രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വലിയ മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യ. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി കഴിഞ്ഞു. ആദ്യ രണ്ട് മത്സരത്തിലും കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയുമൊന്നും ഇന്ത്യന്‍ ടീമിലില്ലായിരുന്നു. ഇതോടെയാണ് രാഹുലിനെ തേടി ക്യാപ്റ്റന്‍ സ്ഥാനമെത്തിയത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരങ്ങളെല്ലാം തിരിച്ചെത്തും.
ഇതോടെ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താനും നിര്‍ബന്ധിതരാവും. ഓപ്പണറായി രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് വിശ്രമം അനുവദിക്കും. തകര്‍പ്പന്‍ ഫോമിലുള്ള ശുബ്മാന് ലോകകപ്പിന് മുന്നോടിയായി വിശ്രമം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാം ഏകദിനത്തില്‍ ഗംഭീര സെഞ്ച്വറിയുമായി ശുബ്മാന്‍ ഗില്‍ തിളങ്ങിയിരുന്നു. രോഹിത് മടങ്ങിവരുമ്പോള്‍ ഇഷാന്‍ കിഷനെ ഇന്ത്യ ഓപ്പണിങ്ങിലിറക്കും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന റുതുരാജ് ഗെയ്ക്‌വാദിന് വിശ്രമം അനുവദിക്കും.
വിരാട് കോലി തിരിച്ചെത്തുമ്പോള്‍ നാലാം നമ്പറില്‍ ആരെന്നതാണ് പ്രധാന ചോദ്യം. ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമാണ് നാലാം നമ്പറില്‍ അവസരം തേടുന്നത്. രണ്ട് പേരും മികച്ച ഫോമിലാണ്. ഫിറ്റ്‌നസ് പരിഗണിച്ച് ഇവരിലൊരാള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും. രണ്ട് പേരും പ്ലേയിങ് 11 സ്ഥാനം നേടാനും സാധ്യതയുണ്ട്. ഹാര്‍ദിക് പാണ്ഡ്യ പ്ലേയിങ് 11ല്‍ തിരിച്ചെത്തും. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഹാര്‍ദിക്കിന് ഓസീസിനെതിരേ മികച്ച റെക്കോഡാണുള്ളത്.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഓസീസായതിനാല്‍ പ്രമുഖ താരങ്ങള്‍ക്കെല്ലാം മൂന്നാം ഏകദിനത്തില്‍ അവസരം നല്‍കാനാണ് ഇന്ത്യയുടെ പദ്ധതി. സൂര്യകുമാര്‍ യാദവിനെ ഏഴാം നമ്പറില്‍ കളിക്കാന്‍ അനുവദിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളോടെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യ ഫിനിഷര്‍ റോളില്‍ സൂര്യകുമാറിനെ കളിപ്പിക്കാനാണ് ആലോചിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ റോളില്‍ കൂടുതല്‍ അവസരം സൂര്യക്ക് നല്‍കുമെന്ന കാര്യം ഉറപ്പാണ്. അവസാന 10 ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യക്ക് കഴിവുണ്ട്. ഇത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്നതാണ്. മോശം ഫോമിലുള്ള ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ ചീട്ടുകീറിയേക്കും. കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനായ ബൗളറാണെങ്കിലും തല്ലുകൊള്ളിയാണെന്നതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ ഇന്ത്യ പുറത്തിരുത്തും. ലോകകപ്പ് ടീമില്‍ നിന്നും ശാര്‍ദ്ദുല്‍ പുറത്താകാനാണ് സാധ്യത.
രവീന്ദ്ര ജഡേജക്ക് വിശ്രമം അനുവദിക്കുമ്പോള്‍ കുല്‍ദീപ് യാദവ് തിരിച്ചെത്തും. ജഡേജ ബൗളിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റിങ്ങില്‍ പഴയ മികവ് കാട്ടുന്നില്ല. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ആര്‍ അശ്വിന് ഇന്ത്യ മൂന്നാം മത്സരത്തിലും അവസരം നല്‍കിയേക്കും. ആദ്യ രണ്ട് മത്സരത്തിലും മികവ് കാട്ടാന്‍ അശ്വിന്‍ സാധിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും അശ്വിനായി.
പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ തിരിച്ചെത്തും. രണ്ടാം മത്സരത്തില്‍ ബുംറ വിശ്രമം എടുത്തിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ബുംറ തിരിച്ചുവരും. മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും പ്ലേയിങ് 11ന് പുറത്തായേക്കും. മുഹമ്മദ് സിറാജ് പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. ഓസീസിനെതിരേ ഏറ്റവും മികച്ച പ്ലേയിങ് 11നെ ഇറക്കി ലോകകപ്പിന് മുമ്പ് പടയൊരുക്കം ശക്തമാക്കാനാവും ഇന്ത്യ ശ്രമിക്കുക.
ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്