മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. അഫ്ഗാന്‍ മുന്നോട്ട് വെച്ച 159 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ബാക്കിയാക്കിയാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 നായകനായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ ഗംഭീര ജയം നേടാനായി എന്നതാണ് എടുത്തു പറയേണ്ടത്.
മത്സരത്തിനിടെ ഇന്ത്യയുടെ പേസര്‍ മുകേഷ് കുമാറിന്റെ തലക്കിട്ട് രോഹിത് ശര്‍മ തല്ലുന്ന വീഡിയോ വൈറലാവുകയാണ്. തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളെറിയുകയും ഒരു പന്ത് ബൗണ്ടറി പോവുകയും ചെയ്തതിന് പിന്നാലെയാണ് രോഹിത് തമാശക്ക് മുകേഷിന്റെ തലക്കിട്ട് തല്ലിയത്. ഫീല്‍ഡ് വിന്യാസം നോക്കി പന്തെറിയാന്‍ രോഹിത് ചിരിച്ചുകൊണ്ട് മുകേഷിനോട് പറയുകയും ചെയ്തു. മുകേഷും ചിരിച്ചുകൊണ്ടാണ് ഇതിന് മറുപടി നല്‍കിയത്.
ഇന്ത്യ ജയിച്ചെങ്കിലും രോഹിത്തിനെ സംബന്ധിച്ച് വലിയ നിരാശയാണുള്ളത്. നായകനെന്ന നിലയില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാനായെങ്കിലും ഡെക്കിനാണ് രോഹിത് പുറത്തായത്. നേരിട്ട രണ്ടാം പന്തില്‍ റണ്ണിനായി ശ്രമിക്കവെ റണ്ണൗട്ടായാണ് രോഹിത് പുറത്തായത്. ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പമാണ് രോഹിത്തിനെ റണ്ണൗട്ടാക്കിയത്. ഇതിന്റെ ദേഷ്യം മൈതാനത്ത് വെച്ചുതന്നെ രോഹിത് ശുബ്മാനോട് കാട്ടുകയും ചെയ്യും.
രോഹിത് ശര്‍മ ശുബ്മാനോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ നായകസ്ഥാനത്തേക്ക് രോഹിത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് സംഭവിക്കാന്‍ രോഹിത് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഒന്നാം മത്സരത്തില്‍ രോഹിത് ഡെക്കായി. ശേഷിക്കുന്ന രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് രോഹിത്തിന് ഗംഭീര തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

ഇന്ത്യയുടെ യുവതാരങ്ങള്‍ മികവ് കാട്ടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. തിലക് വര്‍മ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് തിലക്. എന്നാല്‍ ഇന്ത്യ തിലകിനെ ബാറ്റിങ്ങില്‍ മാത്രമാണ് പരിഗണിക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ തിലകിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടത്തേണ്ടതായുണ്ട്. വിക്കറ്റ് കീപ്പര്‍ റോളിലെ ജിതേഷ് ശര്‍മയുടെ പ്രകടനം ഗംഭീരമാണ്. ഇഷാന്‍ കിഷനും സഞ്ജു സാംസണിനും വലിയ ഭീഷണിയായി ജിതേഷ് മാറിക്കഴിഞ്ഞു.
നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള താരമാണ് ജിതേഷ്. ഒന്നാം ടി20യില്‍ 20 പന്തില്‍ 31 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ജിതേഷിനായി. റിങ്കു സിങ് ഫിനിഷര്‍ റോളില്‍ സ്ഥിരത കാട്ടുന്നു. എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച വിശ്വസ്തനായ ഫിനിഷറായി റിങ്കു മാറിയിരിക്കുകയാണ്. അതിവേഗത്തില്‍ റണ്‍സുയത്താന്‍ ശേഷിയുള്ള റിങ്കു ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്.
എന്നാല്‍ ശിവം ദുബെ ഫോമിലേക്കെത്തിയതോടെ ഇന്ത്യ പ്ലേയിങ് 11ലേക്ക് എങ്ങനെ താരത്തെ പരിഗണിക്കുമെന്നതാണ് ആശയക്കുഴപ്പം. നാലാം നമ്പറില്‍ കളിച്ചാണ് ദുബെ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ മാച്ച് വിന്നറായത്. ഒരു വിക്കറ്റ് നേടിയ താരം 40 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 60 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നതോടെ നാലാം നമ്പറില്‍ നിന്ന് ദുബെക്ക് മാറിക്കൊടുക്കേണ്ടി വരും.
ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനം അദ്ദേഹത്തിന് ലഭിക്കും. അതുകൊണ്ടുതന്നെ ദുബെ എവിടെ കളിക്കുമെന്നതാണ് പ്രശ്‌നം. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ ടീം ഘടനയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അഫ്ഗാന്‍ പരമ്പര ഇന്ത്യ കരുത്ത് പരീക്ഷിക്കാനുള്ള അവസരമായാണ് കാണുന്നത്. രണ്ടാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമെന്നുറപ്പാണ്.