ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന്റെ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ആദ്യ മത്സരത്തിലും ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. രണ്ടാം ടി20യില്‍ 26 പന്ത് ബാക്കിനിര്‍ത്തിയാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യം മറികടന്നത്.
യശ്വസി ജയ്‌സ്വാളും (68) ശിവം ദുബെയും (63*) നടത്തിയ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഇതില്‍ എടുത്തു പറയേണ്ടത് ശിവം ദുബെയുടെ ഓള്‍റൗണ്ട് പ്രകടനമാണ്. 32 പന്ത് നേരിട്ട് 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ദുബെയുടെ ബാറ്റിങ് വെടിക്കെട്ട്.
ഒരു വിക്കറ്റും ദുബെ സ്വന്തമാക്കി. ഇതോടെ വമ്പനൊരു റെക്കോഡിലേക്കും ദുബെയെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ട് ടി20യില്‍ ഒരു വിക്കറ്റും അര്‍ധ സെഞ്ച്വറി പ്രകടനവും നടത്തുന്ന ആദ്യത്തെ താരമായി ദുബെ മാറിയിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ 40 പന്തില്‍ 60 റണ്‍സ് നേടാനും ദുബെക്കായിരുന്നു. ഒരു വിക്കറ്റും താരം നേടി. രണ്ടാം ടി20യില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ താരം 36 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. ഇക്കോണമി പ്രശ്‌നമാണെങ്കിലും ഇന്ത്യക്ക് ഓള്‍റൗണ്ടറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ദുബെ. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ബാക്കപ്പായി ദുബെയെ ടി20 ലോകകപ്പിലേക്കും പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.
ശിവം ദുബെ മികവ് കാട്ടുന്നതോടെ തിലക് വര്‍മയുടെ ടി20യിലെ ചീട്ടുകീറുകയാണ്. തിലക് മികച്ച സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇടം കൈയന്‍ താരം മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷമുള്ള താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. നന്നായി തുടങ്ങുമെങ്കിലും വലിയ സ്‌കോറിലേക്ക് ഇതിനെ ഉയര്‍ത്താനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ തിലകിനെക്കാള്‍ പ്രാധാന്യം ദുബെക്ക് നല്‍കിയേക്കും.

യുവരാജ് സിങ്ങിനൊപ്പം എലൈറ്റ് ക്ലബ്ബിലേക്കെത്താനും ദുബെക്കായി. ടി20യിലെ റണ്‍ചേസില്‍ പുറത്താവാതെ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്നവരില്‍ ദുബെ യുവിക്കൊപ്പമെത്തി. രണ്ട് പേരും രണ്ട് തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്.
11 തവണ ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോലി തലപ്പത്ത് നില്‍ക്കുമ്പോള്‍ നാല് തവണ ഈ നേട്ടത്തിലെത്തിയ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്താണ്. രോഹിത് ശര്‍മയും ശ്രേയസ് അയ്യരും മൂന്ന് തവണ വീതം ഈ നേട്ടത്തിലേക്കെത്തി മൂന്നാം സ്ഥാനത്തുമുണ്ട്.
ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന യശ്വസി ജയ്‌സ്വാള്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 34 പന്ത് നേരിട്ട് 5 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം കസറിയത്. ഇതോടെ കൂടുതല്‍ തവണ 200 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ 50ലധികം റണ്‍സ് നേടുന്ന താരങ്ങളില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ ജയ്‌സ്വാളിനായി. ഇത് മൂന്നാം തവണയാണ് താരം ഈ നേട്ടത്തിലെത്തുന്നത്.
എട്ട് തവണ ഈ നേട്ടം സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവ് തലപ്പത്ത് നില്‍ക്കുമ്പോള്‍ അഞ്ച് തവണ ഈ നേട്ടത്തിലേക്കെത്തിയ യുവരാജ് സിങ് രണ്ടാം സ്ഥാനത്തേക്കും നാല് തവണ ഈ നേട്ടത്തിലേക്കെത്തിയ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തേക്കുമെത്തി. ജയ്‌സ്വാളിന്റെ വരവോടെ ശുബ്മാന്‍ ഗില്ലിന്റെ ഓപ്പണിങ്ങിലെ സ്ഥാനം ചോദ്യം ഉയര്‍ത്തുകയാണ്.