുടെ കൈയിലെത്തിക്കുകയായിരുന്നു.
നായകന്‍ കെ എല്‍ രാഹുല്‍ 38 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് നേടിയത്. മിന്നും ഫോമിലായിരുന്ന രാഹുലിനെ കാമറൂണ്‍ ഗ്രീന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നീടാണ് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ട്. പതിയെ തുടങ്ങിയ സൂര്യ പിന്നീടങ്ങോട്ട് കത്തിക്കയറി. ഗ്രീനിന്റെ ഒരോവറില്‍ നാല് തുടര്‍ സിക്‌സറുകള്‍ ഉള്‍പ്പെടെ അതി ഗംഭീര ബാറ്റിങ്ങാണ് സൂര്യ കാഴ്ചവെച്ചത്. 37 പന്ത് നേരിട്ട് 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെയാണ് സൂര്യ കസറിയത്. 194.59 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
ഏകദിനത്തില്‍ സൂര്യ നേടുന്ന തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. രവീന്ദ്ര ജഡേജ (13*) പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കായി ഗ്രീന്‍ 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും 103 റണ്‍സാണ് വിട്ടുകൊടുത്തത്. ഹെയ്‌സല്‍വുഡ്, സീന്‍ അബോട്ട്, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം പിഴച്ചു. മാത്യു ഷോര്‍ട്ടിനെ (9) പ്രസിദ്ധ് കൃഷ്ണ അശ്വിന്റെ കൈയിലെത്തിച്ചപ്പോള്‍ സ്റ്റീവ് സ്മിത്തിനെ പ്രസിദ്ധ് ഗോള്‍ഡന്‍ ഡെക്കാക്കി. സ്മിത്തിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് സ്ലിപ്പില്‍ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തുകയായിരുന്നു. ഡേവിഡ് വാര്‍ണറും മാര്‍നസ് ലബ്യുഷെയ്‌നും ചേര്‍ന്ന് റണ്‍സുയര്‍ത്തവെ മഴ വില്ലനായെത്തി. ഇതോടെ വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുനര്‍നിശ്ചയിച്ചു.
മാര്‍നസ് ലബ്യുഷെയ്ന്‍ 31 പന്തില്‍ 27 റണ്‍സില്‍ നില്‍ക്കവെ ആര്‍ അശ്വിന്‍ മടക്കി അയച്ചു. ക്യാരം ബോളില്‍ ലബ്യുഷെയ്ന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. 15ാം ഓവര്‍ എറിയാനെത്തിയ അശ്വിന്‍ ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 39 പന്തില്‍ 53 റണ്‍സുമായി ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ വാര്‍ണറെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. ജോഷ് ഇന്‍ഗ്ലിസിനെയും (6) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 101 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ പതറി.
അലക്‌സ് ക്യാരിയെ (14) രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡാക്കി. കാമറൂണ്‍ ഗ്രീനെ (19) ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ റണ്ണൗട്ടാക്കി. ആദം സാംബയെ (5) ജഡേജ ക്ലീന്‍ബൗള്‍ഡുമാക്കി. ഇതോടെ ഇന്ത്യ ജയമുറപ്പിച്ചു. ശാര്‍ദ്ദുല്‍ ടാക്കൂറും റുതുരാജ് ഗെയ്ക്‌വാദും അനായാസ ക്യാച്ചുകള്‍ പാഴാക്കിയത് ഇന്ത്യയുടെ വിജയം വൈകിപ്പിച്ചു. വാലറ്റത്ത് സീന്‍ അബോട്ട് വെടിക്കെട്ട് ബാറ്റിങ്ങോടെ അര്‍ധ സെഞ്ച്വറി നേടി.
അര്‍ധ സെഞ്ച്വറിയും കടന്ന് ജോഷ് ഹെയസല്‍വുഡ്-അബോട്ട് കൂട്ടുകെട്ട് മുന്നേറവെ ഹെയ്‌സല്‍വുഡിനെ (23) ക്ലീന്‍ബൗള്‍ഡ് ചെയ്ത് ഷമി ഇന്ത്യയുടെ രക്ഷക്കെത്തി. സീന്‍ അബോട്ടിനെ (54) ക്ലീന്‍ബൗള്‍ഡ് ചെയ്ത് രവീന്ദ്ര ജഡേജ ഓസീസ് ഇന്നിങ്‌സിന് വിരാമമിടുകയായിരുന്നു.
പ്ലേയിങ് 11- ഇന്ത്യ- റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (c), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് (c), മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