ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ രണ്ട് സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷമാണ് വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 212 റണ്‍സ് നേടിയിട്ടും രണ്ട് സൂപ്പര്‍ ഓവറുകളിലേക്ക് മത്സരം നീട്ടിക്കൊണ്ടുപോകാന്‍ അഫ്ഗാന് സാധിച്ചു. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ അഫ്ഗാന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇപ്പോഴിതാ മൂന്നാം ടി20യില്‍ ഇന്ത്യ തോല്‍ക്കാനുള്ള സാധ്യതയായിരുന്നു കൂടുതലെന്നും എന്നാല്‍ ഇന്ത്യയെ ജയിപ്പിച്ചത് രോഹിത് ശര്‍മയുടെ തന്ത്രമാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. രണ്ടാം സൂപ്പര്‍ ഓവര്‍ രവി ബിഷ്‌നോയ്ക്ക് നല്‍കിയതാണ് ആ തന്ത്രമെന്നാണ് സഹീര്‍ പറയുന്നത്. 'ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഹിത് ശര്‍മയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
രണ്ടാം സൂപ്പര്‍ ഓവര്‍ ഇന്ത്യ മനോഹരമായാണ് തുടങ്ങിയത്. സിക്‌സോടെ ആരംഭിക്കാന്‍ ഇന്ത്യക്കായി. മറുപടിക്കിറങ്ങിയ അഫ്ഗാന് ആറ് പന്തുകള്‍ പോലും നേരിടാന്‍ സാധിക്കാതെ പോയി.സ്പിന്നറെ പന്തേല്‍പ്പിക്കാനുള്ള രോഹിത്തിന്റെ തീരുമാനമാണ് മത്സരഫലത്തില്‍ നിര്‍ണ്ണായകമായത്'- സഹീര്‍ ഖാന്‍ പറഞ്ഞു. ബംഗളൂരുവിലെ പിച്ച് പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങാറാണ് പതിവ്.
അഫ്ഗാനെതിരേ സ്പിന്നര്‍മാര്‍ക്ക് മോശമല്ലാത്ത ടേണ്‍ ലഭിച്ചിരുന്നു. എന്നാല്‍ ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് സാഹസത്തിന് മുതിരാതെ മുകേഷ് കുമാറിന് പന്ത് നല്‍കുകയാണ് ചെയ്തത്. എന്നാല്‍ മുകേഷിന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല. എന്നാല്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ രവി ബിഷ്‌നോയ്ക്ക് പന്ത് നല്‍കിയപ്പോള്‍ അനായാസ ജയം നേടിയെടുക്കുകയായിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ രോഹിത്തെടുത്തത് അതി ഗംഭീര തീരുമാനമായിരുന്നു.

ഇത് മത്സരഫലത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. രോഹിത് ശര്‍മ ആദ്യത്തെ രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. ഇതോടെ ടി20 ലോകകപ്പില്‍ രോഹിത്തിനെ ഇന്ത്യ പരിഗണിക്കേണ്ടതില്ലെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് അദ്ദേഹം ബംഗളൂരുവില്‍ കാഴ്ചവെച്ചത്. ഇന്ത്യയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ വീണപ്പോഴും രോഹിത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് കരുത്തായത്.
69 പന്ത് നേരിട്ട് പുറത്താവാതെ 121 റണ്‍സാണ് രോഹിത് നേടിയത്. 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് കസറിയത്. 175ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഹിറ്റ്മാന്റെ പ്രകടനം. സൂപ്പര്‍ ഓവറില്‍ 13, 11 റണ്‍സുകള്‍ നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവാന്‍ രോഹിത്തിന് സാധിച്ചു. ഇതോടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ തന്നെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരാന്‍ വൈകും.
അതുകൊണ്ടുതന്നെ ഇന്ത്യയെ രോഹിത് ലോകകപ്പില്‍ നയിക്കാനാണ് നിലവില്‍ കൂടുതല്‍ സാധ്യത. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരായത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പരമ്പര തൂത്തുവാരേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഇന്ത്യയുടെ വിജയത്തില്‍ രോഹിത് ശര്‍മക്കൊപ്പം തന്നെ രവി ബിഷ്‌നോയിയും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. സഹീര്‍ ഖാന്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടി.
ആദ്യ സൂപ്പര്‍ ഓവറും സമനിലയായപ്പോള്‍ സ്വാഭാവികമായും ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായിരിക്കും. ആ സമയത്ത് അനായാസം പന്തെറിയുകയും അഫ്ഗാനെ ഓള്‍ഔട്ടാക്കി ഇന്ത്യക്ക് ത്രില്ലിങ് ജയം നേടിക്കൊടുക്കുകയും ചെയ്തത് ബിഷ്‌നോയിയാണ്. എന്നാല്‍ അര്‍ഹിച്ച അഭിനന്ദനം ഇന്ത്യ ജയിച്ചതിന് ശേഷം ബിഷ്‌നോയ്ക്ക് ലഭിച്ചില്ലെന്നതാണ് വസ്തുത. എല്ലാ പ്രശംസയും രോഹിത് ശര്‍മയിലേക്ക് ഒതുങ്ങിയെന്നതാണ് സത്യാവസ്ഥ.