മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ഇന്ത്യ പ്ലേയിങ് 11ല്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ശുബ്മാന്‍ ഗില്ലിന്റെ പ്ലേയിങ് 11ലെ സ്ഥാനം വലിയ ചോദ്യമുയര്‍ത്തുകയാണ്. സൂപ്പര്‍ ഓപ്പണറാണെങ്കിലും രോഹിത് ശര്‍മയുടെ തിരിച്ചുവരവോടെ ടി20യില്‍ ഗില്ലിന്റെ സ്ഥാനം നഷ്ടമായിരിക്കുകയാണ്. രോഹിത്തിനൊപ്പം യശ്വസി ജയ്‌സ്വാളാണ് ഓപ്പണറാവുന്നത്.
മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കുമ്പോള്‍ ഗില്‍ പുറത്തിരിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ശുബ്മാന്‍ ഗില്‍ അവസരം തുലക്കുകയാണെന്നും പ്രതിഭ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നുമാണ് ബട്ട് വിമര്‍ശിച്ചിരിക്കുന്നത്. 'ശുബ്മാന്‍ ഗില്‍ തന്റെ സ്വന്തം കഴിവിനോട് അനീതി ചെയ്യുകയാണ്. അവസാന കുറച്ച് മത്സരങ്ങളിലെ ശുബ്മാന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.
കഴിവുള്ള താരമാണവന്‍. മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന താരമാണവന്‍. ക്ഷമയോടെ ക്രീസില്‍ നില്‍ക്കാന്‍ സാധിക്കണം. മോശം ഷോട്ട് സെലക്ഷന്‍ ശ്രദ്ധിക്കണം. മികച്ച തുടക്കം ലഭിച്ച ശേഷം അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തരുത്. സ്വാഭാവിക ശൈലിയിലാണ് അവന്‍ കളിക്കേണ്ടത്. അസ്വാഭവികമായ വലിയ കാര്യങ്ങളൊന്നും അവന്‍ ചെയ്യേണ്ടതില്ല. ആദ്യ മത്സരത്തില്‍ യശ്വസി ജയ്‌സ്വാള്‍ കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്തിനൊപ്പം ശുബ്മാന്‍ ഗില്ലാണ് ഓപ്പണറായത്.
രോഹിത് ശര്‍മയെ റണ്ണൗട്ടാക്കിയ ശുബ്മാന്‍ ഗില്‍ 12 പന്തില്‍ 23 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. എന്നാല്‍ രണ്ടാം ടി20യില്‍ കോലിയും ജയ്‌സ്വാളും തിരിച്ചെത്തിയതോടെ ഗില്ലിന്റെ ടീമിലെ സ്ഥാനം നഷ്ടമായി. രണ്ടാം ടി20 കളിച്ച ജയ്‌സ്വാള്‍ 34 പന്തില്‍ 68 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. മൂന്നാം ടി20യിലും രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ത്തന്നെ ഇന്ത്യയുടെ ഓപ്പണറാവാനാണ് സാധ്യത.

ശുബ്മാന്‍ ഗില്ലിന് ടീമിന് പുറത്തിരിക്കേണ്ടി വരികയും ചെയ്യും. ടി20 ലോകകപ്പ് വരാനിരിക്കെ ഗില്‍ ബാക്കപ്പ് ഓപ്പണറായി ഒതുക്കപ്പെടാനുള്ള സാധ്യതയാണുള്ളത്. രോഹിത് ശര്‍മ ടി20 ലോകകപ്പ് കളിച്ചില്ലെങ്കില്‍ ശുബ്മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും. എന്നാല്‍ രോഹിത് ശര്‍മ കളിച്ചാല്‍ ഗില്ലിന് പ്ലേയിങ് 11ല്‍ ഇടം നേടുക പ്രയാസമായിരിക്കുമെന്ന് പറയാം. ഏകദിനത്തിലും ടെസ്റ്റിലും ഗില്ലിന് കാര്യങ്ങള്‍ കടുപ്പമാവുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ജയ്‌സ്വാളിന് ഓപ്പണറെന്ന നിലയില്‍ മുഖ്യ പരിഗണന നല്‍കുന്നു.
ടെസ്റ്റില്‍ നിലവില്‍ മൂന്നാം നമ്പറിലാണ് ശുബ്മാന്‍ ഗില്‍ കളിക്കുന്നത്. ചേതേശ്വര്‍ പുജാരയുടെ പകരക്കാരനായി ഇറങ്ങുന്ന ഗില്ലിന് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതേ പ്രകടനം തുടര്‍ന്നാല്‍ ഗില്ലിന് ടീമില്‍ സീറ്റ് നേടുക പ്രയാസമായിരിക്കും. ഓരോ സീസണിന് ശേഷവും മികച്ച യുവതാരങ്ങള്‍ പ്രകടന മികവ് കാട്ടി ഉയര്‍ന്നുവരുന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ സീറ്റ് നേടുക എളുപ്പമല്ല. ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിട്ട് റുതുരാജ് ഗെയ്ക് വാദും ഇഷാന്‍ കിഷനും കാത്തിരിക്കുന്നു.
അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളില്‍ സ്ഥിരതയോടെ കളിക്കേണ്ടത് ഗില്ലിനെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം അടുത്ത വിരാട് കോലിയെന്ന വിശേഷണത്തില്‍ നിന്ന് ടീമില്‍ സ്ഥാനം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് ഗില്‍ എത്തിപ്പെട്ടേക്കും. അടുത്ത ഐപിഎല്‍ ശുബ്മാന്‍ ഗില്ലിന് വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ശുബ്മാന്‍ ഗില്‍.
ടീമിനെ മുന്നില്‍ നിന്ന് നയിക്കാനാവാത്ത പക്ഷം വലിയ തിരിച്ചടി താരത്തിന് നേരിടേണ്ടി വന്നേക്കും. അരങ്ങേറ്റ സീസണില്‍ കപ്പടിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാവുകയും ചെയ്ത ഗുജറാത്തിന്റെ നായകനാവുകയെന്നത് ഗില്ലിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.