ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ശുബ്മാന്‍ ഗില്‍ കൈയടി നേടുകയാണ്. രണ്ടാം ഏകദിനത്തില്‍ 97 പന്ത് നേരിട്ട് 104 റണ്‍സാണ് ശുബ്മാന്‍ നേടിയത്. പതിയെ തുടങ്ങിയ ശുബ്മാന്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കസറിയത്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഇതിഹാസം താനാണെന്ന് അടിവരയിടുന്ന പ്രകടനമാണ് ശുബ്മാന്‍ കാഴ്ചവെക്കുന്നത്. ഇന്ത്യക്കായി ഈ വര്‍ഷം കൂടുതല്‍ റണ്‍സടിച്ച താരവും ഗില്ലാണ്.
ഈ വര്‍ഷത്തെ ഏഴാം സെഞ്ച്വറിയാണ് ഗില്‍ നേടിയെടുത്തത്. ഈ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം, 35 ഏകദിന ഇന്നിങ്‌സിന് ശേഷം കൂടുതല്‍ റണ്‍സ് തുടങ്ങിയ പല വമ്പന്‍ റെക്കോഡുകളും ശുബ്മാന്‍ ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. ക്ലാസിക് ബാറ്റിങ് ശൈലിയില്‍ റണ്‍സടിച്ച് വിസ്മയിപ്പിക്കുകയാണ് ശുബ്മാന്‍ ഗില്‍. ഏകദിന ലോകകപ്പ് വരാനിരിക്കെ ഗില്ലിന്റെ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്.
എന്നാല്‍ ഗില്ലിന്റെ പ്രകടനം ഗംഭീരമാണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. സെഞ്ച്വറിക്ക് ശേഷം അധികം റണ്‍സ് നേടാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നമായി സെവാഗ് ചൂണ്ടിക്കാട്ടിയത്. ഗില്‍ രോഹിത്തിനെ മാതൃകയാക്കണമെന്നും സെവാഗ് ഉപദേശിക്കുന്നു. 'കഴിഞ്ഞ മത്സരത്തില്‍ നഷ്ടമായ സെഞ്ച്വറി ഈ മത്സരത്തില്‍ നേടാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്.
എന്നാല്‍ അവന്‍ 160-180 റണ്‍സ് നേടണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇപ്പോള്‍ 25 വയസില്‍ താഴെ മാത്രമാണ് അവന്റെ പ്രായം. ഇപ്പോള്‍ 200 നേടാന്‍ സാധിക്കും. എന്നാല്‍ പ്രായം മുന്നോട്ട് പോകുന്തോറും കാര്യങ്ങള്‍ എളുപ്പമാവില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ വലിയ സ്‌കോര്‍ നേടാന്‍ ശ്രമിക്കണം. ഫോമിലാണെങ്കില്‍ കഴിയുന്നിടത്തോളം മുന്നോട്ട് പോകാന്‍ ശ്രമിക്കണം. ഇത്രയും മതിയെന്ന തരത്തില്‍ വിക്കറ്റ് വലിച്ചെറിയരുത്. ഗില്‍ പുറത്താവുമ്പോള്‍ 18 ഓവറോളം ബാക്കിയുണ്ടായിരുന്നു.

9-10 ഓവറെങ്കിലും കളിച്ചിരുന്നെങ്കില്‍ രണ്ടാം ഇരട്ട സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിക്കുമായിരുന്നു. ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചാണ് ഇന്‍ഡോറിലേത്. അതുകൊണ്ടുതന്നെ ഇരട്ട സെഞ്ച്വറി ലക്ഷ്യംവെക്കണമായിരുന്നു'-സെവാഗ് പറഞ്ഞു. ഇതിനോടകം ഒരു ഏകദിന ഇരട്ട സെഞ്ച്വറി നേടിയ ഗില്ലിന് രോഹിത് ശര്‍മയിടെ മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറി റെക്കോഡിനൊപ്പമെത്താനുള്ള അവസരം മുന്നിലുണ്ടെന്നാണ് സെവാഗ് ചൂണ്ടിക്കാട്ടുന്നത്.
ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടും വളരെ മികച്ചതാണ്. ഈ വര്‍ഷം കൂടുതല്‍ റണ്‍സ് (1763), കൂടുതല്‍ സെഞ്ച്വറി (7), കൂടുതല്‍ സിക്‌സ് (46), കൂടുതല്‍ ഫോര്‍ (186), കൂടുതല്‍ ഏകദിന റണ്‍സ് (1230), കൂടുതല്‍ ഏകദിന സെഞ്ച്വറി (5), കൂടുതല്‍ ഏകദിന ഫിഫ്റ്റി (10), കൂടുതല്‍ ഏകദിന ഫോര്‍ (139) എന്നീ റെക്കോഡുകളെല്ലാം ഗില്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.
ലോകകപ്പിന് ശേഷം ഇനിയും പല വമ്പന്‍ റെക്കോഡുകളും ഗില്‍ സ്വന്തം പേരിലാക്കുമെന്ന കാര്യം ഉറപ്പാണ്. സച്ചിന്റെയും കോലിയുടെയും റെക്കോഡുകള്‍ക്ക് വലിയ ഭീഷണിയാണ് ഗില്‍ ഉയര്‍ത്തുന്നത്. വേഗത്തില്‍ 6 ഏകദിന സെഞ്ച്വറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡ് ഇതിനോടകം ഗില്‍ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി ശുബ്മാനുണ്ടാവുമെന്നുറപ്പ്.
മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ശോഭിക്കാന്‍ ഗില്ലിന് സാധിക്കുന്നു. വിദേശ പിച്ചുകളിലടക്കം ടെസ്റ്റ് കളിക്കാനും മികവ് കാട്ടാനും ഇതിനോടകം ഗില്ലിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ലോകകപ്പിലും ഇതേ ഫോം താരം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.