ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലൂടെ വലിയ ഇടവേളക്ക് ശേഷം വിരാട് കോലി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്ന കോലി രണ്ടാം മത്സരത്തില്‍ മോശമല്ലാത്ത ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 16 പന്ത് നേരിട്ട് 29 റണ്‍സാണ് കോലി നേടിയത്. ഇതില്‍ അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടും. കോലി തകര്‍ത്തടിച്ച് മുന്നോട്ട് പോകുമെന്ന് തോന്നിക്കവെ നവീന്‍ ഉല്‍ ഹഖാണ് സൂപ്പര്‍ താരത്തെ പുറത്താക്കിയത്.
വിരാട് കോലിയും നവീന്‍ ഉല്‍ ഹഖും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവസാന ഐപിഎല്ലില്‍ നവീന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായും വിരാട് കോലി ആര്‍സിബിക്കായും കളിക്കവെ ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തതാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം നവീന്‍ കോലിയെ അപമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടി20യില്‍ കോലിയും നവീന്‍ പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരുന്നത്.
നവീനെ കോലി പഞ്ഞിക്കിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോലിയുടെ ഈഗോ മുതലാക്കി നവീന്‍ വിക്കറ്റ് നേടുകയായിരുന്നു. നവീനെ ഒരു ബൗണ്ടറി പറത്തിയ ശേഷം തൊട്ടടുത്ത പന്തിലും ബൗണ്ടറി ആവര്‍ത്തിക്കാനാണ് കോലി ശ്രമിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ടൈമിങ് ലഭിക്കാതെ വന്നതോടെ ഇബ്രാഹിം സദ്രാന് ക്യാച്ച് നല്‍കി കോലി മടങ്ങുകയായിരുന്നു. കോലി ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന പുറത്താക്കലായിരുന്നു ഇത്.
എന്നാല്‍ പഴയ സംഭവങ്ങള്‍ മനസില്‍വെക്കാതെയാണ് നവീന്‍ പെരുമാറിയത്. കോലിയുടെ വിക്കറ്റ് നേട്ടത്തില്‍ അമിതാഹ്ലാദം കാട്ടാതെയാണ് നവീന്‍ പ്രതികരിച്ചത്. കോലിയും വലിയ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെയാണ് മടങ്ങിയത്. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ സംസാരിച്ച് തീര്‍ത്തിരുന്നു. അതുകൊണ്ടാണ് വിക്കറ്റ് നേട്ടം നവീന്‍ അധികം ആഘോഷമാക്കാതെയിരുന്നത്. കോലിയോടുള്ള ഉടക്കിന് ശേഷം നവീന് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നുവെന്നതാണ് വസ്തുത.

വിരാട് കോലിയുടെ മികച്ച പ്രകടനം ടി20 ലോകകപ്പിലും അദ്ദേഹത്തിന് സീറ്റുണ്ടാവുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ്. രോഹിത് ശര്‍മ ആദ്യത്തെ രണ്ട് മത്സരത്തിലും ഡെക്കായതോടെ അദ്ദേഹം ടി20 ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കോലിയുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ടീമിലെ വല്യേട്ടനായി കോലി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍.
രണ്ടാം ടി20യില്‍ ഗംഭീര ബാറ്റിങ് പ്രകടനത്തോടെയാണ് ഇന്ത്യ ജയം നേടിയെടുത്തത്. 26 പന്ത് ബാക്കിനിര്‍ത്തി ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 172 എന്ന ഭേദപ്പെട്ട സ്‌കോറാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും രവി ബിഷ്‌നോയിയും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ശിവം ദുബെ ഒരു വിക്കറ്റാണ് നേടിയത്. ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത് ശിവം ദുബെയുടേയും (63*) യശ്വസി ജയ്‌സ്വാളിന്റേയും (68) അര്‍ധ സെഞ്ച്വറികളാണ്.
ആദ്യ മത്സരം കളിക്കാതിരുന്ന ജയ്‌സ്വാള്‍ രണ്ടാം മത്സരത്തില്‍ 34 പന്ത് നേരിട്ട് 5 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് നേടിയത്. ദുബെ 32 പന്ത് നേരിട്ട് 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 63 റണ്‍സും നേടി. ജിതേഷ് ശര്‍മ ഡെക്കിന് പുറത്തായി. റിങ്കു സിങ് 9 റണ്‍സോടെ പുറത്താവാതെ നിന്നു. മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.