For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പെര്‍ത്തില്‍ പുതു ചരിതം, കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ; വമ്പന്‍ ജയം

പെര്‍ത്തില്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ഇന്ത്യ മുന്നോട്ട് വെച്ച 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 238 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇതോടെ 295 റണ്‍സിന്റെ ചരിത്ര ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണയും നിതീഷ് കുമാറും ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ഓസീസിനെ പൂട്ടി ഇന്ത്യ

534 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയയെ തുടക്കം മുതല്‍ വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. യുവ ഓപ്പണര്‍ നതാന്‍ മക്സ്വീനിയെ ജസ്പ്രീത് ബുംറ ഡക്കാക്കി. മൂന്നാം നമ്പറിലിറങ്ങിയ നായകന്‍ പാറ്റ് കമ്മിന്‍സ് 2 റണ്‍സുമായി മടങ്ങി. മുഹമ്മദ് സിറാജാണ് കമ്മിന്‍സിനെ പുറത്താക്കിയത്. മാര്‍നസ് ലബ്യുഷെയ്നെ (3) ബുംറ എല്‍ബിയില്‍ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 12 എന്ന നിലയിലാണ് മൂന്നാം ദിനം ഓസീസ് കളി അവസാനിപ്പിച്ചത്.

നാലാം ദിനം സ്റ്റീവ് സ്മിത്തിനെയും (17) ഉസ്മാന്‍ ഖാജയേയും (4) മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ 79ന് 5 എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നു. ഒരുവശത്ത് ട്രാവിസ് ഹെഡ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി. 89 റണ്‍സെടുത്ത ഹെഡിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. ഇതോടെ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവന്നു. ഒരുവശത്ത് പിടിച്ചുനിന്ന മിച്ചല്‍ മാര്‍ഷിനെ (47) നിതീഷ് കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

മിച്ചല്‍ സ്റ്റാര്‍ക്കിനേയും (12) നതാന്‍ ലിയോണേയും (0) വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയപ്പോള്‍ അലക്‌സ് ക്യാരിയെ (36) ക്ലീന്‍ബൗള്‍ഡാക്കി ഹര്‍ഷിത് റാണ ഓസീസിന്റെ അവസാന വിക്കറ്റും വീഴ്ത്തി. ഇതോടെ 238 റണ്‍സില്‍ ഓസീസ് ഓള്‍ഔട്ടായി.

ind vs aus test cricket

ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്ന് ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 150 റണ്‍സില്‍ ഇന്ത്യ പുറത്തായി. യശ്വസി ജയ്സ്വാളും (0) ദേവ്ദത്ത് പടിക്കലും (0) വിരാട് കോലിയും (5) ദ്രുവ് ജുറേലും (11) വാഷിങ്ടണ്‍ സുന്ദറുമെല്ലാം (4) നിരാശപ്പെടുത്തി. നിതീഷ് കുമാര്‍ റെഡ്ഡി (41), റിഷഭ് പന്ത് (37) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 150 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഓസീസിനായി ജോഷ് ഹെയ്സല്‍വുഡ് നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ഓസീസിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍

150ലൊതുങ്ങിയ ഇന്ത്യയുടെ ബൗളര്‍മാര്‍ ശക്തമായി കംഗാരുക്കളെ തിരിച്ചടിച്ചു. ഇതോടെ ആതിഥേയായ ഓസീസ് തട്ടകത്തില്‍ 104 റണ്‍സില്‍ കൂടാരം കയറി. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അലക്സ് ക്യാരി 21 റണ്‍സും ട്രാവിസ് ഹെഡ് 11 റണ്‍സും നേടി.

ഓസീസിന്റെ വമ്പന്മാരെല്ലാം വിറച്ചു. സ്റ്റീവ് സ്മിത്ത് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ഗോള്‍ഡന്‍ ഡെക്കായി. ഉസ്മാന്‍ ഖാജ 8 റണ്‍സിലും നതാന്‍ മക്സ്വീനി 10 റണ്‍സെടുത്തും പുറത്തായി. മാര്‍നസ് ലബ്യുഷെയ്ന്‍ 2 റണ്‍സാണ് നേടിയത്. മിച്ചല്‍ മാര്‍ഷിന് 6 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. നായകനെന്ന നിലയില്‍ ബുംറ മുന്നില്‍ നിന്ന് നയിച്ചു.

പടനയിച്ച് ജയ്‌സ്വാളും കോലിയും

ഇന്ത്യയെ രണ്ടാം ഇന്നിങ്സില്‍ വലിയ സ്‌കോറിലേക്കെത്തിച്ചത് യശ്വസി ജയ്സ്വാളും വിരാട് കോലിയും ചേര്‍ന്നാണ്. 297 പന്തില്‍ 15 ഫോറും 3 സിക്സും ഉള്‍പ്പെടെ 161 റണ്‍സോടെ റെക്കോഡ് പ്രകടനമാണ് ജയ്സ്വാള്‍ കാഴ്ചവെച്ചത്. കെ എല്‍ രാഹുല്‍ 77 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 201 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കായി.

ദേവ്ദത്ത് പടിക്കല്‍ നിലയുറപ്പിച്ചെങ്കിലും 25 റണ്‍സെടുത്ത് മടങ്ങി. റിഷഭ് പന്ത് നിരാശപ്പെടുത്തി. 1 റണ്‍സെടുത്ത റിഷഭ് ക്രീസില്‍ നിന്ന് കയറിക്കളിക്കവെ അലക്സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ദ്രുവ് ജുറേല്‍ 1 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി വിരാട് കോലി 143 പന്തില്‍ 8 ഫോറും 2 സിക്സും ഉള്‍പ്പെടെ പുറത്താവാതെ 100 റണ്‍സ് നേടി.

വാഷിങ്ടണ്‍ സുന്ദര്‍ 29 റണ്‍സ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 27 പന്തില്‍ 3 ഫോറും 2 സിക്സും ഉള്‍പ്പെടെ 38 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 6 വിക്കറ്റിന് 487 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 534 റണ്‍സ് വിജയലക്ഷ്യം കംഗാരുക്കള്‍ക്ക് മുന്നില്‍വെച്ചു.

Story first published: Monday, November 25, 2024, 5:41 [IST]
Other articles published on Nov 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+