മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യ്ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11ല്‍ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടിരിക്കുകയാണ്. ഇന്ത്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്ലേയിങ് 11ല്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇതോടെ ആരാധകര്‍ നിരാശരായിരിക്കുകയാണ്. എന്തുകൊണ്ടാണ് സഞ്ജുവിനെ തഴഞ്ഞതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. അതുകൊണ്ടുതന്നെ ടീമിലെ യുവതാരങ്ങളുടെ കരുത്ത് പരീക്ഷിക്കാനാണ് ഇന്ത്യ ഈ പരമ്പര ഉപയോഗിക്കുന്നതെന്ന് വ്യക്തം. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്കാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സഞ്ജു സാംസണെ തഴഞ്ഞതോടെ ടി20 ലോകകപ്പിലും സഞ്ജു ടീമിലുണ്ടാകില്ലെന്ന് തന്നെ പറയാം. ഇന്ത്യ ജിതേഷ് ശര്‍മക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചതിനാലാണ് സഞ്ജുവിന് അപ്രതീക്ഷിതമായി ടി20 ഫോര്‍മാറ്റിലേക്ക് വിളി ലഭിച്ചത്. എന്നാല്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താതെ ഇരുന്നതോടെ സഞ്ജുവിന് ടി20യില്‍ ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് വ്യക്തം. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയ സഞ്ജുവിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജു നാലാം നമ്പറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാല്‍ ഇന്ത്യ ശിവം ദുബെക്ക് പ്ലേയിങ് 11ല്‍ അവസരം നല്‍കി. ദുബെ മീഡിയം പേസ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തായി ദുബെ തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ത്യക്ക് ബാക്കപ്പായി മികച്ച ഓള്‍റൗണ്ടറെ വളര്‍ത്തേണ്ടതായുണ്ട്. ശാര്‍ദ്ദുല്‍ ടാക്കൂര്‍ തല്ലുകൊള്ളിയായതിനാലും വിശ്വസിക്കാന്‍ സാധിക്കാത്ത ബാറ്റ്‌സ്മാനായതിനാലും ഇന്ത്യ താരത്തെ പരിഗണിക്കുന്നില്ല.

പകരം ദുബെയെ വളര്‍ത്താനാണ് ഇന്ത്യയുടെ പദ്ധതി. അതുകൊണ്ടാണ് സഞ്ജുവിനെ തഴഞ്ഞ് ഇന്ത്യ ദുബെയെ പരിഗണിച്ചത്. തിലക് വര്‍മയും പ്ലേയിങ് 11ലുണ്ട്. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് തിലക്. അടുത്ത യുവരാജ് സിങ് എന്ന വിശേഷണം ഇതിനോടകം ലഭിച്ച തിലകിന് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ തിലക് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരില്ല. ഇക്കാരണത്താലാണ് ഇന്ത്യ തിലകിന് കൂടുതല്‍ അവസരം നല്‍കുന്നത്. എന്തായാലും സഞ്ജുവിന് ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം. യശ്വസി ജയ്‌സ്വാള്‍ രോഹിത്തിനൊപ്പം ഓപ്പണറാവുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ ജയ്‌സ്വാളിനെ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു.
സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഇന്ത്യ പുറത്തിരുത്തി. പകരം യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കാണ് അവസരം നല്‍കിയത്. ബിഷ്‌നോയ് സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം മികവ് കാട്ടിയിരുന്നു. ടി20 ലോകകപ്പ് പദ്ധതികളിലും ബിഷ്‌നോയ്ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടെന്ന് തെളിയിച്ചാണ് താരത്തിന് അവസരം നല്‍കിയിരിക്കുന്നത്.
പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍
അഫ്ഗാനിസ്ഥാന്‍- റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ (c), റഹ്‌മത്ത് ഷാ, അസ്മത്തുല്ല ഒമര്‍സായി, മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നയീബ്, ഫസല്‍ഹഖ് ഫറൂഖ്, നവീന്‍ ഉല്‍ ഹഖ്, മുജീബുര്‍ റഹ്‌മാന്‍