Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: മികച്ച പ്രകടനത്തിന് കാരണം രോഹിത്, ഉപദേശം തുണച്ചു- തുറന്ന് പറഞ്ഞ് ദുബെ

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. അഫ്ഗാന്‍ മുന്നോട്ട് വെച്ച 159 റണ്‍സ് വിജയലക്ഷ്യം 15 പന്തും 6 വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ ഇന്ത്യക്കായി. ശിവം ദുബെയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഒരു വിക്കറ്റും പുറത്താവാതെ 60 റണ്‍സുമാണ് ദുബെ നേടിയത്. മത്സരത്തിലെ താരമായതും ദുബെയാണ്. ഏറെ നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ദുബെ.

എന്നാല്‍ അവസാന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിളി നല്‍കിയത്. തകര്‍പ്പന്‍ പ്രകടനത്തോടെ താരം മിന്നിയതോടെ ടി20 ലോകകപ്പില്‍ സീറ്റ് നേടാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ മികച്ച പ്രകടനത്തിന് നായകന്‍ രോഹിത് ശര്‍മയോട് നന്ദി പറയുകയാണ് ശിവം ദുബെ. രോഹിത്തിന്റെ ഉപദേശമാണ് കരുത്തായതെന്നാണ് ദുബെ പറയുന്നത്.

'നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ട് നാളുകളേറെയായി. അതുകൊണ്ടുതന്നെ അല്‍പ്പം സമ്മര്‍ദ്ദവും എനിക്കുണ്ടായിരുന്നു. എന്നാല്‍ ആത്മവിശ്വാസം വീണ്ടെടുത്ത് കളിക്കാമെന്നാണ് കരുതിയത്. ആദ്യത്തെ മൂന്ന് പന്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിന് ശേഷം അധികം ചിന്തിക്കാതെയാണ് കളിച്ചത്. രോഹിത് ശര്‍മ പറഞ്ഞത് ഞാന്‍ നന്നായി കളിച്ചുവെന്നതാണ്. മത്സരത്തിന് മുമ്പ് രോഹിത് ശര്‍മയുമായി സംസാരിച്ചിരുന്നു. ഇത് എനിക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്.

വരുന്ന മത്സരങ്ങളിലും ഇത് എനിക്ക് ഗുണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്തുകൊണ്ടും എന്റെ പദ്ധതികളെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.'- ദുബെ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ദുബെയുടെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. ഒരു വിക്കറ്റ് നേടിയ ദുബെ 40 പന്തില്‍ 60 റണ്‍സാണ് നേടിയത്. 5 ഫോറും 2 സിക്‌സുമടക്കമാണ് ദുബെ കസറിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ടി20 ലോകകപ്പിലേക്ക് ദുബെയെ പരിഗണിക്കാവുന്നതാണ്.

shivam dube, rinku singh

വലിയ ടീമുകള്‍ക്കെതിരേ വരുമ്പോള്‍ ദുബെയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷി ദുബെക്കുണ്ട്. മികച്ച ഫിറ്റ്‌നസുള്ള താരമാണ് ദുബെ. വലിയ ഷോട്ടുകള്‍ അനായാസം കളിക്കാനുമാവും. സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ടി20 ലോകകപ്പില്‍ കളിപ്പിച്ചാല്‍ താരത്തിന് മികവ് കാട്ടാനാവുമോയെന്നതാണ് ചോദ്യം.

നിലവില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലാണ് ദുബെക്ക് അവസരം ലഭിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവും വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം തിരിച്ചെത്തുന്നതോടെ ദുബെയുടെ ചീട്ടുകീറും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ സ്ഥിരതയോടെ തിളങ്ങാന്‍ ദുബെക്ക് സാധിക്കണം. അഫ്ഗാനെതിരായ വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ ദുബെക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമിലെ സ്ഥാനം തെറിച്ചേക്കും.

ഐപിഎല്ലില്‍ സിഎസ്‌കെയിലേക്കെത്തിയതാണ് ദുബെയുടെ കരിയര്‍ മാറ്റിയത്. നേരത്തെ ആര്‍സിബിക്കായും രാജസ്ഥാന്‍ റോയല്‍സിനായുമെല്ലാം ദുബെ കളിച്ചിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയതോടെ താരത്തിന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇതാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ വഴി തുറന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും അദ്ദേഹം കൂടുതല്‍ സ്ഥിരത കാട്ടാത്ത പക്ഷം ടി20 ലോകകപ്പ് കളിക്കുക പ്രയാസമാവും.

എംഎസ് ധോണിയുടെ കീഴില്‍ ഇത്തവണയും ദുബെ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. മധ്യനിരയില്‍ നിര്‍ണ്ണായക റോളാണ് ദുബെക്കുള്ളത്. ഐപിഎല്ലിലും മികവ് കാട്ടേണ്ടത് ദുബെക്ക് അത്യാവശ്യമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് മികച്ച ബാക്കപ്പ് താരത്തിന്റെ അഭാവം നിലവില്‍ ഇന്ത്യക്കുണ്ട്. ദുബെ നിലവില്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കിയാല്‍ ഈ റോളില്‍ സീറ്റുറപ്പിക്കാന്‍ അദ്ദേഹത്തിനായേക്കും. എന്തായാലും താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഗംഭീരമായിരുന്നുവെന്ന് നിസംശയം പറയാം.

Story first published: Friday, January 12, 2024, 12:44 [IST]
Other articles published on Jan 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+