ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം രോഹിത് ശര്‍മ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഫ്ഗാനിസ്താനുമായുള്ള ആദ്യ ടി20യില്‍ മിന്നുന്ന വിജയവുമായി അദ്ദേഹം ഇതു ആഘോഷിക്കുകയും ചെയ്തു. ആറു വിക്കറ്റിനാണ് രോഹിത്തിനു കീഴില്‍ ടീം ഇന്ത്യ ജയിച്ചുകയറിയത്. ബാറ്റിങില്‍ അദ്ദേഹത്തിനു ഡെക്കായി മടങ്ങേണ്ടി വന്നെങ്കിലും ക്യാപ്റ്റന്‍സിയില്‍ പതിവുപോലെ മികച്ചു നില്‍ക്കുകയും ചെയ്തിരുന്നു.
ഈ കളിയില്‍ രോഹിത്തിന്റെ ഒരു അപ്രതീക്ഷിത തീരുമാനം കണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ആരാധകര്‍ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനാഗ്രഹിച്ച ഹാര്‍ദിക്കിനു ആദ്യത്തെ തിരിച്ചടി രോഹിത് നല്‍കിയത് ടി20 ഫോര്‍മാറ്റിലേക്കുള്ള സര്‍പ്രൈസ് തിരിച്ചുവരവിലൂടെയാണ്. ടി20 ലോകകപ്പിലും അദ്ദേഹം ടീമിനെ നയിക്കുമെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

പക്ഷെ ഇതുകൊണ്ടും ഹിറ്റ്മാന്‍ നിര്‍ത്താന്‍ പോവുന്നില്ലെന്നാണ് സൂചനകള്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു അത്ര പെട്ടെന്നു വാക്കോവര്‍ നടത്താന്‍ ഹാര്‍ദിക്കിനെ രോഹിത് അനുവദിച്ചേക്കില്ല. അതിനു വേണ്ടിയുള്ള കരുക്കള്‍ ഹിറ്റ്മാന്‍ നീക്കിത്തുടങ്ങിയെന്നു ആദ്യ ടി20 കാണിച്ചു തരുന്നു.
തന്നെക്കൂടാതെ കഴിവുറ്റ ഒരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇന്ത്യക്കു ഇപ്പോൾ ഇല്ലെന്നതാണ് ഹാര്‍ദിക്കിന്റെ ഏറ്റവും വലിയ ആനുകൂല്യം. ഈ കാരണത്താല്‍ തന്നെ ഫോമില്ലെങ്കിലും വളരെ അനായാസം പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റാനും താരത്തിനു കഴിയാറുണ്ട്. ഇതിനിടെ ചില താരങ്ങള്‍ ഈ റോളില്‍ പരീക്ഷിക്കപ്പെട്ടെങ്കിലും നീതി പുലര്‍ത്താനായില്ല.
ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ഈ ഏകാധിപത്യം താന്‍ വിരമിക്കുന്നതിനു മുമ്പ് തകര്‍ക്കാന്‍ തന്നെയാണ് രോഹിത്തിന്റെ ശ്രമം. ഇതിന്റെ ആദ്യ പടിയായാണ് വമ്പനടിക്കാരനായ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെയുടെ പ്ലെയിങ് ഇലവനിലേക്കുള്ള മടക്കി വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് ദുബെയെ നേരത്തേ ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ഈ പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും ദുബെയ്ക്കു അവസരം കിട്ടിയില്ല. എന്നാല്‍ ഇപ്പോള്‍ രോഹിത് ക്യാപ്റ്റനായി മടങ്ങിയെത്തിയ ആദ്യ ടി20യില്‍ തന്നെ ദുബെയുടെ സമയവും തെളിഞ്ഞിരിക്കുകയാണ്. മാച്ച് വിന്നിങ് പ്രകടനവുമായി അദ്ദേഹം ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തു.
