IND vs AFG: വേണ്ടത് വെറും 6 റണ്‍സ്, ചരിത്ര നേട്ടത്തിലേക്ക് കോലി! മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്
ബംഗളൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യത്തെ രണ്ട് മത്സരവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും ഇറങ്ങുക. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയായതിനാല്‍ സമ്പൂര്‍ണ്ണ ജയത്തോടെ കരുത്തുകാട്ടേണ്ടത് അത്യാവശ്യമാണ്. ബംഗളൂരുവിലാണ് മത്സരമെന്നതിനാല്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം.
മൂന്നാം ടി20യിലൂടെ ഇന്ത്യയുടെ വിരാട് കോലി വമ്പന്‍ റെക്കോഡ് കുറിക്കാനൊരുങ്ങുകയാണ്. ആറ് റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കെത്താന്‍ കോലിക്കാവും. 35കാരനായ കോലിയുടെ പേരില്‍ നിലവില്‍ 11994 റണ്‍സാണുള്ളത്. 41ന് മുകളില്‍ ശരാശരിയും 133 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. മൂന്നാം ടി20യില്‍ ആറ് റണ്‍സെടുത്ത് അനായാസം കോലി ഈ റെക്കോഡിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.
ബംഗളൂരു കോലിയുടെ തട്ടകമാണ്. ആര്‍സിബിയിലൂടെ കോലിക്ക് ബംഗളൂരുവിലെ പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്. സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്തിയിട്ടുള്ള കോലി വമ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയാവുമെന്നാണ് ആരാധക പ്രതീക്ഷ. വലിയ ഇടവേളക്ക് ശേഷം രണ്ടാം ടി20യിലൂടെയാണ് കോലി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 29 റണ്‍സുമായി കോലി കരുത്തുകാട്ടുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ കോലിയില്‍ നിന്ന് വലിയ പ്രകടനം മൂന്നാം മത്സരത്തില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് എംഎസ് ധോണിയെ മറികടക്കാനുള്ള അവസരവും മുന്നിലുണ്ട്. നിലവില്‍ ഇന്ത്യക്ക് കൂടുതല്‍ ടി20 ജയം നേടിക്കൊടുത്ത നായകനെന്ന റെക്കോഡില്‍ എംഎസ് ധോണിക്കൊപ്പമാണ് രോഹിത് ശര്‍മയുള്ളത്. രണ്ട് പേര്‍ക്കും 41 ജയങ്ങള്‍ വീതമാണുള്ളത്. മൂന്നാം ടി20യിലും ഇന്ത്യ ജയിച്ചാല്‍ രോഹിത്തിന് ധോണിയെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താം.

എന്നാല്‍ ഇന്ത്യയുടെ ജയത്തിലപ്പുറം രോഹിത്തിന് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ആദ്യ രണ്ട് മത്സരത്തിലും രോഹിത് ഡെക്കിനാണ് പുറത്തായത്. ആദ്യ മത്സരത്തില്‍ ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രോഹിത് റണ്ണൗട്ടായത്. രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ടി20 ലോകകപ്പ് സീറ്റ് പ്രതീക്ഷ നിലനിര്‍ത്താന്‍ രോഹിത്തിന് മികവ് കാട്ടേണ്ടതായുണ്ട്.
മൂന്നാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ നടത്തിയേക്കും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മക്ക് പകരം സഞ്ജു സാംസണെത്തിയേക്കും. ആദ്യ രണ്ട് മത്സരത്തിലും സഞ്ജു ബെഞ്ചിലായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് അവസരം പ്രതീക്ഷിക്കുന്നു. പേസ് നിരയില്‍ മുകേഷ് കുമാറിന് ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം ആവേശ് ഖാനെ പരിഗണിക്കാനാണ് സാധ്യത. ആദ്യ രണ്ട് മത്സരത്തിലും ആവേശിന് അവസരമില്ലായിരുന്നു.
സ്പിന്‍ നിരയില്‍ വാഷിങ്ടണ്‍ സുന്ദറിന് ഇന്ത്യ വിശ്രമം നല്‍കി പകരം കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് ആദ്യ രണ്ട് മത്സരവും കളിച്ചിരുന്നില്ല. ബംഗളൂരുവിലാണ് മത്സരമെന്നതിനാല്‍ റണ്ണൊഴുകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ശിവം ദുബെ ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറിയും ഓരോ വിക്കറ്റും നേടിയിരുന്നു.
ഇതേ മികവ് മൂന്നാം മത്സരത്തിലും ആവര്‍ത്തിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പിലേക്ക് സജീവമായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് ദുബെ. എന്നാല്‍ തിലക് വര്‍മ മൂന്നാം മത്സരം കളിക്കാന്‍ സാധ്യതയില്ല. ഇന്ത്യ തിലകിനെ പുറത്തിരുത്താനാണ് സാധ്യത. അഫ്ഗാനിസ്ഥാന്റെ ബാറ്റിങ് പ്രകടനം മോശമല്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ ജയം നേടുക എളുപ്പമാവില്ലെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications