Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: കോലിയും രോഹിത്തുമുണ്ട്, എന്തുകൊണ്ട് രാഹുലിന് സീറ്റില്ല? കാരണങ്ങളിതാ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യയെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. 2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ടി20യില്‍ ഇന്ത്യക്കായി കളിക്കുന്നത് ഇതാദ്യമായാണ്. ടി20 ലോകകപ്പിന് മുമ്പ് ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. രോഹിത് ശര്‍മയെ നായകനാക്കിയതും ആരാധകരെ സന്തോഷിപ്പിക്കുന്നു.

എന്നാല്‍ കോലിയും രോഹിത്തും തിരിച്ചെത്തിയിട്ടും രാഹുലിന് എന്തുകൊണ്ടാണ് ടി20 ടീമില്‍ ഇടമില്ലാത്തത്. രാഹുലിന്റെ ടി20യിലെ കണക്കുകള്‍ മികച്ചതാണ്. എന്നിട്ടും എന്തുകൊണ്ട് തഴയുന്നു?. ആകാശ് ചോപ്രയടക്കം പല പ്രമുഖരും രാഹുലിന്റെ അഭാവം ചോദ്യം ചെയ്യുകയാണ്. 135ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് രാഹുലിനെ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴയുന്നത് എന്നത് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രാഹുലിന്റെ ശൈലിയാണ്.

നിലവിലെ ഇന്ത്യയുടെ ടി20 ടീം ആക്രമണോത്സകതയോടെ കളിക്കുന്നവരുടേതാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ഭയം കാട്ടാത്ത താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. അതുകൊണ്ടുതന്നെ കെ എല്‍ രാഹുലിന്റെ ശൈലി നിലവിലെ ഇന്ത്യയുടെ പദ്ധതികളോട് ചേരുന്നതല്ല. രാഹുല്‍ പതിയെ നിലയുറപ്പിച്ച ശേഷം ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ്. ഓപ്പണിങ്ങിലിറങ്ങുമ്പോള്‍ മികച്ച തവണയും ആദ്യ ഓവറില്‍ ഒന്നോ രണ്ടോ റണ്‍സാവും രാഹുല്‍ നേടുക.

രാഹുല്‍ ആദ്യ ഓവര്‍ മെയ്ഡനാക്കിയ സംഭവങ്ങളുമുണ്ട്. രാഹുല്‍ പതിയെ തുടങ്ങി ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്ന സ്ഥിതിയുണ്ടാകുന്നു. അങ്ങനെ വരുമ്പോള്‍ നിരവധി പന്തുകള്‍ നഷ്ടമാവുകയും പവര്‍പ്ലേ സ്‌ട്രൈക്ക് റേറ്റില്‍ വലിയ ഇടിവുണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രാഹുലിനെ കളിപ്പിക്കാന്‍ ഇപ്പോള്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല. ടെസ്റ്റിലും ഏകദിനത്തിലും മാത്രം രാഹുല്‍ തുടരാനാണ് സാധ്യത.

rohit sharma, virat kohli

രണ്ടാമത്തെ കാര്യം രാഹുലിനെ കളിപ്പിക്കാന്‍ ഇപ്പോള്‍ ഒരു പൊസിഷനില്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം കാത്തുനില്‍ക്കുന്നു. ഇതിനിടെയിലൂടെ രാഹുലിനെ പരിഗണിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇവരെല്ലാം രാഹുലിനെക്കാള്‍ കടന്നാക്രമിക്കുന്ന ഓപ്പണര്‍മാരാണ്. പവര്‍പ്ലേയില്‍ 60ലധികം റണ്‍സ് ഇന്ത്യ നേടേണ്ടതായുണ്ട്.

അത് സംഭവിക്കാന്‍ പവര്‍പ്ലേയില്‍ ഭയമില്ലാതെ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന ബാറ്റ്‌സ്മാന്‍ വേണം. കെ എല്‍ രാഹുല്‍ കളിക്കുമ്പോള്‍ അതിന് സാധിക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ രാഹുലിനെ ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ടീം മാനേജ്‌മെന്റിന് താല്‍പര്യം. ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുല്‍ എത്തിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റില്‍ കളിച്ചാല്‍ രാഹുലിന്റെ ഫിറ്റ്‌നസിനെ അത് മോശമായി ബാധിച്ചേക്കും.

രാഹുലിനെ പരിക്ക് പിടികൂടാനുള്ള സാധ്യതയും ഉയരും. അതുകൊണ്ടുതന്നെ രാഹുല്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. ഇന്ത്യ കൂടുതല്‍ യുവതാരങ്ങളെ ടി20യിലേക്ക് കൊണ്ടുവരാനാണ് താല്‍പര്യം കാട്ടുന്നത്. അതുകൊണ്ടുതന്നെ രാഹുല്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളില്‍ പലരുടേയും സീറ്റ് തെറിച്ചേക്കും. നിലവിലെ മികച്ച യുവതാരനിരയാണ് ഇന്ത്യയുടെ ടി20 ടീമിനൊപ്പമുള്ളത്.

അഫ്ഗാന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം - രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

Story first published: Monday, January 8, 2024, 14:49 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+