ആദ്യം ബൗളിങില്‍ രണ്ടോവര്‍ ബൗള്‍ ചെയ്ത ദുബെ ഒമ്പതു റണ്‍സിനു ഒരു വിക്കറ്റെടുത്തിരുന്നു. പിന്നിട് റണ്‍ചേസില്‍ അപരാജിത ഫിഫ്റ്റിയുമായി ടീമിന്റെ ഹീറോയാവുകയും ചെയ്തു. നാലാം നമ്പറില്‍ ഇറങ്ങിയ ദുബെ 40 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 60 റണ്‍സാണ് അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ദുബെയെ തേടിയെത്തി. ഹാര്‍ദിക്കിന്റെ ബാക്കപ്പായി രോഹിത് ലക്ഷ്യമിടുന്നത് ദുബെയെ തന്നെയാണെന്നു ഈ നീക്കത്തില്‍ നിന്നും വ്യക്തമാണ്.
പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ദുബെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ഇവയിലും മിന്നുന്ന പ്രകടനം നടത്തിയാല്‍ അതു ഹാര്‍ദിക്കിനു വലിയ വെല്ലുവിളിയായി തീരും. കാരണം സമീപകാലത്തൊന്നും ഹാര്‍ദിക്കില്‍ നിന്നും മാച്ച് വിന്നിങ് പ്രകടനങ്ങളൊന്നും കണ്ടിട്ടില്ല.
മാത്രമല്ല ഇടയ്ക്കിടെയുള്ള പരിക്കുകളും താരത്തിന്റെ പോരായ്മയാണ്. ദുബെയെ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വന്നാല്‍ അതു ഹാര്‍ദിക്കിന്റെ സ്ഥാനം പോലും അവതാളത്തിലാക്കും. ടി20 ലോകകപ്പ് വരാനിരിക്കെ ഹാര്‍ദിക്കിനെ കുഴപ്പത്തിലാക്കാനുള്ള രോഹിത്തിന്റെ മാസ്റ്റര്‍ പ്ലാനെന്നാണ് ദുബെയ്ക്കു നല്‍കുന്ന പിന്തുണയെ പലരും ചൂണ്ടിക്കാട്ടുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു നിന്നും തന്നെ പുറത്താക്കി ഹാര്‍ദിക്കിനെ അടുത്ത സീസണിലേക്കുള്ള ക്യാപ്റ്റനാക്കിയതു മുതല്‍ രോഹിത് ഫ്രാഞ്ചൈസിയോടു ഉടക്കിയ മട്ടാണ്. അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ ഇതേക്കുറിച്ചു സൂചന നല്‍കിക്കഴിഞ്ഞു.
രോഹിത്തിനെ നായകസ്ഥാനത്തു നിന്നു നീക്കിയതില്‍ ഹാര്‍ദിക്കിനു വ്യക്തമായ പങ്കുമുണ്ട്. കാരണം ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈയിലേക്കു മടങ്ങിവരണമെങ്കില്‍ രോഹിത്തിനെ നീക്കി തനിക്കു നായകസ്ഥാനം നല്‍കണമെന്നതായിരുന്നു ഹാര്‍ദിക്കിന്റെ പ്രധാന ഡിമാന്റ്.
ഈ കാരണത്താല്‍ തന്നെയാണ് ആരാധകരെ മുഴുവന്‍ ചൊടിപ്പിച്ചുകൊണ്ട് രോഹിത്തിനെ പുറത്താക്കാന്‍ മുംബൈ ടീം മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കുകയും ചെയ്തത്. മുംബൈ ടീമിനു മേലുള്ള നിയന്ത്രണം നഷ്ടമായെങ്കിലും ഇന്ത്യന്‍ ടി20 ടീമിലെ നിയന്ത്രണം തിരിച്ചുപിടിച്ച രോഹിത് ഹാര്‍ദിക്കിനോടു കണക്കുതീര്‍ക്കാന്‍ തന്നെയാണ് കച്ചുമുറുക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും ആരാധകര്‍ ഉറപ്പിക്കുകയാണ്.